News
മഹാമാരിക്കിടയിലും ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് ഭീഷണിയേറെ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ വര്‍ദ്ധനവ്
പ്രവാചക ശബ്ദം 05-06-2021 - Saturday
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയ്ക്കിടെയിലും ഭാരതത്തിലെ ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ കുറയുന്നതിന് പകരം കൂടുകയാണ് ചെയ്തിരിക്കുന്നതെന്ന വെളിപ്പെടുത്തലുമായി മാധ്യമ റിപ്പോര്‍ട്ട്. ലോക്ക്ഡൌണ്‍ കാരണം ശിക്ഷിക്കപ്പെടില്ലെന്ന തീവ്രഹിന്ദുത്വവാദികളുടെ ധാരണയും, തെരുവുകളിലെയും കോടതികളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അഭാവവും ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന്‍ പ്രമുഖ ക്രിസ്ത്യന്‍ മാധ്യമമായ യു.സി.എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും ചുരുങ്ങിയത് 5 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, ആറോളം ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടിട്ടുണ്ടെന്നുമാണ് ഇന്ത്യന്‍ റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്റെ ഇവാഞ്ചലിക്കല്‍ ഫെഡറേഷനും, നാഷണല്‍ ഹെല്‍പ്-ലൈന്‍ ഉള്‍പ്പെടെയുള്ള മറ്റ് ക്രിസ്ത്യന്‍ ഏജന്‍സികളും രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്ക് സമൂഹ-വിലക്കേര്‍പ്പെടുത്തിയ ഇരുപത്തിയാറോളം കേസുകളാണ് ഉണ്ടായിരിക്കുന്നത്.
ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളും, യാത്രാ വിലക്കുകളും കൃത്യമായ വിവര ശേഖരണത്തിനു പ്രതിബന്ധമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഹിന്ദുത്വരാഷ്ട്ര നിര്‍മ്മാണം ലക്ഷ്യമിടുന്ന നിയമങ്ങള്‍ മഹാമാരിക്കിടയില്‍ മതസ്വാതന്ത്ര്യത്തിനു കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന്‍ യു.സി.എ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദൂര ഗ്രാമങ്ങളില്‍ പോയി ഇത്തരം സംഭവങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നതില്‍ മാധ്യമങ്ങളും, മനുഷ്യാവകാശ പ്രവര്‍ത്തകരും നേരിടുന്ന പരിമിതികളും അക്രമികള്‍ക്ക് പ്രോത്സാഹനമാകുന്നുണ്ട്. പകര്‍ച്ചവ്യാധിക്ക് മുന്‍പേ തന്നെ ക്രിസ്ത്യാനികള്‍ക്കെതിരായ പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അലംഭാവം കാണിക്കുന്ന മനോഭാവമാണ് പോലീസ് പുലര്‍ത്തിക്കൊണ്ടിരിക്കുന്നത്.
ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണ്. തൊണ്ണൂറ്റിഅഞ്ചോളം അക്രമ സംഭവങ്ങളാണ് ഇവിടെ മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ചത്തീസ്ഗഡ് 55, ഝാർഖണ്ഡ് 28, മധ്യപ്രദേശ് 25, തമിഴ്‌നാട് 23 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകളെന്നും യുസിഎ ന്യൂസില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞ ആഴ്ച, വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രസിദ്ധയായ ഉത്തർപ്രദേശിലെ വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാവ് സാധ്വി പ്രാചി, മദർ തെരേസയ്ക്കെതിരെ അവഹേളനാപരമായ പരാമര്‍ശം നടത്തിയിരിന്നു. ഇതിനിടെ സോണിയ ഗാന്ധിയുടെ ഷെല്‍ഫിലെ പുസ്തകത്തിന്റെ പേര് 'ഇന്ത്യയെ എങ്ങനെ ക്രിസ്ത്യന്‍ രാജ്യമാക്കി മാറ്റാം' എന്ന എഡിറ്റ് ചെയ്ത ചിത്രവുമായി സംഘപരിവാര്‍ പേജുകളില്‍ വര്‍ഗ്ഗീയ പ്രചരണവും നടന്നിരിന്നു.
മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്നവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് ഭാരതത്തില്‍ വ്യാപിക്കുന്ന തീവ്രഹിന്ദുത്വ നിലപാടിന്റെ അപകടകരമായ സൂചനയായിട്ടാണ് നിരീക്ഷിക്കപ്പെടുന്നത്. മതപരിവര്‍ത്തന വിരുദ്ധ നിയമ നിര്‍മ്മാണം ഹിന്ദുത്വ അനുകൂല പാര്‍ട്ടിയായ ബി.ജെ.പി ഭരിക്കുന്ന എട്ടോളം സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതും ആശങ്കയുളവാക്കുന്നുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നത് ലക്ഷ്യമിടുന്ന നിയമങ്ങള്‍ സ്വന്തം ഇഷ്ട്ടപ്രകാരം ക്രൈസ്തവ വിശ്വാസം സ്വീകരിക്കുവാനുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തെ പോലും ചോദ്യം ചെയ്യുകയാണ്. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന അക്രമങ്ങളിലും കടുത്ത വിവേചനത്തിലും അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക