News - 2025

ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം

പ്രവാചകശബ്ദം 09-07-2022 - Saturday

ന്യൂഡല്‍ഹി: ഭരണകൂട ഭീകരതയ്ക്കിരയായി ജയിലില്‍ കഴിയവേ മരണപ്പെട്ട പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ നിഷ്‌പക്ഷ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം യു.എസ് കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചു. ജനപ്രതിനിധികളായ ആന്‍ഡ്രേ കാഴ്സണിന്റേയും, ജെയിംസ് മക്ഗവേണിന്റേയും പിന്തുണയോടെ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക്‌ പാര്‍ട്ടി പ്രതിനിധി ജുവാന്‍ വര്‍ഗാസാണ് പ്രമേയം കോണ്‍ഗ്രസ്സിന്റെ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചത്. നീതി നിഷേധിക്കപ്പെട്ട ഫാ. സ്റ്റാന്‍ സ്വാമി ഒരുപാട് മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയായി 84-മത്തെ വയസ്സില്‍ അന്ത്യശ്വാസം വലിച്ചത്.

ഫാ. സ്റ്റാന്‍ സ്വാമിയുടെ ഒന്നാം ചരമവാര്‍ഷികത്തിലാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. “ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കും, അവരുടെ സംരക്ഷകര്‍ക്കും എതിരെയുള്ള പീഡനം” എന്ന പേരില്‍ ഇക്കഴിഞ്ഞ ജൂലൈ 5-ന് സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുക്കവേ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തേക്കുറിച്ച് വര്‍ഗാസ് പരാമര്‍ശിച്ചിരിന്നു. ആദിവാസി - ദളിത്‌ സമൂഹത്തിന്റെ ഉന്നമനത്തിനായി വൈദികന്‍ നടത്തിയ സേവനങ്ങളെ വെബിനാറില്‍ പങ്കെടുത്ത പാനല്‍ പ്രത്യേകം പരാമര്‍ശിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരിക്കവേ ഫാ. സ്റ്റാന്‍ സ്വാമിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും, മനുഷ്യാവകാശങ്ങള്‍ക്ക് പോരാടുന്ന ആര്‍ക്കും ഇത്തരം അക്രമങ്ങളും അവഗണനയും നേരിടേണ്ടി വരരുതെന്നും വര്‍ഗാസ് പറഞ്ഞു.

2020 ഒക്ടോബര്‍ 8-ന് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നും കള്ളകേസ് ചുമത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്ത വൈദികനെ യു.പി.എ ചുമത്തി നവി മുംബൈയിലെ തലോജ ജയിലിലടക്കുകയായിരുന്നു. പാര്‍ക്കിന്‍സണ്‍ രോഗവും മറ്റ് രോഗങ്ങളും ഉണ്ടായിരുന്ന അദ്ദേഹം ആരോഗ്യ പ്രശ്നങ്ങള്‍ പല പ്രാവശ്യം ചൂണ്ടിക്കാണിച്ചുവെങ്കിലും കോടതിയില്‍ നിന്ന്‍ വരെ നീതി നിഷേധമുണ്ടായി. പരസഹായം കൂടാതെ പ്രാഥമിക കര്‍മ്മങ്ങള്‍ പോലും നിര്‍വഹിക്കുവാന്‍ കഴിയാത്ത അദ്ദേഹത്തിന് കോടതി ജാമ്യം നിഷേധിച്ചു. 2021 മെയ് 29നാണ് ഫാ. സ്റ്റാന്‍ സ്വാമിയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം ഹൃദയസ്തംഭനം ഉണ്ടായതിനെ തുടര്‍ന്ന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 2021 ജൂലൈ 5നു നീതിപീഠത്തിന്റേയും ഭരണകൂടത്തിന്റേയും ദയക്ക് കാത്തു നില്‍ക്കാതെ ആ മനുഷ്യസ്നേഹി മരണപ്പെട്ടു. ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തെ തുടര്‍ന്ന്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »