India - 2025
ഫാ. സ്റ്റാന്‍ സ്വാമിയുടെ ശിഷ്യരില്‍ ഡോ. ജാന്‍സി ജെയിംസും മന്ത്രി ആന്റണി രാജുവും
06-07-2021 - Tuesday
കോട്ടയം: ഫാ. സ്റ്റാന്‍ സ്വാമിയുടെ ശിഷ്യരില്‍ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസും മന്ത്രി ആന്റണി രാജുവും ഉള്‍പ്പെടെയുള്ള പ്രമുഖര്‍. ഐക്കഫ് (ഓള്‍ ഇന്ത്യ കാത്തലിക് യൂണിവേഴ്‌സിറ്റി ഫെഡറേഷന്‍) സംഘടനയുടെ റിസോഴ്‌സ് ടീമില്‍ അംഗവും പ്രധാന പരിശീലകനുമായിരുന്ന സ്റ്റാന്‍ സ്വാമിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന വിവിധ പഠന ക്യാന്പുകളില്‍ ഡോ. ജാന്‍സി ജെയിംസ് പങ്കെടുത്തിട്ടുണ്ട്. വേറിട്ട ചിന്തകളും വ്യക്തിത്വവും പുലര്‍ത്തിയിരുന്ന വൈദികനാണ് ഫാ. സ്റ്റാനെന്നും അപാരമായ ചിന്തകളും ബോധ്യങ്ങളും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ ഉള്‍ക്കൊണ്ടിരുന്നുവെന്നും സഭയിലും സമൂഹത്തിലും യുവജനങ്ങളുടെ ദൗത്യങ്ങളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ദര്‍ശനം ഏറെ ഉയര്‍ന്നതുമായിരുന്നുവെന്നും അനുസ്മരിച്ചു.
1970കളില്‍ ഐക്കഫിന്റെ പരിശീലന ക്വാന്പുകളില്‍ പങ്കെടുത്തിരുന്ന യുവജനങ്ങളെയും വിശ്വാസത്തിലും ബോധ്യങ്ങളിലും സന്പന്നരാക്കാന്‍ ഈശോസഭാംഗമായ സ്റ്റാന്‍ അച്ചന്‍ മുന്നിലുണ്ടായിരുന്നു. മന്ത്രി ആന്റണി രാജു, ജസ്റ്റീസ് കുര്യന്‍ ജോസഫ്, ജസ്റ്റീസ് സിറിയക് ജോസഫ്, ഡോ. മൈക്കിള്‍ തരകന്‍ തുടങ്ങിയവരൊക്കെ അക്കാലത്ത് ഐക്കഫില്‍ സജീവമായിരിക്കെ സ്റ്റാന്‍ അച്ചന്റെ പരിശീലന ക്ലാസുകളില്‍ പങ്കെടുത്തവരാണ്. ഒപ്പം ഐക്കഫിന്റെ ഭാരവാഹികളുമായിരുന്നു. ആന്റണി രാജു ഐക്കഫിന്റെ ദേശീയ വൈസ്പ്രസിഡന്റായിരുന്നു. ബാംഗളുരുവിലെ ജസ്യൂട്ട് സ്ഥാപനമായ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായി സ്റ്റാന്‍ സ്വാമി പത്തു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ 20 ജസ്യൂട്ട് പ്രോവിന്‍സുകളില്‍ ദേശീയ തലത്തിലുള്ള പഠന, ഗവേഷണ സ്ഥാപനമാണ് ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട്.