India - 2024

ഡൽഹിയിൽ ക്രൈസ്തവ ദേവാലയം തകർത്തത്‌ അപലപനീയം: സീറോമലബാർ സഭ

പ്രവാചകശബ്ദം 13-07-2021 - Tuesday

കാക്കനാട്: ഡൽഹിയിലെ ഫരീദാബാദ് സീറോമലബാർ സഭയുടെ അന്ധേരി മോഡിലുള്ള ലിറ്റിൽ ഫ്ളവർ ദേവാലയം ഇടിച്ചു നിരത്തിയ സംഭവത്തെ അപലപിച്ച് സീറോമലബാർ സഭ. 13 വർഷത്തോളമായി ദിവ്യബലിയും ആരാധനയും നടക്കുന്ന പള്ളിയും അനുബന്ധകെട്ടിടങ്ങളും ജെസിബി ഉപയോഗിച്ച്‌ നിലംപരിശാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഹൃദയഭേദകമാണെന്നും വിശുദ്ധ കുർബാനയും ആരാധനാ വസ്തുക്കളും മറ്റും ദേവാലയത്തിൽ സൂക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് പ്രസ്തുത സംഭവം നടന്നത് എന്നതും ഏറെ ദുഃഖമുളവാക്കുന്നുവെന്നും സീറോ മലബാര്‍ സഭ പ്രസ്താവനയില്‍ കുറിച്ചു.

നാനൂറ്റി അമ്പത് കുടുംബങ്ങളിൽ നിന്നായി ആയിരത്തിയഞ്ഞൂറോളം വിശ്വാസികൾ പതിമൂന്ന് വർഷമായി ആശ്രയിച്ചിരുന്ന ദേവാലയമാണ് പൊളിച്ചുമാറ്റിയത്. നിർമ്മാണത്തെ ചൊല്ലിയുള്ള ത‍ർക്കം കോടതിയുടെ പരി​ഗണനയിലിരിക്കെയാണ് സർക്കാർ അധികൃതർ ദേവാലയം ഇടിച്ചു നിരത്തിയത്. ഡൽഹിയിലെ ഈ നടപടി തികച്ചും അപലപനീയമാണ്. ക്രൈസ്തവ സമൂഹത്തിന് നേരെ ഉണ്ടായ ഈ അതിക്രമത്തിൽ സീറോമലബാർ സഭ പ്രതിഷേധം രേഖപ്പെടുത്തുന്നു. ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ രേഖകൾ മാത്രമല്ല, ഈ ദേവാലയത്തിൽ ആരാധന തടയുകയോ പള്ളി പൊളിക്കുകയോ ചെയ്യരുത്‌ എന്ന ഡൽഹി ഹൈക്കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകളും തങ്ങളുടെ കൈവശമുണ്ടെന്ന്‌ പള്ളി അധികൃതർ അറിയിച്ചിട്ടുണ്ട്‌.

ലാഡോ സരായി അന്ധേരി മോഡിലെ ഡോ. അംബേദ്കർ കോളനിയിൽ ഇടവകാംഗം നല്കിയ സ്ഥലത്താണ്‌ ദേവാലയം നിലനിന്നിരുന്നത്‌. സ്ഥലത്തിന്റെ രേഖകൾ കൈവശമുണ്ടാവുകയും ഹൈക്കോടതി ഉത്തരവ്‌ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബലം പ്രയോഗിച്ച്‌ ദേവാലയം പൊളിച്ചത്‌ ഭാരതത്തിലെ ക്രൈസ്തവന്യൂനപക്ഷത്തിന്‌ ആശങ്കയ്ക്ക്‌ കാരണമായിട്ടുണ്ട്‌. അതിനാൽ ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായ ഇടപെടുകയും തങ്ങളുടെ ആരാധനാലയം നഷ്ടപ്പെട്ട വിശ്വാസികൾക്ക് നീതി നടത്തി തരുകയും ചെയ്യണമെന്ന് സീറോമലബാർ സഭ ആവശ്യപ്പെട്ടു.


Related Articles »