India - 2024

എംടിപി ആക്ടിന്റെ 50ാം വാര്‍ഷികമായ ഓഗസ്റ്റ് 10 കറുത്ത ദിനമായി ആചരിക്കാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആഹ്വാനം

പ്രവാചകശബ്ദം 03-07-2021 - Saturday

കൊച്ചി: 1971 മുതല്‍ ഇന്ത്യയില്‍ നിലവിലുള്ള മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി (എംടിപി) ആക്ടിന്റെ അമ്പതാം വാര്‍ഷികമായ ഓഗസ്റ്റ് 10ന് ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ദിനമായി സഭയില്‍ ആചരിക്കാന്‍ സീറോ മലബാര്‍ സഭയുടെ കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആഹ്വാനം. കമ്മീഷന്റെ ഓണ്‍ലൈന്‍ നേതൃയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവജനത്തിന്റെ ക്ഷേമത്തിനും കൂട്ടായ്മയ്ക്കും വേണ്ടി സഭയിലെ അല്മായ പ്രസ്ഥാനങ്ങള്‍ നിലകൊള്ളണമെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

വയോധികര്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ആഗോള ദിനാചരണം ജൂലൈ 25നു സീറോ മലബാര്‍ സഭയില്‍ ആഘോഷിക്കും. അല്മായ ഫോറങ്ങളുടെ പുതിയ പ്രവര്‍ത്തനരേഖ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി അവതരിപ്പിച്ചു. പുതിയ ഫോറങ്ങള്‍ തുടങ്ങാനുള്ള നിര്‍ദേശങ്ങള്‍ യോഗം അംഗീകരിച്ചു.കമ്മീഷന്‍ മെംബര്‍മാരായ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍,സെക്രട്ടറി ഫാ. ആന്റണി മൂലയില്‍, വി.സി. സെബാസ്റ്റ്യന്‍, ബിജു പറയന്നിലം, സാബു ജോസ്, ഫാമിലി അപ്പോസ്തലേറ്റ്, പ്രോലൈഫ്, എകെസിസി, കുടുംബകൂട്ടായ്മ, മാതൃവേദി സംഘടനകളുടെ സഭാതല ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.


Related Articles »