India - 2024

ക്രൈസ്തവ നീതി നിഷേധത്തിനുള്ള മുന്നറിയിപ്പ്: ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ക്രിസ്ത്യന്‍ സംഘടനകള്‍

പ്രവാചക ശബ്ദം 29-05-2021 - Saturday

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ പങ്കുവയ്ക്കലില്‍ നടപ്പിലാക്കിയ 80 ശതമാനം മുസ്‌ലിം, 20 ശതമാനം മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ കോടതിവിധിയെ സ്വാഗതം ചെയ്ത് ക്രൈസ്തവ സംഘടനകള്‍. വിധിയെ സ്വാഗതം ചെയ്തുക്കൊണ്ട് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍, സീറോ മലബാര്‍ കുടുംബക്കൂട്ടായ്മ, കത്തോലിക്ക കോണ്‍ഗ്രസ്, കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്, ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാ സമിതി തുടങ്ങിയ സംഘടനകള്‍ പ്രസ്താവനയിറക്കി.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളിലും ആനുകൂല്യങ്ങളിലും 80:20 അനുപാതം ഉത്തരവിലൂടെ നടപ്പിലാക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ഹൈക്കോടതി തീരുമാനം നീതിയുടെ വിജയമാണെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ബിഷപ് ഡോ. ഉമ്മന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി പ്രകാശ് പി.തോമസ് എന്നിവര്‍ പറഞ്ഞു. ഹൈക്കോടതി വിധി നീതിനിഷേധത്തിനുള്ള മുന്നറിയിപ്പാണെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും സ്വജനപക്ഷപാതം നടത്തുകയാണെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ കഴിഞ്ഞ നാളുകളില്‍ ചൂണ്ടിക്കാണിച്ചത് അക്ഷരംപ്രതി ശരിയാണെന്ന് കോടതിവിധി വ്യക്തമാക്കുന്നു. പിന്നാക്കാവസ്ഥ മാത്രമല്ല ക്ഷേമ പദ്ധതികളുടെ മാനദണ്ഡം. ജനസംഖ്യയില്‍ കുറവുള്ളവര്‍ക്കും വളര്‍ച്ചാനിരക്ക് കുറയുന്ന മതവിഭാഗങ്ങള്‍ക്കുമാണ് ക്ഷേമപദ്ധതികളില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള വിവിധ ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ അസമത്വം ഒഴിവാക്കിയ കോടതി നടപടി സ്വാഗതാര്‍ഹമാണെന്നും കോടതിവിധിക്കു മുന്‍കാല പ്രാബല്യം കൂടിയുണ്ടായാല്‍ മാത്രമേ, വര്‍ഷങ്ങളായി തുടരുന്ന അസമത്വത്തിന് പരിഹാരമാകുകയുള്ളൂവെന്നും സീറോ മലബാര്‍ കുടുംബക്കൂട്ടായ്മ പ്രസ്താവിച്ചു. ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹവും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ നീതി ഉറപ്പാക്കുന്നതിനുള്ള നടപടിയുമാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ പ്രതികരണം. നീതിരഹിതമായ 80:20 അനുപാതം തിരുത്തി ന്യൂനപക്ഷ ക്ഷേമ ആനുകൂല്യങ്ങള്‍ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കിടയിലും തുല്യമായി വിതരണം ചെയ്യുന്നതിനു ഹൈക്കോടതിയുടെ ഈ വിധി സഹായകമാകുമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി യോഗം വിലയിരുത്തി.

ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതമനുസരിച്ച് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍ ആവശ്യപ്പെട്ടു. അനീതിപരമായ മാനദണ്ഡം റദ്ദുചെയ്ത കേരള ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്നും വിധി ഉടൻതന്നെ നടപ്പിലാക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിൻമേൽ അപ്പീൽ പോകാതെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷ മത വിഭാഗങ്ങൾക്ക് തുല്യനീതി ഉറപ്പു വരുത്തുന്ന നടപടിയുമായി സംസ്ഥാന സർക്കാർ മുൻപോട്ടു വരണം.

ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ഒ ബി സി സ്റ്റാറ്റസ് മാത്രം നോക്കി നൽകേണ്ടവയല്ല. എണ്ണത്തിൽ കുറവുള്ള എല്ലാ മതവിഭാഗങ്ങളെയും പൊതു സമൂഹത്തിൽ നിലനിർത്തുന്നതിനും അവരുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്കും സംരക്ഷണം ഉറപ്പ്‌ വരുത്തുന്നതിനും വേണ്ടിയുള്ള വിദ്യാഭ്യാസ ക്ഷേമ പദ്ധതികളാണ് ന്യുനപക്ഷ ക്ഷേമ വകുപ്പിലൂടെ നടപ്പിലാകേണ്ടത്.

ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് വലിയ പരാതികൾ ഉയർന്നു വരികയും അത് പൊതുസമൂഹത്തിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയോടൊപ്പം ഇപ്പോൾ വന്ന ഹൈ കോടതി വിധിയും ഈ മേഖലയിൽ നിലനിൽക്കുന്ന അനീതി പരിഹരിക്കുന്നതിന് നാന്ദി കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 80:20 എന്ന അനീതിപരമായ അനുപാതം നാളിതുവരെ നടപ്പിലാക്കിയതിലൂടെ മറ്റ് ന്യൂനപക്ഷങ്ങൾക്കുണ്ടായ നഷ്ടങ്ങൾ നികത്തണമെന്നും ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കായി പ്രത്യേക പാക്കേജുകൾ പ്രഖാപിക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപത പി.ആർ.ഒ. അഡ്വ. ജോജി ചിറയിൽ ജാഗ്രതാസമിതി ഡയറക്ടർ ഫാ.ജയിംസ് കൊക്കാവയലിൽ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.



പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 393