News - 2025

ഛത്തീസ്ഗഢിൽ ക്രിസ്ത്യന്‍ മിഷ്ണറിമാരെ നിരീക്ഷിക്കാൻ പോലീസ് ഉത്തരവ്: പ്രതിഷേധം ഉയരുന്നു

പ്രവാചകശബ്ദം 17-07-2021 - Saturday

റായ്പൂര്‍: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ ക്രിസ്ത്യന്‍ മിഷ്ണറി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പോലീസ് ഇറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പോലീസ് സൂപ്രണ്ട് പദവിയിലിരിക്കുന്ന സുനിൽ ശർമയാണ് ക്രൈസ്തവ മിഷ്ണറിമാരുടെയും, ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആദിവാസികളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കീഴുദ്യോഗസ്ഥർക്ക് സർക്കുലറിലൂടെ നിർദ്ദേശം നൽകിയത്. ഇഷ്ടമുള്ള വിശ്വാസം പിന്തുടരാൻ ആളുകൾക്കു സ്വാതന്ത്ര്യമുണ്ടെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും, മതപരിവർത്തനം നടത്തിയ ആളുകളുടെ കണക്ക് ശേഖരിക്കാൻ തങ്ങൾക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും പരിവര്‍ത്തിത ക്രൈസ്തവരും മറ്റ് ആദിവാസികളും തമ്മില്‍ പ്രശ്നമുണ്ടാകുന്നത് കുറയ്ക്കാനാണെന്നുമാണ് സുനിൽ ശർമ പറയുന്നത്.

ഭരണഘടന പ്രകാരം, ആളുകളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും അവർക്ക് സുരക്ഷ നൽകാനും, ദൗത്യമാണ് പോലീസിന് ഉള്ളതെന്നും, അതിനാൽ ക്രൈസ്തവ മിഷ്ണറിമാരെ നിരീക്ഷിക്കാൻ സർക്കുലർ ഇറക്കിയ പോലീസ് സൂപ്രണ്ടിന്റെ നടപടി വിവേചനപരമാണെന്നും ദേശീയ മെത്രാൻ സമിതിയുടെ മുൻ വക്താവ് ഫാ. ബാബു ജോസഫ് ഏഷ്യാ ന്യൂസിനോട് പറഞ്ഞു. യഥാർത്ഥ പ്രശ്നക്കാരെ പരാമർശിക്കാതെ ജില്ലയിലെ സാമൂഹിക പ്രശ്നങ്ങൾക്ക് ഏകകാരണം ക്രൈസ്തവ മിഷ്ണറിമാർ ആണെന്ന ധ്വനിയാണ് സർക്കുലറിൽ ഉള്ളതെന്ന് അദ്ദേഹം ആരോപിച്ചു. യഥാർത്ഥ പോലീസ് ഉദ്യോഗസ്ഥൻ, എല്ലാവർക്കും പ്രത്യേകിച്ച് ഇരകൾക്ക് നീതി ഉറപ്പാക്കാൻ ശ്രമിക്കും. ക്രൈസ്തവ മിഷ്ണറിമാർ സമൂഹത്തിന് നൽകിയിരിക്കുന്ന സംഭാവനകൾ പരിഗണിക്കാതെ മതപരിവർത്തനം നടത്തിയെന്ന ആരോപണമുന്നയിച്ച് മിഷനറിമാരെ വേട്ടയാടുന്ന പ്രവണത ചില സംഘടനകളും, സർക്കാർ തലപ്പത്തിരിക്കുന്ന ചിലരും പതിവാക്കിയിരിക്കുകയാണെന്ന് ഫാ. ബാബു ചൂണ്ടിക്കാട്ടി.

ആദിവാസികളുടെ ജീവിതാവസ്ഥ ക്രൈസ്തവ മിഷ്ണറിമാർ മൂലമാണ് മെച്ചപ്പെട്ടതെന്നും, ഏതാനും ചില വലതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ആദിവാസികളോട് പ്രത്യേക സ്നേഹം അടുത്തകാലത്തുണ്ടായത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികളെ ആരു സഹായിച്ചാലും ക്രൈസ്തവ മിഷ്ണറിമാർക്ക് പ്രശ്നമില്ല. എന്നാൽ ആരും സഹായിക്കാത്ത ഘട്ടത്തിൽ ക്രൈസ്തവ മിഷ്ണറിമാർ അവരെ സഹായിക്കുമ്പോൾ അത് മതപരിവർത്തനത്തിനു വേണ്ടിയാണെന്ന് മാത്രം ചിത്രീകരിക്കപ്പെടുന്നു. ആദിവാസി സഹോദരങ്ങൾ ഇന്ത്യയിലെ പൗരന്മാർ തന്നെയാണെന്നും, ജീവിത വഴിയും വിശ്വാസങ്ങളും തെരഞ്ഞെടുക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഫാ. ബാബു ജോസഫ് കൂട്ടിച്ചേർത്തു. 2011ലെ സെന്‍സസ് പ്രകാരം 93 ശതമാനം ഹൈന്ദവര്‍ തിങ്ങി പാര്‍ക്കുന്ന ചത്തീസ്ഗഡിലെ ക്രൈസ്തവ ജനസംഖ്യ 1.92 ശതമാനം മാത്രമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »