India - 2025

മാര്‍ ക്രിസോസ്റ്റോമിന് കണ്ണീരോടെ വിട

07-05-2021 - Friday

തിരുവല്ല: ആയിരങ്ങളുടെ മനസില്‍ മറക്കാനാകാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച മാര്‍ ക്രിസോസ്റ്റോമിന് വിശ്വാസി സമൂഹം വിടചൊല്ലി. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്തയുടെ മൃതശരീരം സഭാ ആസ്ഥാനമായ പുലാത്തീന്‍ വളപ്പിലെ സെന്റ് തോമസ് പള്ളിയോടു ചേര്‍ന്ന പ്രത്യേക കബറിടത്തിലാണ് അടക്കം ചെയ്തത്. മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. പദ്മഭൂഷണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റമിനെ പൂര്‍ണ സംസ്ഥാന ബഹുമതികള്‍ നല്‍കിയാണ് യാത്രയാക്കിയത്.

സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവടക്കം അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. വലിയ ഇടയന്‍ വിടചൊല്ലുന്‌പോള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരുടെ കണ്ഠമിടറി, കണ്ണുകള്‍ ഈറനണിഞ്ഞു. മൃതശരീരം രണ്ടുദിവസം പൊതുദര്‍ശനത്തിനുവച്ച അലക്‌സാണ്ടര്‍ മാര്‍ത്തോമ്മ ഓഡിറ്റോറിയത്തില്ത്ത്ന്നെ തയാറാക്കിയ താത്കാലിക മദ്ബഹായിലെ വിടവാങ്ങല്‍ ശുശ്രൂഷയ്ക്കും ഔദ്യോഗിക ബഹുമതികള്‍ക്കുംശേഷം വിലാപയാത്രയായാണ് സെന്റ് തോമസ് ദേവാലയ അങ്കണത്തിലൂടെ കബറില്‍ എത്തിച്ചത്.