News
ക്രൈസ്തവരുടെ സംരക്ഷണം ചർച്ചാവിഷയമാക്കി ഇറാഖി പ്രധാനമന്ത്രിയുമായി ഫ്രാൻസിസ് പാപ്പയുടെ കൂടിക്കാഴ്ച
പ്രവാചകശബ്ദം 03-07-2021 - Saturday
ബാഗ്ദാദ്: ക്രൈസ്തവരുടെ സംരക്ഷണം ചർച്ചാവിഷയമാക്കി ഇറാഖി പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായി ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടത്തി. ഇന്നലെ വെള്ളിയാഴ്ച ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കാന്‍ പ്രധാനമന്ത്രി വത്തിക്കാനിൽ എത്തിയപ്പോഴാണ് പാപ്പ, ക്രൈസ്തവരുടെ സംരക്ഷണം സംബന്ധിച്ച കാര്യങ്ങളില്‍ ഊന്നല്‍ നല്‍കിയത്. ഏകദേശം 30 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ മാർപാപ്പ നടത്തിയ ഇറാഖ് സന്ദർശനത്തെ പറ്റിയും, രാജ്യത്തെ ജനതയുടെ ജീവിതസാഹചര്യങ്ങളെ കുറിച്ചും ഇരുവരും സംസാരിച്ചെന്ന് വത്തിക്കാൻ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മറ്റുള്ള പൗരൻമാർക്ക് ലഭിക്കുന്ന അതേ അവകാശവും, ചുമതലകളും നൽകിക്കൊണ്ട് തന്നെ നിയമപരമായി നൂറ്റാണ്ടുകളായി ഇറാഖിൽ ജീവിക്കുന്ന ക്രൈസ്തവരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രിയും, ഫ്രാൻസിസ് മാർപാപ്പയും ചൂണ്ടിക്കാട്ടി.
ആഭ്യന്തരയുദ്ധങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അധിനിവേശത്തെയും തുടര്‍ന്നു വർഷങ്ങളായി ഇറാഖിലെ ക്രൈസ്തവ ജനസംഖ്യ കുറയുകയാണ്. 2003ൽ 14 ലക്ഷം ക്രൈസ്തവരുണ്ടായിരുന്ന രാജ്യത്ത് ഇപ്പോൾ രണ്ടരലക്ഷം ക്രൈസ്തവർ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ സാഹചര്യത്തില്‍ ക്രൈസ്തവരുടെ സംരക്ഷണം ആവശ്യപ്പെട്ടുക്കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഇടപെടല്‍ ക്രിസ്തീയ സമൂഹത്തിന് ആശ്വാസം പകര്‍ന്നേക്കുമെന്നാണ് സൂചന. രാജ്യത്തിന്റെ സ്ഥിരത ഉറപ്പുവരുത്തി, പുനർനിർമാണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ ദേശീയതലത്തിൽ ഉണ്ടാകേണ്ട സംവാദത്തെ പറ്റിയുള്ള ചർച്ചയും ഇരുവരുടെ കൂടിക്കാഴ്ചയില്‍ നടന്നു. കൂടിക്കാഴ്ചക്കുശേഷം ഇരുവരും പരസ്പരം സമ്മാനങ്ങൾ കൈമാറി.
വെങ്കലം കൊണ്ട് നിർമ്മിച്ച മുന്തിരിക്കുലകളും, ഒരു പ്രാവും ഉൾപ്പെടുന്ന ഒരു ചിത്രവും, 2021ലെ സമാധാന സന്ദേശത്തിന്റെ കോപ്പികളും, 2019ൽ പാപ്പയും അൽ അസർ സർവ്വകലാശാല ഗ്രാൻഡ് ഇമാം ശൈഖ് അഹ്മദ് അൽ തയ്ബും സംയുക്തമായി പ്രസിദ്ധീകരിച്ച മനുഷ്യ സാഹോദര്യത്തെ പറ്റിയുള്ള പ്രമാണരേഖയും, ഫ്രത്തെല്ലി തൂത്തി, ലൗദാത്തോ സി ചാക്രികലേഖനങ്ങളുടെ ഇംഗ്ലീഷ്, അറബി പരിഭാഷകളുമാണ് ഫ്രാന്‍സിസ് പാപ്പ പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകിയത്. ലിയനാർഡോ ഡാവിഞ്ചിയുടെ അന്ത്യ അത്താഴ ചിത്രത്തെ ആസ്പദമാക്കി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ തടങ്കലിൽ ആയിരുന്ന സമയത്ത് ഒരു സ്ത്രീ തുകലിൽ നിർമ്മിച്ച അന്ത്യ അത്താഴ ചിത്രം ഇറാഖി പ്രധാനമന്ത്രി പാപ്പയ്ക്ക് സമ്മാനമായി നൽകി.
ഇറാഖി നഗരമായ കരംലേഷിൽ ഇസ്ലാമിക് സ്റ്റേറ്റ് തകർത്ത സെന്റ് അദായി ദേവാലയത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നെടുത്ത തടിയും, കല്ലും ഉപയോഗിച്ച് നിർമ്മിച്ച ഒരു കുരിശും ഫ്രാൻസിസ് പാപ്പയ്ക്ക് അദ്ദേഹം സമ്മാനിച്ചു. നഗരത്തിലെ വീടുകളും ദേവാലയങ്ങളും പുനർനിർമിക്കാനായി രണ്ട് മില്യൻ ഡോളറാണ് കത്തോലിക്കാ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് നൽകിയത്. പാപ്പയെ കൂടാതെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുമായും, വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘറുമായും മുസ്തഫ അൽ കാദിമി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക