India - 2024

ഫാ. സ്റ്റാന്‍ സ്വാമിയുടെ ആശുപത്രിവാസം ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച വരെ നീട്ടി

04-07-2021 - Sunday

മുംബൈ: എല്‍ഗാര്‍ പരിഷത്തുമായി ബന്ധമുണ്ടെന്ന് ആരോപണത്തെത്തുടര്‍ന്ന് അറസ്റ്റിലായ ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ആശുപത്രിവാസം ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച വരെ നീട്ടി. ഫാ. സ്റ്റാന്‍ സ്വാമി മുംബൈ ഹോളിഫാമിലി ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മിഹിര്‍ ദേശായി കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണിത്. 84 കാരനായ ഫാ.സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുമെന്നും ജസ്റ്റീസ് എസ്.എസ്. ഷിന്‍ഡെയും ജസ്റ്റീസ് എന്‍.ജെ. ജമാംദാറും അടങ്ങുന്ന ബഞ്ച് ഇടക്കാല ഉത്തരവില്‍ പറയുന്നു.

അറസ്റ്റിലായ 2020 ഒക്ടോബര്‍ മുതല്‍ മുംബൈയിലെ തലോജ ജയിലില്‍ കഴിയുകയായിരുന്ന വൈദികനെ ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നേരത്തേ സബര്‍ബന്‍ ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

പാര്‍ക്കിന്‍സണ്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം തേടി ഫാ. സ്റ്റാന്‍ സ്വാമി നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണിത്. സ്വകാര്യാശുപത്രിയില്‍ പരിശോധനയ്ക്കിടെ ഫാ.സ്റ്റാന്‍ സ്വാമിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. ആരോഗ്യസ്ഥിതി ഉള്‍പ്പെടെ പരിഗണിച്ച് ജാമ്യം നല്‍കണമെന്ന ഹര്‍ജി സമയക്കുറവ് മൂലം വൈള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നതുവരെ ഫാ.സ്റ്റാന്‍ സ്വാമി ആശുപത്രിയില്‍ തുടരട്ടെയെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.


Related Articles »