News
തട്ടിക്കൊണ്ടുപോകല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം, വിവാഹം: മകള്‍ക്ക് നീതി തേടിയുള്ള ക്രൈസ്തവ വിശ്വാസിയായ പിതാവിന്റെ അലച്ചില്‍ വിവരിച്ച് പാക്ക് ദേശീയ മാധ്യമം
പ്രവാചകശബ്ദം 17-06-2021 - Thursday
ഗുജ്രന്‍വാല: തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ പിതാവ് നീതിയ്ക്കായി അലയുന്നതിന്റെ ജീവിതക്കഥ വിവരിച്ച് പാക്ക് ദേശീയ മാധ്യമമായ ഡോണ്‍. ഗുജ്രന്‍വാലയിലെ ഫിറോസ്‌വാലയിലെ ആരിഫ് ടൌണ്‍ സ്വദേശിയും തയ്യല്‍പ്പണിക്കാരനുമായ ഷാഹിദ് ഗിലാണ് മകള്‍ക്ക് ഉണ്ടായ ക്രൂര അനുഭവത്തില്‍ നീതിക്കായി പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങുന്നത്. പതിമൂന്നുകാരിയായ ഷാഹിദിന്റെ മകളെ വിവാഹിതനും നാലു കുട്ടികളുടെ പിതാവുമായ മുസ്ലീം തട്ടിക്കൊണ്ടുപോയി, മതംമാറ്റി വിവാഹം ചെയ്യുകയായിരിന്നു. ഫിറോസ്‌വാല പോലീസില്‍ പരാതി നല്‍കിയിട്ടു പോലും തനിക്ക് നീതി ലഭിച്ചില്ലെന്ന് ഷാഹിദ് ‘ഡോണ്‍’നോട് വെളിപ്പെടുത്തി.
തന്റെ അയല്‍വാസിയായ (പേര് വെളിപ്പെടുത്തിയിട്ടില്ല) മദ്ധ്യവയസ്കനായ മുസ്ലീമാണ് മകളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം ചെയ്തതെന്നാണ് ഷാഹിദ് പോലീസിനു കൊടുത്ത പരാതിയില്‍ പറയുന്നത്. തട്ടിക്കൊണ്ടുപോയ വ്യക്തിയുടെ മേക്കപ്പ് സാമഗ്രികള്‍ വില്‍ക്കുന്ന കടയില്‍ സെയില്‍സ് ഗേളായി ജോലിചെയ്യുന്ന മകളെ മെയ് 20നാണ് തട്ടിക്കൊണ്ടു പോയതെന്ന് അദ്ദേഹം പറയുന്നു. തന്റെ സാമ്പത്തിക പരാധീനത കാരണമാണ് മകളെ ജോലിക്കയച്ചതെന്നും, കടയുടമയായ അയല്‍വാസിയും ഉള്‍പ്പെടെയുള്ള സ്ത്രീ-പുരുഷന്‍മാരടങ്ങുന്ന ഒരു സംഘത്തിനൊപ്പം മകള്‍ ട്രക്കില്‍ പോകുന്നത് കണ്ടെന്ന് തനിക്ക് വിവരം ലഭിച്ചതായും ഷാഹിദ് കൊടുത്ത പരാതിയില്‍ പറയുന്നുണ്ട്.
സംശയിക്കപ്പെടുന്ന രണ്ടു പേരെ കസ്റ്റഡിയില്‍ എടുക്കുകയും, പെണ്‍കുട്ടിയെ പ്രാദേശിക കോടതിയില്‍ ഹാജരാക്കുകയും ചെയ്തപ്പോള്‍, താന്‍ സ്വന്ത ഇഷ്ടപ്രകാരമാണ് മതപരിവര്‍ത്തനം ചെയ്തതെന്ന്‍ പെണ്‍കുട്ടി കോടതിയില്‍ മൊഴിനല്‍കിയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇത് പോലീസുകാരുടെ പതിവ് തിരക്കഥയാണെന്ന് ആക്ഷേപമുണ്ട്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വസ്തുത പോലും പരിഗണിക്കാതെയാണ് കോടതി പെണ്‍കുട്ടിയേ തട്ടിക്കൊണ്ടുപോയവനൊപ്പം വിട്ടയച്ചത്. തന്റെ മകള്‍ക്ക് വെറും പതിമൂന്നര വയസ്സ് മാത്രമേ ആയിട്ടുള്ളതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി കോടതിക്ക് അംഗീകരിക്കുവാന്‍ കഴിയില്ലെന്നാണ് ഷാഹിദ് പറയുന്നത്. പഞ്ചാബ് ഗവണ്‍മെന്റ് നല്‍കിയിട്ടുള്ള പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പെണ്‍കുട്ടിയുടെ ജനനതിയതി 2007 ഒക്ടോബര്‍ 17 ആണ്.
1929-ലെ പാക്കിസ്ഥാനിലെ ‘ചൈല്‍ഡ് മാര്യേജ് റിസ്ട്രയിന്റ് ആക്റ്റ്’ പ്രകാരം പുരുഷന് 18 വയസ്സും, സ്ത്രീകള്‍ക്ക് 16 വയസ്സും തികഞ്ഞാല്‍ മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ എന്നാണ് നിയമം അനുശാസിക്കുന്നത്. ഇക്കാര്യമെല്ലാം കോടതിയെ ബോധിപ്പിച്ചിട്ടും കോടതി ചെവികൊണ്ടില്ലെന്ന ആരോപണവും ഷാഹിദ് ദേശീയ മാധ്യമത്തോട് ഉന്നയിച്ചിട്ടുണ്ട്. നാഷണല്‍ ഡാറ്റാബേസ് ഫോര്‍ രജിസ്ട്രേഷന്‍ അതോറിറ്റി (നാദ്ര) മുഖേന മകളുടെ പ്രായം സ്ഥിരീകരിച്ച് തങ്ങള്‍ക്ക് തങ്ങള്‍ക്ക് നീതി നല്‍കണമെന്നാണ് ഷാഹിദിന്റെ ആവശ്യം. പാക്കിസ്ഥാനിലെ ഏറ്റവും പ്രമുഖ ദേശീയ മാധ്യമമായ ഡോണ്‍-ന്റെ റിപ്പോര്‍ട്ട് വരും ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി തെളിയിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
അതേസമയം കഴിഞ്ഞ വര്‍ഷം മാത്രം പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 160-തോളം സ്ത്രീകളാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായതെന്നാണ് ‘സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്’ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നത്. ഇതില്‍ 52% പഞ്ചാബ് പ്രവിശ്യയിലും, 44% സിന്ധ് പ്രവിശ്യയിലുമാണ്. മതന്യൂനപക്ഷങ്ങളില്‍പ്പെട്ട ആയിരത്തോളം പെണ്‍കുട്ടികള്‍ ഓരോവര്‍ഷവും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനിരയാകുന്നുണ്ടെന്ന് അസോസിയേറ്റഡ് പ്രസും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് ക്രൈസ്തവ സമൂഹത്തില്‍ നിന്നുള്ള പെണ്‍കുട്ടികളാണ്. കോടതിയില്‍ കേസ് എത്തിയാലും ഇരകള്‍ക്കു നീതി ലഭിക്കാറില്ലെന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക