News - 2025
ജീവൻ ഇല്ലാതാക്കാനല്ല, ജനതകളെ വളർത്താനായാണ് നാം ജനിച്ചത്: ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 13-02-2025 - Thursday
വത്തിക്കാന്‍ സിറ്റി: മറ്റുള്ളവരെ ഇല്ലാതാക്കാനല്ല, ജനതകളെ വളർത്താനായാണ് നാം ജനിച്ചതെന്നും യുദ്ധമെന്ന തിന്മയ്ക്ക് മുന്നിൽ, സമാധാനത്തിനായി എല്ലാ ശ്രമങ്ങളും നടത്താനും ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പ. ഫെബ്രുവരി 12 ബുധനാഴ്ച അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ സംസാരിക്കവേയാണ് യുദ്ധങ്ങൾക്കെതിരെയും സമാധാനശ്രമങ്ങൾക്കായും പാപ്പ സംസാരിച്ചത്. നൂറുകണക്കിന് മനുഷ്യരുടെ മരണത്തിനും, ആയിരക്കണക്കിന് ആളുകൾക്ക് പരിക്കിനും കാരണമായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന സായുധസംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും പശ്ചാത്തലത്തിൽ, സമാധാനത്തിനായുള്ള മാർഗ്ഗങ്ങൾ കണ്ടുപിടിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു.
നമ്മുടെ അനുദിന പ്രാർത്ഥനകളിൽ സമാധാനത്തിനായി പ്രാർത്ഥിക്കണം. പീഡനങ്ങളിലൂടെ കടന്നുപോകുന്ന യുക്രൈൻ ഒരുപാട് സഹനങ്ങൾ നേരിടുന്നുണ്ട്. സായുധസംഘർഷങ്ങളും യുദ്ധങ്ങളും നടക്കുന്ന പാലസ്തീന്‍, ഇസ്രായേൽ, മ്യാന്മാർ, കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിലെ വടക്കൻ കിവു, തെക്കൻ സുഡാൻ എന്നീ പ്രദേശങ്ങളെ പാപ്പ പ്രത്യേകം പരാമർശിച്ചു. നിരവധി രാജ്യങ്ങളാണ് യുദ്ധങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, സമാധാനത്തിനായി പ്രാർത്ഥിക്കാമെന്ന് ആവർത്തിക്കുകയും, സമാധാനത്തിനായി പ്രായശ്ചിത്ത-പരിഹാര പ്രവർത്തികളില്‍ ഏർപ്പെടാൻ ഏവരെയും ആഹ്വാനം ചെയ്തു.
![](/images/close.png)