News - 2025
ഫാ. ജോൺ തെക്കേക്കര ബാംഗ്ലൂർ സെൻ്റ് ജോൺസ് അസോസിയേറ്റ് ഡയറക്ടർ
പ്രവാചക ശബ്ദം 11-05-2021 - Tuesday
ബാംഗ്ലൂർ സെൻ്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസിൻ്റെ അസോസിയേറ്റ് ഡയറക്ടർ ആയി ചങ്ങനാശേരി അതിരൂപതാംഗമായ റവ.ഡോ.ജോൺ തെക്കേക്കരയെ സിബിസിഐ നിയമിച്ചു. ആയിരത്തഞ്ഞൂറിലധികം കിടക്കകളും അത്യാധുനിക സംവിധാനങ്ങളുമുള്ള ആശുപത്രിയുടെയും മെഡിക്കൽ കോളേജിൻ്റെ ചുമതലയാണ് കോവിഡിൻ്റെ അടിയന്തര പശ്ചാത്തലത്തിൽ ഫാ. ജോൺ ഏറ്റെടുക്കുന്നത്. സി ബിസിഐയുടെ നേരിട്ടുള്ള നിയന്ത്രണത്താലാണ് ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നത്.
ചങ്ങനാശേരി ഇത്തിത്താനം ഇടവക തെക്കേക്കര വർഗീസ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനായി ജനിച്ച ഫാ.ജോൺ 1997ൽ മാർ ജോസഫ് പൗവത്തിൽ പിതാവിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. വിവിധ ഇടവകകളിലും യുവദീപ്തി അതിരൂപതാ ഡയറക്ടർ, ചെത്തിപ്പുഴ സെൻ്റ് തോമസ് ഹോസ്പിറ്റൽ അസി.ഡയറക്ടർ, തുടങ്ങി വിവിധ നിലകളിൽ സേവനം അനുഷ്ഠിച്ചു. ഹെൽത്ത് സിസ്റ്റംസ് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ബാംഗ്ലൂർ സെൻ്റ് ജോൺസിൽ തന്നെ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ ഹെഡ് ആയി സേവനം അനുഷ്ഠിച്ചു വരവേയാണ് പുതിയ നിയമനം.