News - 2025

ഈസ്റ്റര്‍ അവഗണിച്ചു: ഈജിപ്ഷ്യന്‍ ഭരണകൂട നിലപാടില്‍ നിരാശ പ്രകടിപ്പിച്ച് ക്രൈസ്തവര്‍

പ്രവാചക ശബ്ദം 09-05-2021 - Sunday

കെയ്റോ: കര്‍ത്താവിന്റെ പുനരുത്ഥാന തിരുനാള്‍ സര്‍ക്കാര്‍ അവഗണിച്ചതില്‍ നിരാശ പ്രകടിപ്പിച്ച് ഈജിപ്ഷ്യന്‍ ക്രൈസ്തവര്‍. മെയ് രണ്ടിനാണ് കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ ഈസ്റ്റര്‍ കൊണ്ടാടിയത്. എന്നാല്‍ ഇതേ ദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടക്കം അവധിയായിരിക്കില്ലെന്ന ഈജിപ്ത്യന്‍ പ്രധാനമന്ത്രി മുസ്തഫ മാഡ്ബൗലിയുടെ പ്രസ്താവനയാണ് കോപ്റ്റിക് ക്രിസ്ത്യന്‍ സമൂഹത്തെ നിരാശയിലാഴ്ത്തിയത്. തൊഴിലാളി ദിനമായ മെയ് ഒന്നിന് അവധി നല്‍കിയ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്ന മെയ് രണ്ടിലെ ഔദ്യോഗിക അവധി ഒഴിവാക്കുകയായിരിന്നു. ജനസംഖ്യയുടെ പത്തു ശതമാനം വരുന്ന ക്രൈസ്തവരുടെ പ്രധാന ആഘോഷത്തിന് ഔദ്യോഗിക അവധി നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും, രാഷ്ട്രീയക്കാരും രംഗത്തെത്തിയിട്ടുണ്ട്.

അവധി ദിവസങ്ങളുടെ കാര്യത്തിലായാല്‍പ്പോലും മതമോ, വിശ്വാസമോ കണക്കിലെടുക്കാതെ എല്ലാ പൗരന്‍മാര്‍ക്കും തുല്യ സമത്വം എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം രാഷ്ട്രത്തിന്റെ പൗരത്വമെന്ന്‍ ഈജിപ്ഷ്യന്‍ ഇനീഷ്യെറ്റീവ് ഓഫ് പെഴ്സണല്‍ റൈറ്റ്സിലെ കോപ്റ്റിക് അഫയേഴ്സ് വിഭാഗം ഗവേഷകനായ ഇഷാക്ക് ഇബ്രാഹിം പറഞ്ഞു. ഔദ്യോഗിക പദവിയിലിരിക്കുന്ന മതവാദികളുടെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ അംഗീകരിക്കുന്നതിലുള്ള ഭയവും, വിമുഖതയുമാണ് ഈ നടപടി സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യേശു ക്രിസ്തു കുരിശുമരണം വരിച്ചിട്ടില്ലെന്ന ഖുറാന്‍ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്ലാം യേശുവിന്റെ പുനരുത്ഥാനത്തെ അംഗീകരിക്കുന്നില്ലെന്ന കാര്യവും കണക്കിലെടുത്താണ് നടപടിയെന്ന് മതന്യൂനപക്ഷങ്ങളുടെ വിഷയങ്ങളില്‍ ഇടപെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ പേരു വെളിപ്പെടുത്താത്ത ഒരു അഭിഭാഷകന്‍ പറഞ്ഞു. നടപടിയ്ക്കെതിരെ സ്റ്റേറ്റ് കൗണ്‍സിലില്‍ പരാതി നല്‍കുവാന്‍ തങ്ങളുടെ സംഘടന ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീങ്ങളും അംഗീകരിക്കുന്ന ക്രിസ്തുമസ്സിന് ദേശീയ അവധി നല്‍കുമ്പോള്‍ മുസ്ലീങ്ങള്‍ അംഗീകരിക്കാത്ത ഈസ്റ്ററിന് അവധി നല്‍കാത്തത് സര്‍ക്കാരിന്റെ ഭൂരിപക്ഷ പ്രീണനത്തിന്റെ തെളിവാണെന്നും ഇദ്ദേഹം 'അല്‍-മോണിറ്ററി’ന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. നിയമത്തിന് മുന്നില്‍ പൗരന്‍മാര്‍ എല്ലാവരും തുല്യരാണെന്നും, തുല്യ അവകാശങ്ങളും കടമകളും ഉണ്ടെന്നും, മതത്തിന്റേയോ, ലിംഗത്തിന്റേയോ, ജന്മത്തിന്റേയോ, നിറത്തിന്റേയോ, ഭാഷയുടേയോ, വൈകല്യത്തിന്റേയോ, സാമൂഹ്യ പദവിയുടേയോ, രാഷ്ട്രീയപരമോ-ഭൂമിശാസ്ത്രപരമോ അല്ലെങ്കില്‍ മറ്റേതൊരു കാരണങ്ങളുടെ അടിസ്ഥാനത്തിലുള്ള യാതൊരു വിവേചനവും പാടില്ലെന്നാണ് ഈജിപ്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 53-ല്‍ പറയുന്നത്. എന്നാല്‍ രാജ്യത്തെ ക്രൈസ്തവര്‍ വലിയ തോതില്‍ വിവേചനം നേരിടുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »