Life In Christ - 2024

സൈന്യത്തിന്റെ കിരാത അടിച്ചമര്‍ത്തലിനിടയില്‍ മ്യാൻമറിൽ സലേഷ്യൻ സഭയ്ക്ക് ആറ് നവ വൈദികർ

പ്രവാചകശബ്ദം 26-06-2021 - Saturday

മണ്ഡലെ: ഭരണകൂടത്തെ പുറത്താക്കി ഭരണം പിടിച്ചെടുത്ത പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്നവരും സുരക്ഷാസേനയും തമ്മിലുള്ള രക്തരൂക്ഷിതമായ പോരാട്ടങ്ങള്‍ അരങ്ങേറുന്ന മ്യാൻമറിൽ സലേഷ്യൻ സഭാംഗങ്ങളായ ആറ് ഡീക്കന്‍മാര്‍ തിരുപ്പട്ടം സ്വീകരിച്ചു. ജൂൺ 24നു മ്യാൻമറിലെ മണ്ഡലെ പ്രവിശ്യയിലെ അനിസ്കാനിൽ നടന്ന തിരുപ്പട്ട ശുശ്രൂഷയ്ക്കു മണ്ഡലെ അതിരൂപതയുടെ ആർച്ച് ബിഷപ്പായ മാർക്കോ ടിൻ വിൻ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വിവിധ ഗോത്രങ്ങളിലെ അംഗങ്ങളായ നവ വൈദികർ നാല് രൂപതകളിൽ സേവനം ചെയ്യും. പൗരോഹിത്യ സ്വീകരണം രാജ്യത്തിന് വലിയൊരു സമ്മാനവും, പ്രതീക്ഷയുമാണെന്ന് ആർച്ച് ബിഷപ്പ് ഏജൻസിയ ഫിഡേസ് മാധ്യമത്തോട് പറഞ്ഞു. പ്രതിസന്ധി നിറഞ്ഞ ഈ നാളുകളിൽ സുവിശേഷം പ്രഘോഷിക്കുകയും നല്ല ഇടയനായി മാറുകയും ചെയ്യുക എന്നതാണ് നവ വൈദികരുടെ ദൗത്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

വൈദികർ ബഹുമാനിക്കപ്പെടുന്നവരും, ആളുകളോട് ചേർന്നു നിൽക്കുന്നവരും ആണെങ്കിലും ആവശ്യമായവർക്ക് മാനുഷികമായ പരിഗണന നോക്കി സഹായങ്ങൾ നൽകുമ്പോൾ സായുധ സേനകളുമായി ബന്ധമുണ്ടെന്ന് കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടാൻ പോലും സാധ്യതയുണ്ടെന്നും ആർച്ച് ബിഷപ്പ് മാർക്കോ മുന്നറിയിപ്പു നൽകി. വൈദികർ ദൈവകരുണയുടെ മുഖം എല്ലാ മനുഷ്യർക്കും വെളിപ്പെടുത്തുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രാർത്ഥനയിലൂടെയും, കൂദാശ അർപ്പണത്തിലൂടെയും സമൂഹത്തെയും സ്വർഗീയ പിതാവിനെയും വൈദികർ കോർത്തിണക്കുന്നു. രാജ്യത്തിന് എല്ലായിപ്പോഴും നല്ല വിശുദ്ധരായ വൈദികരെ നൽകാൻ ദൈവത്തോട് പ്രാർത്ഥിക്കണമന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചത്.

1939 മുതൽ സലേഷ്യൻ സഭയ്ക്ക് മ്യാൻമറിൽ സാന്നിധ്യമുണ്ട്. യാംഗൂൺ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ചാൾസ് ബോ സലേഷ്യൻ സഭയിലെ അംഗമാണ്. പ്രതിസന്ധിയുടെ ഈ നാളുകളിൽ വിദ്യാഭ്യാസം നൽകിയും, അജപാലനപരമായ സഹായങ്ങൾ നൽകിയും, കുട്ടികളുടെയും, യുവജനങ്ങളുടെയും അവരുടെ കുടുംബാംങ്ങളുടെയും ഇടയിൽ നിസ്വാർത്ഥമായ സേവനമാണ് സലേഷ്യൻ സഭ നടത്തിവരുന്നത്. അതേസമയം രാജ്യത്തു പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്നവരും സുരക്ഷാ സേനയും തമ്മിലുള്ള സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. ഫ്രാന്‍സിസ് പാപ്പ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും, രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവര്‍ത്തിച്ചു ആവശ്യപ്പെടുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »