India - 2024

'അല്‍ഫോന്‍സാമ്മ ലോകത്തിന്റെ അതിര്‍ത്തികള്‍വരെ എത്തിനില്‍ക്കുന്ന വലിയ ഒരു ഒലിവു വൃക്ഷം'

20-07-2021 - Tuesday

ഭരണങ്ങാനം: അല്‍ഫോന്‍സാമ്മ ലോകം മുഴുവന്‍ വ്യാപിക്കുന്ന ആധ്യാത്മിക ശക്തിയാണെന്നും ലോകത്തിന്റെ അതിര്‍ത്തികള്‍വരെ എത്തിനില്‍ക്കുന്ന വലിയ ഒരു ഒലിവു വൃക്ഷമാണെന്നും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഇന്നലെ വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗപ്രവേശനത്തിന്റെ 75ാം വാര്‍ഷികത്തോട് അനുബന്ധിച്ച് തിരുനാളിനും കൊടിയേറ്റല്‍ നടത്തിയതിന് ശേഷം സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം.

വളരെ ലളിതമായ ജീവിതത്തില്‍ ലോകത്തെ കീഴ്‌പ്പെടുത്തിയ അമ്മയുടെ കബറിടത്തിലെത്തുന്ന ഓരോരുത്തര്‍ക്കും കൂട്ടത്തില്‍ എന്തെങ്കിലും തിരികെ കൊണ്ടുപോകാന്‍ അമ്മ സമ്മാനിക്കുന്നു. സൗഖ്യത്തിന്റെയും ശാന്തിയുടെയും സമാധാനത്തിന്റെയും സാക്ഷ്യങ്ങളുമായാണ് അല്‍ഫോന്‍സാ ഭക്തര്‍ തിരികെ പോകുന്നതെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശത്തില്‍ പറഞ്ഞു.

സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ജോസ് വള്ളോംപുരയിടത്തില്‍, തീര്‍ഥാടന കേന്ദ്രത്തിലെ വൈദികര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കൊടിയേറ്റിനെത്തുടര്‍ന്നു മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. എല്ലാവരും അകറ്റിക്കളയുവാന്‍ ആഗ്രഹിക്കുന്ന സഹനത്തെ അല്‍ഫോന്‍സാമ്മ ആത്മീയ ഔഷധമാക്കിയെന്ന് മാര്‍ ജേക്കബ് മുരിക്കന്‍ സന്ദേശത്തില്‍ പറഞ്ഞു. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 5.30, 6.45, എട്ട്, 11, ഉച്ചകഴിഞ്ഞു മൂന്ന്, അഞ്ച് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

വൈകുന്നേരം അഞ്ചിനുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ജപമാല പ്രാര്‍ഥന നടത്തും. കോവിഡ് നിയന്ത്രണങ്ങള്‍ക്കു വിധേയമായി വിശ്വാസികള്‍ക്ക് തിരുനാളില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍ വഴി എല്ലാ തിരുക്കര്‍മങ്ങളും ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്.


Related Articles »