India - 2025

ഫാ. സ്റ്റാന്‍ സ്വാമി: കെസിവൈഎം ഓണ്‍ലൈന്‍ പ്രതിഷേധസദസ് സംഘടിപ്പിച്ചു

08-07-2021 - Thursday

കോട്ടയം: ഫാ. സ്റ്റാന്‍ സ്വാമിയോട് ഭരണകൂടം കാണിച്ച നീതി നിഷേധത്തിനെതിരേ കെസിവൈഎം ഓണ്‍ലൈന്‍ പ്രതിഷേധസദസ് സംഘടിപ്പിച്ചു. 12 മണിക്കൂര്‍ തുടര്‍ച്ചയായി നീണ്ടുനിന്ന പ്രതിഷേധസദസില്‍ 32 രൂപതാ പ്രതിനിധികളും പങ്കെടുത്ത് പ്രതിഷേധം രേഖപ്പെടുത്തി. കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ് സിജോ ഇലന്തൂര്‍ ഉദ്ഘാടനം ചെയ്തു. കെസിബിസി വക്താവും പിഒസി ഡയറക്ടറുമായ ഫാ. ജേക്കബ് പാലയ്ക്കപ്പള്ളി സമാപന സന്ദേശം നല്‍കി. സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടവന്റെ ശബ്ദം ലോകത്തോട് വിളിച്ചുപറയാന്‍ നിയോഗിക്കപ്പെട്ടവരാണ് ഓരോ യുവജനവുമെന്ന് സമാപന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

ഫാ. സ്റ്റാന്‍ സ്വാമിയോടുള്ള ആദരസൂചകമായി 32 രൂപതയും കരിദിനം ആചരിക്കുകയും അദ്ദേഹത്തിനുണ്ടായ നീതിനിഷേധത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ രൂപത തലത്തില്‍ സംഘടിപ്പിക്കുകയും ചെയ്തു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വേര്‍ഡ് രാജു, ജനറല്‍ സെക്രട്ടറി ഷിജോ ഇടയാടില്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റുമാ രായ റോഷ്‌ന മറിയം ഈപ്പന്‍, അഗസ്റ്റിന്‍, സെക്രട്ടറിമാരായ റോസ് മേരി തേറുകാട്ടില്‍, ഫിലോമിന സിമി ഫെര്‍ണാണ്ടസ്, ഡെനിയ സിസി ജയന്‍, അജോയ് പി.തോമസ്, ട്രഷറര്‍ എബിന്‍ കുര്യാക്കോസ്, ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മെറിന്‍ എന്നിവര്‍ പങ്കെടുത്തു.


Related Articles »