India - 2024

'ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂട കൊലപാതകം': വ്യാപക പ്രതിഷേധവുമായി കേരളത്തിലെ ഭരണപ്രതിപക്ഷ നേതൃത്വങ്ങളും

പ്രവാചകശബ്ദം 05-07-2021 - Monday

കൊച്ചി: യു.എ.പി.എ ചുമത്തി തടങ്കലിലാക്കി ഇന്ന് ആശുപത്രിയില്‍ മരണമടഞ്ഞ ഫാ. സ്റ്റാന്‍ സ്വാമിയുടെ വിയോഗത്തില്‍ രൂക്ഷമായ പ്രതികരണവുമായി കേരളത്തിലെ ഭരണപ്രതിപക്ഷ നേതൃത്വങ്ങളും. ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ അഗാധദുഖം രേഖപ്പെടുത്തുന്നുവെന്നും സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള മനുഷ്യര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ വച്ച ഒരാള്‍ കസ്റ്റഡിയില്‍ മരിക്കേണ്ടി വന്നത് നീതികരിക്കാനാവില്ലായെന്നും ഇത്തരം നീതിയുടെ ചതിക്കുഴികള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ലായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂടം നടത്തിയ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. അഞ്ച് പതിറ്റാണ്ടിലേറെ ആദിവാസികള്‍ക്കും പിന്നാക്കവിഭാഗക്കാര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച വൈദികനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു സ്റ്റാന്‍ സ്വാമി. യു.എ.പി.എ ചുമത്തി ബി.ജെ.പി സര്‍ക്കാര്‍ ജയിലില്‍ അടച്ച ഈ വന്ദ്യ വയോധികന്‍ ചെയ്ത കുറ്റം എന്താണ്? എന്ന ചോദ്യം പ്രതിപക്ഷ നേതാവ് ഉയര്‍ത്തി.

രാജ്യത്തെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും പട്ടിണി പാവങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തി എന്നതാണോ? ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെടുത്തി യു.എ.പി.എ ചുമത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വാമിയെ ജയിലില്‍ അടച്ചത്. നീതിയും മനുഷ്യത്വവും നിര്‍ഭയത്വവും സംയോജിച്ച അസാധാരണ വ്യക്തിത്വത്തെയാണ് ഭരണകൂട ഭീകരതയില്‍ രാജ്യത്തിനു നഷ്ടമായത്. അതും കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ. വ്യക്തമായ ഭരണകൂട ഭീകരതയാണിത്. കണ്ണില്‍ ചോരയില്ലാത്ത നടപടികളുടെ ഇരയാണ് സ്വാമി. ഇന്ത്യന്‍ ഭരണഘടനയെ എങ്ങനെ ഒരു സര്‍ക്കാര്‍ ചുരുട്ടി മെരുക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്റ്റാന്‍ സ്വാമിയുടെ കൊലപാതകമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഭരണകൂട ഭീകരതയുടെ ഇരയാണ് ഫാ സ്റ്റാന്‍ സ്വാമിയെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കറുത്ത ദിനമാണ്. ആദിവാസി ജനവിഭാഗങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചയാണു ഫാ സ്റ്റാന്‍ സ്വാമി അവസാന ശ്വാസം വരെ മനുഷ്യവാകശങ്ങൾക്കായിപോരാടിയ ഫാ സ്റ്റാന്‍ സ്വാമി . എന്നും ജ്വലിക്കുന്ന ഓർമയായിരിക്കും 84 വയസുള്ള വൈദികനെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോവിഡ് ബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പൂര്‍വാധികം വഷളായിട്ടും യഥാസമയം ചികിത്സ നല്കുന്നതില്‍ സർക്കാർപരാജയപ്പെട്ടു.മാനുഷിക പരിഗണന പോലും നൽകിയില്ല ഗുരുതരാവസ്ഥയിൽ ജാമ്യം നേടാനുള്ള എല്ലാ ശ്രമങ്ങളേയും സർക്കാർ എതിർത്തു രാജ്യത്ത പൗരപ്രമുഖരുമെല്ലാം വന്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടും സർക്കാരും കോടതിയും വഴങ്ങിയില്ല. ഫാ സ്റ്റാന്‍ സ്വാമിയുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സംഘപരിവാർ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷയാണ് ജെസ്യൂട്ട് പുരോഹിതൻ സ്റ്റാൻ ലൂർദ്ദ് സ്വാമിയുടെ മരണമെന്ന്‍ കേരളത്തിലെ മുൻ ധനകാര്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. റ്റി. എം. തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു. തെറ്റായ കുറ്റങ്ങൾ ചുമത്തപ്പെട്ട് തടങ്കലിലെത്തിയ അദ്ദേഹത്തോട് നീതി പീഠവും ദയ കാട്ടിയില്ല. ജീവിതകാലമത്രയും ദയയുടെയും കാരുണ്യത്തിൻ്റെയും വെളിച്ചം പരത്തിയ സ്റ്റാൻ സ്വാമിയ്ക്കുണ്ടായ ദുർവിധിയിലൂടെ ചരിത്രത്തിൽ രാജ്യത്തിൻ്റെ ശിരസ് എന്നേക്കുമായി കുനിഞ്ഞു താഴുകയാണ്. കാരണം, മനുഷ്യത്വത്തിനു മേൽ ഒരു രാജ്യം നടപ്പാക്കിയ വധശിക്ഷയായിത്തന്നെ ഈ അനീതിയെ കാലം വിധിക്കും.

അര നൂറ്റാണ്ടുകാലു കാലം ഝാർഖണ്ഡിലെ ആദിവാസികൾക്കുവേണ്ടി ജീവിതം സമർപ്പിച്ച ഫാദർ സ്റ്റാൻ സ്വാമി ചെയ്ത കുറ്റമെന്തായിരുന്നു? ജയിലിൽ ചികിത്സ മാത്രമല്ല, വിറക്കുന്ന കൈകൾ കൊണ്ട് ഗ്ലാസ് ഉയർത്തി വെള്ളം കുടിക്കാൻ കഴിയാതായപ്പോൾ സ്ട്രോ പോലും അധികൃതർ നിഷേധിച്ചു. നമ്മുടെ കോടതിക്ക് 50 ദിവസം വേണ്ടി വന്നു ജയിലധികൃതരെ കൊണ്ട് സ്ട്രോ ലഭ്യമാക്കണമെന്ന അപേക്ഷ സ്വീകരിപ്പിക്കാൻ. പിശാചുക്കൾ പോലും ചെയ്യാനറയ്ക്കുന്ന ക്രൂരത. കൺമുന്നിലിരിക്കുന്ന ദാഹജലം ഒരിറക്കു കുടിക്കാൻ കഴിയാതെ ഒരു മനുഷ്യജീവി മരണപ്പിടച്ചിൽ പിടയുന്നത് കണ്ടു നിൽക്കുന്ന അധികാരികളും ഭരണ സംവിധാനവും. ഈ ക്രൂരതയ്ക്ക് ദയാശൂന്യരായ ഏകാധിപതികളുടെ ചരിത്രത്തിൽപ്പോലും സമാനതകളില്ല.

മഹത്തായ പാരമ്പര്യത്തിൻ്റെയും ഔന്നത്യത്തിൻ്റെയും അവസാന കണികയും ചോർന്നു പോകുന്ന ദൗർഭാഗ്യത്തിൻ്റെ ഇരയാണ് ഇന്ത്യ. വരിയുടയ്ക്കകപ്പെട്ട നീതിബോധം സൃഷ്ടിച്ച രക്തസാക്ഷിയാണ് ഫാ. സ്റ്റാൻ സ്വാമി. ഈ പാതകത്തിൻ്റെ പേരിൽ പ്രതിക്കൂട്ടിൽ നിൽക്കേണ്ടത് നാമോരോരുത്തരുമാണ്. നമ്മുടെ നിശബ്ദതയും ഈ നരാധമന്മാർക്ക് വളമായിട്ടുണ്ട്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആണ് ജസ്യൂട്ട് സഭ ഏറ്റവും വലിയ സംഭാവന നൽകിയിട്ടുള്ളത്. എഴുപതുകളിൽ വിമോചന ദൈവ ശാസ്ത്രത്തിന്റെ ചിന്താ സരണികളിലേക്ക് ഒട്ടേറെ ജസ്യൂട്ട് സഭാംഗങ്ങൾ തിരിഞ്ഞു.

സ്റ്റാൻ സ്വാമി തിയോളജി പഠനകാലത്ത് തന്നെ ഈ ആദർശക്കാരനായി. അങ്ങനെ ഇന്ത്യയിൽ അദ്ദേഹം ആദിവാസിമേഖല തന്റെ പ്രവർത്തന മണ്ഡലമായി തെരഞ്ഞെടുത്തു .ഏത് പരിഷ്കൃത ജനതയും ആദരവോടെയാണ് ആ പ്രവർത്തനങ്ങളെ അഭിസംബോധന ചെയ്യുക. എന്നാൽ സംഘപരിവാറുകാർക്ക് അത്തരം മനുഷ്യ സഹജ വികാരങ്ങളില്ല. അതു കൊണ്ടാണവർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പകയോടെ കാണുന്നത്. ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ജീവനോടെ ചുട്ടുകൊന്നവർ ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് ദാഹജലം നിഷേധിച്ച് മരണം വിധിച്ചു. നന്മയും നീതിയും ഉയർത്തി പിടിച്ചതിനാണ് ഈ വന്ദ്യ പുരോഹിതൻ രക്തസാക്ഷിയായതെന്നും ഗാന്ധിജിയ്ക്ക് വെടിയുണ്ട വിധിച്ചവർ നിശ്ചയമായും ഈ കൊലപാതകവും ആർത്തുവിളിച്ച് ആഘോഷിക്കുമെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു. നിരവധി നേതാക്കളാണ് വിഷയത്തില്‍ പ്രതികരണവുമായി മുന്നോട്ട് വന്നുക്കൊണ്ടിരിക്കുന്നത്.


Related Articles »