News - 2025
പൂര്‍വ്വപിതാവായ അബ്രഹാമിന്റെ നാമത്തില്‍ ജന്മദേശമായ ‘ഉര്‍’ പട്ടണത്തില്‍ പുതിയ ദേവാലയം ഒരുങ്ങുന്നു
പ്രവാചകശബ്ദം 13-07-2021 - Tuesday
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിന്റെ തെക്ക് ഭാഗത്തു നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള ലോവര്‍ മെസൊപ്പൊട്ടോമിയയിലെ പുരാതന കല്‍ദായ നഗരവും, പൂര്‍വ്വപിതാവായ അബ്രഹാമിന്റെ ജന്മദേശമായി ഉല്‍പ്പത്തി പുസ്തകത്തില്‍ പരാമര്‍ശിക്കുകയും ചെയ്യുന്ന ‘ഉര്‍’ നഗരത്തില്‍ പുതിയ കത്തോലിക്കാ ദേവാലയം നിര്‍മ്മിക്കുന്നു. ഇക്കഴിഞ്ഞ ജൂലൈ 10ന് ഇറാഖിലെ കല്‍ദായ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാക്കോയും, ഇറാഖി പ്രധാനമന്ത്രി മുസ്തഫ അല്‍ കദീമിയും പങ്കെടുത്ത കൂടിക്കാഴ്ചയില്‍ ദേവാലയ നിര്‍മ്മാണ പദ്ധതിയുടെ മുഖ്യ എഞ്ചിനീയറായ അദൌര്‍ ഫതൌഹി പുതിയ ദേവാലയത്തിന്റെ രൂപകല്‍പ്പന കൈമാറി.
തന്റെ സ്വപ്നപദ്ധതിയായ ഈ ദേവാലയ നിര്‍മ്മാണത്തിനുള്ള വ്യക്തിപരമായ സംഭാവന എന്ന നിലയിലാണ് കല്‍ദായ എഞ്ചിനീയര്‍ ഫതൌഹി രൂപകല്‍പ്പന കൈമാറിയത്. ദേവാലയനിര്‍മ്മാണത്തിന് വേണ്ട സഹായവും അദ്ദേഹം വാഗ്ദാനം ചെയ്യുകയുണ്ടായി. പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണ പദ്ധതിയെ കര്‍ദ്ദിനാള്‍ സാക്കോ ആശീര്‍വദിക്കുകയും പദ്ധതിക്ക് വേണ്ട പിന്തുണയും പ്രോത്സാഹനവും വാഗ്ദാനം ചെയ്തുവെന്നും കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ എ.സി.ഐ പ്രെന്‍സ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉര്‍ നഗരം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രത്യേകിച്ച് ക്രൈസ്തവര്‍ക്ക് കൂടിക്കാഴ്ച നടത്തുന്നതിനായി പുതിയ ദേവാലയത്തിന്റെ രൂപകല്‍പ്പനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മുറിക്ക് ഫ്രാന്‍സിസ് പാപ്പയുടെ നാമം നല്‍കുവാനുള്ള തീരുമാനത്തെ പാത്രിയാര്‍ക്കീസ് പ്രത്യേകം അഭിനന്ദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ദേവാലയ നിര്‍മ്മാണ പദ്ധതിക്ക് ഇറാഖി പ്രധാനമന്ത്രി അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ച് 5 മുതല്‍ 8 വരെ ഫ്രാന്‍സിസ് പാപ്പ ഇറാഖില്‍ നടത്തിയ തന്റെ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസത്തില്‍ ‘ഉര്‍’ നഗരത്തില്‍വെച്ച് പാപ്പ വിവിധ മതവിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്ലാം ഭൂരിപക്ഷമായ രാജ്യമായ ഇറാഖിലെ ക്രൈസ്തവ ജനസംഖ്യ ആകെ ജനസംഖ്യയുടെ വെറും 1.5% മാത്രമാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക