News - 2025
സമുദായത്തിനുള്ള ആനുകൂല്യങ്ങള്‍ മറ്റൊരു കൂട്ടര്‍ക്ക് നല്‍കരുത്: ഹൈക്കോടതി വിധിയില്‍ വര്‍ഗ്ഗീയവാദവുമായി ലീഗ്
പ്രവാചക ശബ്ദം 29-05-2021 - Saturday
കൊച്ചി: ന്യൂനപക്ഷാനുകൂല്യങ്ങള്‍ നല്‍കുന്നതിലെ വിവേചന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ വര്‍ഗ്ഗീയവാദവുമായി മുസ്ലിം ലീഗ്. മുസ്ലിം സമുദായത്തിനുള്ള ആനുകൂല്യങ്ങള്‍ മറ്റൊരു കൂട്ടര്‍ക്ക് നല്‍കരുതെന്നാണ് ലീഗ് പരസ്യപ്രസ്താവന നടത്തിയിരിക്കുന്നത്. ആനുകൂല്യം മുസ്ലിംകൾക്കു മാത്രം അവകാശപ്പെട്ടതാണെന്നും ഇത് മറ്റ് സമുദായത്തിന് നല്കരുതെന്നും ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം സ്വകാര്യ ചാനലിനോട് പറഞ്ഞു. വിഷയത്തില്‍ കേരള മുസ്ളീം ജമാ അത്ത് സെക്രട്ടേറിയറ്റ്, ഐഎന്‍എല്‍, സമസ്ത ഇ.കെ വിഭാഗം, വിസ്ഡം ഇസ്ലാമിക് ഒാര്‍ഗനൈസേഷന്‍ തുടങ്ങീ ഇസ്ളാമിക സംഘടനകള്‍ എല്ലാം വിധിയെ ചോദ്യം ചെയ്തുക്കൊണ്ട് രംഗത്ത് വന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പദ്ധതികള്‍ മുസ്ലിം വിഭാഗത്തിനു മാത്രമായിട്ടുള്ളതാണ്, അതില്‍ മറ്റാര്‍ക്കും അവകാശമില്ല എന്ന തരത്തില്‍ ലീഗിന്റെ മുതിര്‍ന്ന നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ നേരത്തെ ചാനലില്‍ നടത്തിയ പരാമര്‍ശവും ശ്രദ്ധിക്കപ്പെട്ടിരിന്നു. ഭരണഘടനാപരമായി രാജ്യത്തും സംസ്ഥാനത്തും നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തിനെതിരേ 'സംവരണം ക്ഷേമപദ്ധതിയല്ല' എന്ന മുദ്രാവാക്യം ഉയര്‍ത്തിയവര്‍ ന്യുനപക്ഷ വകുപ്പിന്റെ ക്ഷേമപദ്ധതികളില്‍ സഹന്യൂനപക്ഷങ്ങള്‍ക്ക് 'അവകാശമില്ല' എന്ന തരത്തില്‍ വാദങ്ങള്‍ ഉയര്‍ത്തുന്നതു ഇരട്ടത്താപ്പായി വിലയിരുത്തപ്പെടുന്നത്. മതേതര രാഷ്ട്രീയപാര്‍ട്ടി എന്ന് അവകാശപ്പെടുന്ന മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്നു തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ മതേതര കേരളത്തില്‍ വലിയ വിഭാഗീയത സൃഷ്ട്ടിക്കുമെന്ന ആശങ്ക പൊതുവേ ഉയരുന്നുണ്ട്. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തുക്കൊണ്ട് വിവിധ ക്രൈസ്തവ സംഘടനകള്‍ രംഗത്ത് വന്നിരിന്നു.