India - 2024
സുറിയാനി കത്തോലിക്കര്‍ക്ക് ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതായി പരാതി
പ്രവാചകശബ്ദം 25-07-2021 - Sunday
കോട്ടയം: സിറിയന്‍ കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട മുന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സാമ്പത്തിക സംവരണ സര്‍ട്ടിഫിക്കറ്റ് (ഇഡബ്ല്യുഎസ്) വില്ലേജ് ഓഫീസുകളില്‍ നിഷേധിക്കുന്നതായി പരാതി. സര്‍ക്കാര്‍ ഉത്തരവില്‍ സുറിയാനി കത്തോലിക്കാ വിഭാഗത്തിനു സാന്പത്തിക ആനുകൂല്യം ലഭിക്കുന്നതു സീറോ മലബാര്‍ വിഭാഗത്തിനാണെന്നാണു പരാമര്‍ശിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട സിറിയന്‍ കത്തോലിക്കരുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ സീറോ മലബാര്‍ എന്നതിനു പകരം ആര്‍സി എസ് സി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥ സമൂഹം ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതെന്ന് 'ദീപിക' ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സമാനമായ സാഹചര്യം തന്നെയാണ് സീറോ മലങ്കര വിഭാഗത്തില്‍പ്പെടുന്നവര്‍ക്കുമുണ്ടായിരിക്കുന്നത്. സീറോ മലങ്കര എന്ന സര്‍ക്കാര്‍ ഉത്തരവുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ഈ വിഭാഗക്കാരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ ആര്‍സിഎംസി എന്നതാണ് അവ്യക്തതയായിരിക്കുന്നത്. ഇതോടെ ആനുകൂല്യത്തിനു അര്‍ഹരായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണു വെട്ടിലായിരിക്കുന്നത്. എസ്എസ്എല്‍സിയും പ്ലസ്ടുവും കഴിഞ്ഞു ഉപരി പഠനത്തിനു തയാറെടുക്കുന്ന വിദ്യാര്‍ഥികളും പിഎസ്സിയില്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടവരുമാണ് വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങുന്നത്. ഓഫീസുകള്‍ കയറി മടുത്ത പലരും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നു വയ്ക്കുന്ന സാഹചര്യവുമുണ്ട്.
അപേക്ഷ സ്വീകരിച്ച് അന്വേഷണം നടത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം കൃത്യമായി ബോധ്യപ്പെടാവുന്നതേയുള്ളൂ. ഇത് അനുസരിച്ചു സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു നല്കാവുന്നതുമാണ്. സാന്പത്തിക സംവരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് എത്തുന്നവരോട് പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ സര്‍ക്കാര്‍ രേഖകള്‍ പ്രകാരം പറഞ്ഞിരിക്കുന്ന സീറോ മലബാര്‍ എന്നല്ല മറിച്ച് ആര്‍സിഎസ്സി അല്ലെങ്കില്‍ സീറോ മലങ്കര എന്നല്ല ആര്‍സിഎംസി എന്ന ന്യായീകരണമാണു വില്ലേജ് ഓഫീസര്‍മാര്‍ പറയുന്നത്. ചില സ്ഥലങ്ങളില്‍ മത മേലധ്യക്ഷന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ട് അപേക്ഷകനെ തിരിച്ചയയ്ക്കുന്ന സാഹചര്യവുമുണ്ട്.
ആനുകൂല്യത്തിനു അര്‍ഹരായവരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ ആര്‍സിഎസ്സി, ആര്‍സിഎംസി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കൃത്യമാണെന്ന് അറിയാമായിട്ടും സര്‍ട്ടിഫിക്കറ്റ് നല്കാതിരിക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമമാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ചിലര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിട്ടുമുണ്ട്. സംസ്ഥാനത്തെ ചില വില്ലേജ് ഓഫീസുകളില്‍ അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വസ്തുത ബോധ്യപ്പെട്ട് സാന്പത്തിക സംവരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നുമുണ്ട്. ഉദ്യോഗസ്ഥര്‍ക്കിടയില്‍ അവ്യക്തത നിലനില്ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരവ് പുറത്തിറക്കി അര്‍ഹതപ്പെട്ടവരുടെ അനുകൂല്യം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.