India - 2024

മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് വിവിധ ക്രൈസ്തവ സംഘടനകള്‍

പ്രവാചകശബ്ദം 28-07-2021 - Wednesday

കൊച്ചി/കോട്ടയം: ജീവന്റെ മൂല്യവും സമുദായത്തിന്റെ നന്മയും മുന്നിൽ കണ്ട് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ച കുടുംബക്ഷേമ പദ്ധതികളെ സ്വാഗതം ചെയ്ത് വിവിധ ക്രൈസ്തവ സംഘടനകള്‍. കത്തോലിക്ക കോണ്‍ഗ്രസ്, കെ‌സി‌വൈ‌എം, സീറോ മലബാര്‍ കാത്തലിക്സ് ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള നിരവധി സംഘടനകള്‍ തീരുമാനത്തെ സ്വാഗതം ചെയ്തു ഇതിനോടകം പ്രസ്താവനയിറക്കിയിട്ടുണ്ട്. കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി പാലാ രൂപത തങ്ങളുടെ കുടുംബങ്ങള്‍ക്കു പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ജീവന്റെ മഹത്വത്തെ ഉയര്‍ത്തിക്കാട്ടുന്നതാണെന്നും പദ്ധതിയെ കത്തോലിക്ക കോണ്‍ഗ്രസ് പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസ്താവിച്ചു.

കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ദാനമാണ് എന്ന ക്രൈസ്തവീകമായ കാഴ്ചപ്പാടിനൊപ്പം ഓരോ കുഞ്ഞിനും ജന്മം നല്‍കുമ്പോഴും സര്‍വശക്തനായ ദൈവത്തിന്റെ സൃഷ്ടികര്‍മത്തില്‍ മാതാപിതാക്കള്‍ പങ്കാളികളാവുകയാണെന്ന ദര്‍ശനംകൂടി സമൂഹത്തിനു നല്‍കുന്നതാണ് പ്രഖ്യാപനം. കത്തോലിക്കാ സഭ ആരംഭകാലം മുതല്‍ സമൂഹത്തിന്റെ സമഗ്രപുരോഗതിക്കുവേണ്ടി ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മാത്രമാണു പാലാ രൂപതയില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ക്ഷേമപദ്ധതികള്‍. ഇതു വിവാദമാക്കാനുള്ള ചില തത്പരകക്ഷികളുടെ ഗൂഢശ്രമങ്ങള്‍ പൊതുസമൂഹം തിരിച്ചറിയണം.

സഭയുടെ പ്രഖ്യാപിത പഠനങ്ങളുടെയും നിലപാടുകളുടെയും ഭാഗമായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ഗര്‍ഭഛിദ്രവും കൃത്രിമ മാര്‍ഗങ്ങളിലൂടെയുള്ള ജനനനിയന്ത്രണവും ജീവന്റെ മഹത്വത്തെ നിരാകരിക്കുന്നതും ദൈവിക പദ്ധതിയുടെ ലംഘനവുമാകയാല്‍ സഭ അംഗീകരിക്കുന്നില്ല. സ്വാഭാവിക മാര്‍ഗങ്ങളിലൂടെയുള്ള ജനന നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ സമൂഹമാണ് കേരളത്തിലെ ക്രിസ്ത്യാനികള്‍. അതിന്റെ ഫലമായി കത്തോലിക്കാ സമുദായത്തിന്റെ ശരാശരി കുടുംബ ജനനന നിരക്ക് 1.6ലേക്ക് താഴ്ന്നിരിക്കുകയാണ്. കേവലം ഒരു ശതമാനത്തിലും താഴെ കുടുംബങ്ങളില്‍ മാത്രമാണ് കുട്ടികളുടെ എണ്ണം മൂന്നും അതിലധികവുമായി ഉയര്‍ന്നിരിക്കുന്നത്.

ഇപ്രകാരമുള്ള വലിയ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും ഉണ്ടായേക്കുന്ന വലിയ സാന്പത്തിക ബാധ്യതയില്‍ അവര്‍ക്കു ചെറിയൊരു കൈത്താങ്ങാകുവാനും പിന്തുണ നല്‍കുന്നതിനുമായിട്ടാണ് പാലാ രൂപത തികച്ചും മനുഷ്യത്വപരമായ ഇത്തരമൊരു തീരുമാനമെടുത്തത്. ഇതിനെതിരേയുള്ള വില കുറഞ്ഞ പ്രതികരണങ്ങളെ വിശ്വാസസമൂഹം അവഗണിക്കുമെന്നു ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

ആനുപാതികമായി വളരെ വേഗം എണ്ണം കുറഞ്ഞുപോകുന്ന കേരളത്തിലെ സമുദായമാണ് സുറിയാനി കത്തോലിക്കരെന്നും ഈ പശ്ചാത്തലത്തില്‍ പാലാ രൂപത എടുത്ത നിലപാടിന് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും സീറോ മലബാര്‍ കാത്തലിക്സ് ഫെഡറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കുട്ടികളുടെ എണ്ണം ഒന്നോ രണ്ടോ മാത്രമായി പരിമിതപ്പെടുത്താനുള്ള പ്രവണത സുറിയാനി കാത്തോലിക്കർക്കിടയിൽ സാധാരമാണ്. ഉത്തരവാദിത്തപൂർണ്ണമായ രക്ഷാകർതൃത്വവും (Responsible Parenthood) ജീവന്റെ മൂല്യവും കത്തോലിക്കാ സഭയുടെ മാറ്റമില്ലാത്ത നിലപാടുകൾ ആണ്.

കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങളും അമ്മയുടെ ആരോഗ്യവും ഒക്കെ പരിഗണിച്ച് എത്ര കുട്ടികൾ വേണമെന്ന് ദമ്പതിമാർ ഉത്തരവാദിത്തപൂർണ്ണമായി തീരുമാനിക്കണമെന്നും മക്കളെ ദൈവത്തിന്റെ ദാനമായി കാണണമെന്നും മക്കളെ സ്വീകരിക്കുന്നതിൽ അകാരണമായി വിമുഖത കാട്ടരുതെന്നും സഭയുടെ പ്രബോധനങ്ങൾ നിഷ്കർഷിക്കുന്നു.

സഭയുടെ പ്രബോധങ്ങൾക്കനുസ്സരിച്ച് ശക്തമായ നിലപാടെടുത്ത പാലാ രൂപതയുടെ നടപടി പ്രശംസനീയമാണ്. ഇതിന്റെ പേരിൽ അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിനെയും പാലാ രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ജോസഫ് കുറ്റിയാങ്കൽ അച്ചനേയും ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ ആരെയും അനുവദിക്കില്ല. പിതാവിനും പാലാ രൂപതയ്ക്കും എല്ലാവിധ പിന്തുണയും അറിയിക്കുന്നുവെന്നും സീറോ മലബാര്‍ കാത്തലിക്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് രാജേഷ് ജോര്‍ജ്ജ് കൂത്രപ്പള്ളിലും ജനറല്‍ സെക്രട്ടഋ അമല്‍പുള്ളുതുരുത്തിയിലും പ്രസ്താവനയില്‍ വ്യക്തമാക്കി.

ക്രൈസ്തവസമൂഹം നേരിടുന്ന നിലനില്‍പ്പ് ഭീഷണിയെ മറികടക്കാന്‍, കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാൻ പാലാ രൂപത കൈക്കൊണ്ട തീരുമാനങ്ങള്‍ അഭിന്ദനാർഹമാണെന്ന്‍ കെ‌സി‌വൈ‌എം നേതൃത്വം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ക്രൈസ്തവ സമൂഹം ഇപ്പോൾ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയെ അതിജീവിക്കാന്‍ കേരളത്തിലെ എല്ലാ ക്രൈസ്തവസമൂഹങ്ങളും പദ്ധതികള്‍ തയാറാക്കണം.പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ നില്പാടുകൾക്ക് അഭിവാദ്യങ്ങളും പിന്തുണയും അറിയിക്കുകയാണെന്നും കെ സി വൈ എം സംസ്ഥാന സമിതി പ്രസ്താവിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 404