News - 2025
മെൽബൺ രൂപതയുടെ അധികാരപരിധി ഓഷ്യാനിയ മുഴുവനിലേയ്ക്കും വ്യാപിച്ചു
പ്രവാചക ശബ്ദം 06-05-2021 - Thursday
മെൽബൺ/കാക്കനാട്: സീറോമലബാർ സഭയിലെ മെൽബൺ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ അധികാരപരിധി ഓഷ്യാനിയ ഭൂഖണ്ഡം മുഴുവനിലേയ്ക്കും വ്യാപിപ്പിച്ചുകൊണ്ടു ഫ്രാൻസിസ് മാർപാപ്പ ഉത്തരവായി. 2021 മാർച്ച് 21ന് പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രീഫെക്റ്റ് കർദിനാൾ ലെയനാർദോ സാന്ദ്രിക്ക് അനുവദിച്ച കൂടിക്കാഴ്ചയിലാണു മാർപാപ്പയുടെ തീരുമാനം. ഇതു സംബന്ധിച്ച ഔദ്യോഗിക ഡിക്രി അന്നേദിവസം തന്നെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം പുറപ്പെടുവിക്കുകയും ചെയ്തു. ഇക്കാര്യത്തെക്കുറിച്ചുള്ള അറിയിപ്പു സീറോമലാബാർസഭയുടെ ആസ്ഥാനകാര്യാലയത്തിലും മെൽബൺ രൂപതാകേന്ദ്രത്തിലും ലഭിച്ചു.
ആസ്ട്രേലിയായിലെ സീറോമലബാർ വിശ്വാസികൾക്കുവേണ്ടി 2013 ഡിസംബർ 23 നാണു മെൽബൺ സെന്റ് തോമസ് രൂപത സ്ഥാപിതമായത്. സീറോമലബാർസഭയുടെ അന്നത്തെ കൂരിയാ ബിഷപ് മാർ ബോസ്കോ പുത്തൂരിനെ പുതിയ രൂപതയുടെ പ്രഥമ മെത്രാനായി പരിശുദ്ധ സിംഹാസനം നിയമിക്കുകയും ചെയ്തു. സമീപരാജ്യമായ ന്യൂസിലാണ്ടിലെ സീറോമലബാർ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്റർ എന്ന നിലയിലും മാർ ബോസ്കോ പുത്തൂർ സേവനം ചെയ്തുവരികയായിരുന്നു. ഓഷ്യാനിയൻ രാജ്യങ്ങളിലെ മുഴുവൻ സീറോമലബാർ വിശ്വാസികൾക്കും തനതായ അജപാലനസംവിധാനമുണ്ടാകണമെന്നു സീറോമലബാർസഭാ മെത്രാൻ സിനഡ് പരിശുദ്ധ സിംഹാസനത്തോട് അഭ്യർത്ഥിച്ചിരുന്നു. സിനഡിന്റെ അഭ്യർത്ഥന പരിഗണിച്ചും ഓഷ്യാനിയൻ രാജ്യങ്ങളിലെ ബന്ധപ്പെട്ട ബിഷപ്സ് കോൺഫറൻസുകളുടെ അഭിപ്രായം കണക്കിലെടുത്തുമാണ് മെൽബൺ രൂപതയുടെ അതിർത്തി വിപുലീകരിച്ചുകൊണ്ടു പരിശുദ്ധ സിംഹാസനം കൽപ്പന പുറപ്പെടുവിച്ചിരിക്കുന്നത്.
മെൽബൺ രൂപതയുടെ അതിർത്തി വിപുലീകരണത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സംതൃപ്തി പ്രകടിപ്പിച്ചു. ആസ്ട്രേലിയായിൽ മാത്രമൊതുങ്ങിനിന്നിരുന്ന അധികാരപരിധി ഓഷ്യാനിയ ഭൂഖണ്ഡം മുഴുവനിലേയ്ക്കും വ്യാപിപ്പിച്ചതു മെൽബൺ രൂപതയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്നു കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു. പരിശുദ്ധ പിതാവിനോടും പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലെയനാർദോ സാന്ദ്രിയോടും അദ്ദേഹം സീറോമലബാർസഭയുടെ കൃതജ്ഞത അറിയിച്ചു. മെൽബൺ രൂപതാദ്ധ്യക്ഷൻ മാർ ബോസ്കോ പുത്തൂരിനെ ഫോണിൽ വിളിച്ചു സന്തോഷമറിയിച്ച മേജർ ആർച്ച്ബിഷപ് അതിർത്തി വിപുലീകരണം വഴി പരിശുദ്ധ സിംഹാസനം ഏൽപ്പിച്ച വർദ്ധിച്ച ഉത്തരവാദിത്വം ഫലപ്രദമായി നിർവഹിക്കുവാൻ മെൽബൺ രൂപതയ്ക്കു സാധിക്കട്ടെയെന്നും ആശംസിച്ചു.