News

തിരുസഭ പ്രബോധനങ്ങള്‍ക്കു വിരുദ്ധമായ ജർമ്മൻ മെത്രാന്മാരുടെ നിലപാടിനെതിരെ മുന്നറിയിപ്പുമായി കർദ്ദിനാൾ പെൽ

പ്രവാചക ശബ്ദം 05-05-2021 - Wednesday

മ്യൂണിച്ച്: കത്തോലിക്ക പ്രബോധനങ്ങള്‍ മുറുകെപ്പിടിക്കുക എന്നതാണ് ജർമ്മൻ മെത്രാന്മാരുടെ ചുമതലയെന്ന് ഓസ്ട്രേലിയൻ കർദ്ദിനാൾ ജോര്‍ജ്ജ് പെൽ. കത്തോലിക്ക പഠനങ്ങൾക്കെതിരെയുള്ള അവരുടെ എതിർപ്പ് അശുഭസൂചകമായ കാര്യമാണെന്ന് ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. മെയ് പത്താം തീയതി സ്വവർഗ്ഗ ബന്ധങ്ങൾ ആശീര്‍വ്വദിക്കാന്‍ വേണ്ടി 'ലവ് വിൻസ്, ബ്ലസിംഗ് സർവീസ് ഫോർ ലൗവേഴ്സ്' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുമെന്ന് ജർമനിയിലെ അഞ്ഞൂറ്റിഅന്‍പതോളം വൈദികർ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വവര്‍ഗ്ഗബന്ധങ്ങള്‍ക്ക് അനുകൂലമായ നിലപാട് ചില ജര്‍മ്മന്‍ മെത്രാന്മാര്‍ സ്വീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കർദ്ദിനാൾ ജോർജ് പെൽ ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

കർദ്ദിനാൾ പെൽ വ്യാജ ബാലപീഡന കുറ്റത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ടപ്പോൾ ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കാനാണ് അഭിമുഖം സംഘടിപ്പിച്ചിരുന്നത് എങ്കിലും സഭയിലെ പ്രശ്നങ്ങളെപ്പറ്റിയും അദ്ദേഹം വാചാലനാകുകയായിരിന്നു. വിവിധ വിഷയങ്ങളെപ്പറ്റി രണ്ടു വീക്ഷണങ്ങൾ ഉണ്ട്- ഒരു വീക്ഷണം ബൈബിൾ, കത്തോലിക്കാ സഭയുടെ പ്രബോധനം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. മറ്റൊരു വീക്ഷണം ബൈബിൾ വചനങ്ങളുടെ ആധുനിക വ്യാഖ്യാനങ്ങളിൽ നിന്നും രൂപം കൊള്ളുന്നവയാണ്. ജർമനിയിലെ കത്തോലിക്കാ സഭയിലെ അംഗങ്ങളായുള്ള ഏതാനും ആളുകൾ തെറ്റായ മാർഗത്തിലൂടെയാണ് നടന്നു നീങ്ങുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലിബറൽ ക്രൈസ്തവ വിശ്വാസം- അത് ലിബറൽ പ്രൊട്ടസ്റ്റൻറ് വിശ്വാസമാണെങ്കിലും ലിബറൽ കത്തോലിക്കാ വിശ്വാസമാണെങ്കിലും ഒരു തലമുറക്കിടയിൽ അജ്ഞേയതാവാദത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അടുത്തിടെ സ്വവർഗ്ഗ ബന്ധങ്ങൾ സഭയ്ക്ക് അനുഗ്രഹിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന്, സാധിക്കില്ല എന്ന ഉത്തരം വത്തിക്കാന്റെ വിശ്വാസ തിരുസംഘം നൽകിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ജർമനിയിൽ നടന്നത്. ജർമൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ജോർജ് ബാറ്റ്സിംഗ് അടക്കമുള്ള മെത്രാന്മാരും, നിരവധി വൈദികരും വത്തിക്കാൻ പ്രഖ്യാപനത്തെ വിമർശിച്ച് രംഗത്ത് വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് കർദ്ദിനാൾ ജോർജ് പെല്ല് തന്റെ ആശങ്ക പങ്കുവെച്ചത്. മെത്രാന്മാർ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളുടെ സംരക്ഷകരാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ആർക്കും സഭയുടെ പ്രബോധനം മാറ്റാനുള്ള അധികാരമില്ല. ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ലെങ്കിലും സത്യം പ്രഘോഷിക്കാൻ വേണ്ടിയാണ് ഓരോ മെത്രാനും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് കർദ്ദിനാൾ പറഞ്ഞു. ജർമനിയിലെ സഭ വത്തിക്കാനുമായുളള ഐക്യം നിലനിർത്തുമെന്ന പ്രതീക്ഷയും കർദ്ദിനാൾ പെൽ പ്രകടിപ്പിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »