News - 2024

മനുഷ്യ ജീവിതം സംരക്ഷിക്കപ്പെടണം: ഇടയലേഖനവുമായി ബുര്‍ക്കിനാ-നൈജര്‍ മെത്രാന്‍ സമിതി

പ്രവാചക ശബ്ദം 27-05-2021 - Thursday

ബുര്‍ക്കിനാഫാസോ/നൈജര്‍: മനുഷ്യ ജീവിതത്തിന്റെ സംരക്ഷണത്തിനായി നിലകൊള്ളണമെന്ന ആഹ്വാനവുമായി ആഫ്രിക്കന്‍ രാജ്യങ്ങളായ ബുര്‍ക്കിനാഫാസോയിലെയും നൈജറിലെയും മെത്രാന്‍സമിതിയുടെ ഇടയലേഖനം. എല്ലാ മാനവ സമൂഹങ്ങളിലും മനുഷ്യ ജീവിതത്തിന്റെ മൂല്യം എപ്പോഴും അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും, അതുകൊണ്ടാണ് ഓരോ മനുഷ്യ സംസ്കാരവും തങ്ങളുടേതായ മാര്‍ഗ്ഗങ്ങളിലൂടെ വ്യക്തിപരമായും, കൂട്ടായും എല്ലാ മനുഷ്യ ജീവിതത്തെയും സംരക്ഷിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും നിലനിറുത്തുന്നതിനും പ്രതിബദ്ധരായിരിക്കുന്നതെന്നും ‘എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് ബുര്‍ക്കിനാ-നൈജര്‍’ (സി.ഇ.ബി.എന്‍) അംഗങ്ങളായ മെത്രാന്മാര്‍ മെയ് 25ന് പുറത്തുവിട്ട ഇടയലേഖനത്തില്‍ പറയുന്നു.

മുന്‍കാലങ്ങളെ അപേക്ഷിച്ച് മനുഷ്യരും അവരുടെ സ്വന്തം ജീവിതവും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയിരിക്കുന്ന ഇടയലേഖനത്തില്‍ ഭ്രൂണഹത്യ, ഗര്‍ഭധാരണം തടയുന്ന പ്രതിരോധമരുന്നുകള്‍, സ്വവര്‍ഗ്ഗരതി, ലഹരിയുടെ ഉപയോഗം തുടങ്ങി മനുഷ്യജീവിതത്തിന് ഭീഷണിയായിട്ടുള്ള കാര്യങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്. ജീവനെ സംരക്ഷിക്കുവാനുള്ള ചില നീക്കങ്ങള്‍ അങ്ങിങ്ങായി കാണാനുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് ദശകങ്ങളിലായി മനുഷ്യജീവിതത്തെ ശരിയായ അന്തസ്സോടെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ വ്യതിചലനവും, എതിര്‍പ്പും കാണുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ രക്ഷകനായ ക്രിസ്തുവിലൂടെ വെളിപ്പെട്ട ജീവന്റെ നാഥനായ കര്‍ത്താവിലുള്ള വിശ്വാസത്തില്‍ ജാഗരൂകരും വിവേകമതികളുമായി തുടരേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ദൈവജനത്തെ ബോധവാന്‍മാരാക്കുവാന്‍ അജപാലകരെന്ന നിലയില്‍ തങ്ങള്‍ക്ക് ചുമതലയുണ്ടെന്നും ഇരുരാഷ്ട്രങ്ങളിലേയും മെത്രാന്മാര്‍ സംയുക്തമായി പറയുന്നു.

എന്തും വിലകൊടുത്ത് വാങ്ങുവാന്‍ കഴിയുന്ന ഈ ലോകത്ത് മനുഷ്യന്‍ മാത്രമാണ് വിലയില്ലാത്തതെങ്കിലും, അവന് അന്തസ്സുണ്ടെന്നും, വിലപേശുവാന്‍ കഴിയാത്ത മൂല്യം മാനുഷികാന്തസ്സ് മാത്രമാണെന്നും 1948-ലെ ‘ആഗോള മനുഷ്യാവകാശ പ്രഖ്യാപന’ത്തെ ചൂണ്ടിക്കാണിച്ച് ഇടയലേഖനത്തില്‍ മെത്രാന്‍മാര്‍ കുറിച്ചു. ഇരകള്‍ പരിപൂര്‍ണ്ണമായും നിസ്സഹായരായതിനാല്‍ മനുഷ്യജീവിതത്തിനെതിരേയുള്ള ഒരു പ്രധാന ആക്രമണമായിട്ടാണ് ഗര്‍ഭഛിദ്രത്തെക്കുറിച്ച് ഇടയലേഖനത്തില്‍ പറയുന്നത്. ഒരു മനുഷ്യാവകാശമെന്ന നിലയിലാണ് ചില രാജ്യങ്ങള്‍ ഗര്‍ഭഛിദ്രത്തെ എടുത്തുകാട്ടുന്നതെന്നും സ്വവര്‍ഗ്ഗരതിയും, ലഹരിവസ്തുക്കളുടെ ഉപയോഗവും മനുഷ്യ ജീവിതത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വിശുദ്ധ യൗസേപ്പിതാവിനും, കുടുംബത്തിനുമായി സമര്‍പ്പിക്കപ്പെട്ട ഈ വര്‍ഷത്തില്‍ ആഫ്രിക്കന്‍ കുടുംബങ്ങളെ പൊതുവായും, ക്രിസ്ത്യന്‍ കുടുംബങ്ങളെ പ്രത്യേകമായും പരിഗണിക്കുവാന്‍ തങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും അതിനാല്‍ മനുഷ്യ ജീവിതം, കുടുംബം, മാനുഷികാന്തസ്സ് എന്നിവയെ വിലമതിക്കുന്ന പ്രോത്സാഹന പരിപാടികള്‍ക്ക് തുടക്കം കുറിക്കണമെന്ന ആഹ്വാനത്തോടും അതിനായി വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ സഹായം അപേക്ഷിക്കുകയും ചെയ്തുകൊണ്ടാണ് സംയുക്ത മെത്രാന്‍ സമിതിയുടെ ഇടയലേഖനം അവസാനിക്കുന്നത്.


Related Articles »