Life In Christ - 2025

തിരുപ്പട്ടം സ്വീകരിച്ച ശേഷമുള്ള ആദ്യത്തെ ആശീർവാദം സന്യാസിനിയായ സഹോദരിക്ക്: ചിത്രം വൈറല്‍

പ്രവാചക ശബ്ദം 09-06-2021 - Wednesday

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ സെന്റ് പാട്രിക് കത്തീഡ്രൽ ദേവാലയത്തിൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടതിന് ശേഷം നവവൈദികനായ മാത്യു ബ്രസ്ലിൻ തന്റെ ആദ്യത്തെ ആശിർവാദം നൽകിയത് സന്യാസിനിയായ സ്വന്തം സഹോദരിയ്ക്ക്. ദി സെർവെന്‍റ്സ് ഓഫ് ദ ലോഡ് ആൻഡ് ദി വെർജിൻ ഓഫ് മത്താര സന്യാസ സഭയിലെ അംഗമായ മെഗാനാണ് നവ വൈദികനായ സഹോദരന്റെ ആദ്യത്തെ ആശീർവാദം സ്വീകരിക്കാനുള്ള ഭാഗ്യം ലഭിച്ചത്. ഒരു ഉത്തമ കത്തോലിക്ക കുടുംബത്തിലാണ് ഇരുവരും ജനിച്ചത്. എന്നാൽ ചെറുപ്പത്തിൽ വലിയ പ്രതിസന്ധികളെയാണ് സഹോദരങ്ങൾ നേരിട്ടത്. അമ്മയുടെ ഉദരത്തിൽ ആയിരുന്ന സമയത്താണ് ബ്രസ്ലിന്റെ പിതാവ് അലക്സിന് തലച്ചോറില്‍ കാൻസർ ആണെന്ന് അറിയുന്നത്.

ആ സമയത്ത് മെഗാന് രണ്ടു വയസ്സ് മാത്രമായിരുന്നു പ്രായം. മകനെ കാണാൻ സാധിക്കില്ല എന്ന് കരുതിയിരുന്നെങ്കിലും പത്തുവർഷത്തോളം ജീവിക്കാൻ അലക്സിന് സാധിച്ചു. കാഴ്ചശക്തിയും, കേൾവിശക്തിയും ശോഷിച്ച് ബ്രസ്ലിന് 9 വയസ്സ് പ്രായമായപ്പോഴാണ് അലക്സ് മരിക്കുന്നത്. ഒരു പിതാവിന്റെ സ്നേഹം എങ്ങനെയാണെന്ന് തനിക്ക് ആ നാളുകളിൽ മനസ്സിലാക്കാൻ സാധിച്ചെന്ന് ബ്രസ്ലിൻ സ്മരിച്ചു. മരണത്തോടടുത്ത ഭർത്താവിനെ പരിചരിച്ചും, കുട്ടികളെ വളർത്തിയും അമ്മയും സ്നേഹത്തിന്റെ നല്ലൊരു മാതൃക അവർക്ക് പകർന്നു നൽകി. എല്ലാദിവസവും അമ്മ ബ്രസ്ലിനെയും, സഹോദരങ്ങളെയും സമീപത്തുള്ള ഇടവക ദേവാലയത്തിൽ വിശുദ്ധ കുർബാന കാണുവാനായി കൊണ്ടുപോകുമായിരുന്നു.

അവിടെവച്ചാണ് ഇടവക വൈദികന്റെ ചുമതലകൾ ബ്രസ്ലിൻ നിരീക്ഷിക്കുന്നത്. ഒരു പിതാവിന്റെ കരുതൽ ഇടവക വൈദികൻ ബ്രസ്ലിന് നൽകി. ഇതെല്ലാം വൈദിക ജീവിതം ആകർഷകമായി മാത്യു ബ്രസ്ലിന് അനുഭവപ്പെടാന്‍ കാരണമായി. എന്നാൽ ഒരു ദൈവവിളി തനിക്കുണ്ടെന്ന് കുഞ്ഞ് ബ്രസ്ലിന് തോന്നിയത് ഒന്‍പതാം വയസ്സിലാണ്. ഹൈസ്കൂൾ കാലഘട്ടത്തിന്റെ അന്ത്യത്തിൽ ക്യാമ്പ് വേരിത്താസ് എന്നൊരു കത്തോലിക്കാ ക്യാമ്പ് കൂടാൻ സാധിച്ചതും അദേഹത്തിന്റെ ദൈവവിളിയിൽ നിർണായകമായി. ന്യൂയോർക്കിലെ യോങ്കേഴ്സിലുളള സെന്റ് ജോസഫ് സെമിനാരിയിലാണ് ബ്രസ്ലിൻ പൗരോഹിത്യ പഠനം നടത്തിയത്. ഇതിനിടയിൽ 2001ലെ മാഡ്രിഡ് യുവജന സമ്മേളനത്തിന്റെ സമയത്ത് തന്റെ ദൈവവിളി എന്താണെന്ന് മനസ്സിലാക്കി മെഗാൻ സെര്‍വന്‍റ്സ് ഓഫ് ദ ലോഡ് ആൻഡ് ദി വെർജിൻ ഓഫ് മത്താര സന്യാസ സഭയിൽ പരിശീലനത്തിനായി ചേർന്നിരുന്നു.

സഹനങ്ങളിൽ ദൈവത്തെ കണ്ടെത്താൻ സാധിക്കുമെന്നും നമുക്ക് സ്വയം ദൈവത്തെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ അതിനായുള്ള പരിശ്രമം നടത്തണമെന്നും മാത്യു ബ്രസ്ലിൻ പറയുന്നു. പിതാവിന്റെ ജീവിതകാലത്തും മരണസമയത്തും, അമ്മയുടെയും, സഹോദരിയുടെയും ജീവിതങ്ങളിലും ദൈവകരം ദൃശ്യമായിരുന്നു. വിശുദ്ധ കുർബാന അർപ്പിക്കാനും, കുമ്പസാരം ശുശ്രൂഷയ്ക്കുമായുള്ള അവസരം ലഭിക്കുന്നതിനുള്ള സന്തോഷത്തിലാണ് താനെന്ന് ഒരു ഇടവക ദേവാലയത്തിലെ സഹ വികാരിയായി ചുമതല ലഭിച്ച ബ്രസ്ലിൻ പറഞ്ഞു. എന്താണ് ദൈവവിളിയെന്ന് മനസ്സിലാക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാനാണ് യുവജനങ്ങൾക്ക് ബ്രസ്ലിൻ നൽകുന്ന ഉപദേശം. പൗരോഹിത്യത്തിനായി ദൈവം വിളിക്കുന്നുണ്ടെന്ന് തോന്നിയാൽ ചേരാൻ ആഗ്രഹിക്കുന്ന ഇടങ്ങളിലെ വൈദികരുമായി സംസാരിക്കുന്നത് ഉപകാരപ്രദമാകുമെന്നും മാത്യു ബ്രസ്ലിൻ കൂട്ടിച്ചേർത്തു. തിരുപ്പട്ട സ്വീകരണ ശേഷം യുവജന മിനിസ്ട്രിയുടെ പ്രവർത്തനങ്ങളുടെയും സമീപത്തുള്ള ഒരു ഹൈസ്കൂളിൽ ചാപ്ലിനായും നവ വൈദികന് ഉത്തരവാദിത്വം ലഭിച്ചിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »