News - 2025

കത്തോലിക്ക സഭയുടെ 'വെരിത്താസ്' വി ചാറ്റ് അക്കൗണ്ട് ചൈന സ്ഥിരമായി ബ്ളോക്ക് ചെയ്തു

പ്രവാചക ശബ്ദം 16-05-2021 - Sunday

ബെയ്ജിംഗ്: ചൈനീസ് സമൂഹമാധ്യമമായ ‘വി ചാറ്റ്’ലെ കത്തോലിക്കാ സഭയുടെ കീഴിലുള്ള റേഡിയോ വെരിത്താസിന്റെ മണ്ഡാരിന്‍ ഭാഷാ അക്കൗണ്ട് ചൈനീസ് അധികാരികള്‍ അടച്ചുപൂട്ടി. സഭയുടെ കീഴിലുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കത്തോലിക്ക വൈദികനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മെയ് 10നാണ് അക്കൗണ്ട് ക്ലോസ് ചെയ്തിരിക്കുന്നതെന്ന് സുരക്ഷാകാരണങ്ങളാല്‍ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത വൈദികന്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന ചൈനീസ് ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍ വളരെയേറെ ജനസമ്മതിയാര്‍ജ്ജിച്ച ‘വി ചാറ്റ്’ അക്കൗണ്ടാണ് അടച്ചു പൂട്ടിയിരിക്കുന്നത്. നീണ്ടകാലമായി ചൈനീസ്‌ അധികാരികള്‍ കത്തോലിക്കാ സഭയുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

അക്കൗണ്ടു തിരിച്ചുകിട്ടുവാന്‍ നിരവധി പ്രാവശ്യം ‘വി ചാറ്റ്’നോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും മതപരമായ നിയമങ്ങള്‍ ലംഘിച്ചതിനാലാണ് അടച്ചുപൂട്ടിയതെന്നായിരുന്നു വി ചാറ്റിന്റെ മറുപടി. അക്കൗണ്ട് ഇനി വീണ്ടെടുക്കാന്‍ കഴിയില്ലെന്നും ‘സ്ഥിരമായി ക്ലോസ് ചെയ്യപ്പെട്ടിരിക്കുയാണെന്നും അറിയിപ്പില്‍ പറയുന്നു. അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ കൂടിയ എണ്ണവും വിദേശ രാജ്യങ്ങളില്‍ അക്കൗണ്ടിനുള്ള വന്‍ സ്വീകാര്യതയുമായിരിക്കും അടച്ചുപൂട്ടുവാന്‍ കാരണമായതെന്നാണ് കത്തോലിക്ക വൈദികന്‍ പറയുന്നത്. അതേസമയം മതപരമായ സര്‍ക്കാര്‍ നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചുകൊണ്ട് ക്രിസ്തീയ ഉള്ളടക്കമുള്ള നിരവധി പോസ്റ്റുകളാണ് ചൈനീസ് അധികാരികള്‍ ഡിലിറ്റ് ചെയ്തുകൊണ്ടിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം വിശുദ്ധ വാരത്തിലും, ഈസ്റ്ററില്‍ പോലും തങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വീഡിയോകളും, മതപരമായ കാര്യങ്ങളും പോസ്റ്റ് ചെയ്യുവാന്‍ കഴിഞ്ഞില്ലെന്നാണ് ചൈനയിലെ ക്രിസ്ത്യാനികള്‍ പറയുന്നത്. ഏപ്രില്‍ 14ന് മതപരമായ പ്രമേയത്തോടുകൂടിയ സംഗീതം നീക്കം ചെയ്യുമെന്ന അറിയിപ്പ് നിരവധി ക്രൈസ്തവര്‍ക്ക് ലഭിച്ചിരിന്നു. ഗോസ്പല്‍ ടൈംസ്, ഗോസ്പല്‍ ടി.വി, ഗോസ്പല്‍ ലീഗ്, വി ഡിവോട്ട് ബൈബിള്‍, ഓള്‍ഡ്‌ ഗോസ്പല്‍ ഉള്‍പ്പടെയുള്ള നിരവധി ക്രിസ്ത്യന്‍ സൈറ്റുകളിലെ മതപരമായ വാചകങ്ങളും വാക്കുകളും നീക്കം ചെയ്യപ്പെട്ടിരിന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചൈനീസ് ആപ് സ്റ്റോറില്‍ നിന്നും ബൈബിള്‍ ആപ്ല്ലിക്കേഷനുകളും സര്‍ക്കാര്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രിന്റഡ് ബൈബിളും ഓണ്‍ലൈനായി വാങ്ങുവാന്‍ കഴിയാത്ത അവസ്ഥയിലാണ് ചൈനയിലെ ക്രിസ്ത്യാനികള്‍. കടുത്ത മതപീഡനങ്ങള്‍ക്കു ഇടയിലും ലോകത്ത് ക്രൈസ്തവ വിശ്വാസം അതിവേഗം വ്യാപിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന.


Related Articles »