Seasonal Reflections - 2025
ജോസഫ് - നേഴ്സുമാരുടെ സംരക്ഷകൻ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ് / പ്രവാചകശബ്ദം 14-05-2021 - Friday
മെയ് മാസം പന്ത്രണ്ടാം തീയതി അന്താരാഷ്ട്ര നേഴ്സസ് ദിനമായിരുന്നല്ലോ. കാരുണ്യവും കരുതലും ദയാവായ്പും കൊണ്ട് ലോകത്തിന്റെ ദുഃഖം ഒപ്പിയെടുക്കുന്ന അവർക്കു കൊടുക്കാവുന്ന ഏറ്റവും മഹത്തരമായ വിളിപ്പേരാണ് ഭൂമിയിലെ മാലാഖമാർ എന്നത്. ഏറ്റവും പ്രിയപ്പെട്ടരുടെ പോലും സാമീപ്യമില്ലാതെ ഒറ്റയ്ക്കു ജീവിത പ്രതിസന്ധികളെ നേരിടുവാൻ മനുഷ്യൻ വിധിക്കപ്പെടുമ്പോൾ തുണയും താങ്ങും ആകുന്നത് ഭൂമിയിലെ ചിറകില്ലാത്ത മാലാഖമാരാണ്. സ്വ ജീവൻ മറന്ന് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി ഭൂമിയിലൂടെ പറന്നു നടക്കുന്ന ദൈവദൂതന്മാരാണവർ. ജോസഫ് ചിന്തകളിലെ ഇന്നത്തെ വിഷയം നേഴ്സുമാരുടെ സംരക്ഷകനായ യൗസേപ്പിതാവാണ്.
ദൈവപുത്രനെയും അവന്റെ അമ്മയെയും പരിചരിച്ച മെയിൽ നേഴ്സായിരുന്നു വിശുദ്ധ യൗസേപ്പിതാവ്. മറിയത്തിന്റെ പ്രസവാനന്തര ശുശ്രൂഷ നടത്തിയത് യൗസേപ്പിതാവിയിരിന്നിരിക്കണം. ഹേറോദോസിന്റെ ഭീഷണി നിമിത്തം ഈജിപ്തിലേക്കു പലായനം ചെയ്യാൻ നിർബദ്ധിതനായപ്പോൾ സ്വജീവൻ മറന്നു കൊണ്ട് മരണത്തിന്റെ നിഴൽ വീണ താഴ്‌വരകളിൽ ഉണ്ണിയേശുവിനെയും മറിയത്തെയും സംരക്ഷിച്ച യൗസേപ്പിതാവ് ഭൂമിയിലെ ചിറകുകളില്ലാത്ത ഒരു മാലാഖയായിരുന്നു.
മനുഷ്യൻ ഏറ്റവും നിസ്സഹായകനാവുന്ന സന്ദർഭങ്ങളിൽ സ്നേഹത്തിനു പോലും കടന്നെത്താനാവാത്ത ഇടങ്ങളിൽ കാരുണ്യവും കരുതലും ദയാവായ്പുംകൊണ്ട് ലോകത്തിന്റെ മുറിവുണക്കുന്ന നേഴ്സുമാരുടെ മദ്ധ്യസ്ഥനാണ് യൗസേപ്പിതാവ്. വേദനിക്കുന്ന മനുഷ്യർക്കു
സാന്ത്വനമേകാൻ യൗസേപ്പിതാവിനു സവിശേഷമായ സിദ്ധിവിശേഷമുള്ളതുകൊണ്ടാണല്ലോ യൗസേപ്പിതാവിന്റെ ലുത്തിനിയായിൽ
വേദനിക്കുന്നവരുടെ ആശ്വാസമേ, രോഗികളുടെ പ്രത്യാശയേ എന്ന രണ്ടു വിശേഷണങ്ങൾ ഉള്ളത്.
ലോകം ഒരു മഹാമാരിയെ കീഴടക്കാൻ കിണഞ്ഞു പരിശ്രമിക്കുമ്പോൾ സ്വജീവൻ മറന്ന് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അഹോരാത്രം ശുശ്രൂഷ ചെയ്യുന്ന ഭൂമിയിലെ ദൈവത്തിന്റെ സ്വന്തം മാലാഖമാരെ വിശുദ്ധ യൗസേപ്പിതാവിന്റെ സംരക്ഷണത്തിനു നമുക്കു ഭരമേല്പിക്കാം.