News

ചൈനയില്‍ ഭരണകൂടം അറസ്റ്റ് ചെയ്ത മെത്രാനെയും വൈദികരെയും കുറിച്ച് യാതൊരറിവുമില്ല: ആശങ്ക പ്രകടിപ്പിച്ച് മനുഷ്യാവകാശ സംഘടന

പ്രവാചകശബ്ദം 21-07-2021 - Wednesday

ബെയ്ജിംഗ്: ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷിന്‍ജിയാംഗ് രൂപതയില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട കത്തോലിക്ക മെത്രാനെയും പത്തു വൈദികരെയും, സെമിനാരി വിദ്യാര്‍ത്ഥികളെക്കുറിച്ചും രണ്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരറിവുമില്ലാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് മനുഷ്യാവകാശ സംഘടന. ഇവര്‍ക്കെന്താണ് സംഭവിച്ചതെന്നോ, ഇവരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തേക്കുറിച്ചോ ഇതുവരെ യാതൊരു വിവരവുമില്ലെന്നു യു.സി.എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വൈദികരെ കുറ്റവാളികളായി ചിത്രീകരിച്ച് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അധോസഭയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാര്‍ അടിച്ചമര്‍ത്തലിന്റെ ഭാഗമാണെന്നാണ് ചൈനയിലെ കത്തോലിക്കാ വിശ്വാസികള്‍ പറയുന്നത്.

മെയ് 21-നാണ് ഹെനാന്‍ പ്രവിശ്യയിലെ ഷിന്‍ജിയാംഗില്‍ നിന്നും വത്തിക്കാന്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അധോസഭയിലെ മെത്രാനും അറുപത്തിമൂന്നുകാരനുമായ ബിഷപ്പ് ജോസഫ് ഴ്സങ് വെയിഷു അറസ്റ്റിലായത്. 10 വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളേയും അറസ്റ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു മെത്രാന്റെ അറസ്റ്റ്. കൂട്ട അറസ്റ്റ് ആഗോളതലത്തില്‍ കടുത്ത വിമര്‍ശനത്തിന് കാരണമായിരിന്നു. ഉപേക്ഷിക്കപ്പെട്ട ഒരു ഫാക്ടറി കെട്ടിടം സെമിനാരിയായി പരിവര്‍ത്തനം ചെയ്യുകയും, വൈദീക വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി വൈദികരെ നിയമിക്കുകയും ചെയ്തതാണ് അറസ്റ്റിന് പിന്നിലെ കാരണമായി പറയപ്പെടുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) അറസ്റ്റിലായവരെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജൂലൈ 16ന് പ്രസ്താവന പുറത്തുവിട്ടിരുന്നു.

അറസ്റ്റിലായവരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.സി.പി) യുടെ ആശയങ്ങള്‍ക്കനുസൃതമായുള്ള നിര്‍ബന്ധിതക്ലാസില്‍ ബോധവത്കരണത്തില്‍ പങ്കെടുപ്പിക്കുകയാണെന്ന് നേരത്തെ ഐ.സി.സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു മെത്രാനെന്ന നിലയില്‍ തന്റെ കടമകള്‍ നിര്‍വഹിക്കുന്നതില്‍ നിന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബിഷപ്പ് ജോസഫിനെ വിലക്കിയിരിക്കുകയായിരുന്നെങ്കിലും, 1991-ലെ രഹസ്യ വാഴിക്കലിനു ശേഷം അദ്ദേഹം തന്റെ രൂപതയ്ക്കു നേതൃത്വം നല്‍കി വരികയായിരുന്നു. 1945-ല്‍ വത്തിക്കാന്‍ അംഗീകാരത്തോടെ രൂപീകരിക്കപ്പെട്ട ഷിന്‍ജിയാംഗ് രൂപതയ്ക്കു ചൈനീസ് സര്‍ക്കാരോ, സര്‍ക്കാര്‍ അംഗീകൃത കത്തോലിക്കാ സഭയുടെ മെത്രാന്‍ സമിതിയോ (ബി.സി.സി.സി.സി), ചൈനീസ് കത്തോലിക് പാട്രിയോട്ടിക് അസോസിയേഷനോ (സി.സി.പി.എ) അംഗീകാരം നല്‍കിയിട്ടില്ല.

ഷിന്‍ജിയാംഗിലെ കത്തോലിക്ക സ്കൂളുകളും, കിന്റര്‍ഗാര്‍ട്ടനുകളും അടച്ചുപൂട്ടി ഒരുവര്‍ഷത്തിനുള്ളിലാണ് ഈ കൂട്ട അറസ്റ്റെന്നതാണ് ഏറ്റവും ഖേദകരമായ കാര്യം. ഫ്രഞ്ച് കത്തോലിക്ക മെത്രാന്‍ സമിതി അറസ്റ്റില്‍ ആശങ്കരേഖപ്പെടുത്തിയിട്ടുണ്ട്. ‘ഈ സഹനങ്ങളെ അതിജീവിക്കുവാന്‍ ദൈവം നിങ്ങള്‍ക്ക് ശക്തി തരട്ടേ’ എന്നു ഫ്രഞ്ച് മെത്രാപ്പോലീത്ത എറിക് ഡെ മൗളിന്‍സ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ചൈനയിലെ കത്തോലിക്ക സഭയെ ആഗോളസഭയുമായി ബന്ധപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2018 സെപ്റ്റംബറില്‍ ഒപ്പിട്ട വത്തിക്കാന്‍-ചൈന ഉടമ്പടി രണ്ടു വര്‍ഷത്തേക്ക് കൂടി പുതുക്കിയിരിന്നു. ഉടമ്പടിക്ക് ശേഷവും വത്തിക്കാന്റെ അംഗീകാരമുള്ള അധോസഭയ്ക്കു നേര്‍ക്കുള്ള അടിച്ചമര്‍ത്തല്‍ വര്‍ദ്ധിച്ചുവെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഉടമ്പടിക്ക് ശേഷം ബെയ്ജിംഗ് നിയമിച്ച 7 മെത്രാന്മാര്‍ക്ക് വത്തിക്കാന്‍ അംഗീകാരം നല്‍കിയപ്പോള്‍ വത്തിക്കാന്‍ നിയമിച്ച അഞ്ചു മെത്രാന്‍മാര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »