India - 2025
ഫാ. സ്റ്റാൻ സ്വാമി ധീരതയുടെ പ്രതീകമായ രക്തസാക്ഷി: ബിഷപ്പ് അലക്‌സ് വടക്കുംതല
പ്രവാചകശബ്ദം 27-07-2021 - Tuesday
തലശ്ശേരി: പാവങ്ങൾക്കും നീതി നിഷേധിക്കപ്പെട്ടവർക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ആദിവാസി ക്ഷേമത്തിനും ജീവിതം സമർപ്പിച്ച, ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ, ഫാ. സ്റ്റാൻ സ്വാമിയുടെ ആത്മീയചിത്രം തുറന്നുകാട്ടുന്നതിനായി തലശ്ശേരി സോൺ യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടി നടത്തി. ഞായറാഴ്ച്ച വൈകിട്ട് 7.30ന് ഗൂഗിൾ ഓണ്‍ലൈൻ പ്ലാറ്ഫോമില്‍ നടന്ന പരിപാടിയില്‍ കണ്ണൂർ രൂപതാധ്യക്ഷൻ ഡോ. അലക്‌സ് വടക്കുംതല പിതാവ് മുഖ്യപ്രഭാഷണം നൽകി. കാലങ്ങൾ എത്ര കഴിഞ്ഞാലും ഓരോ ക്രൈസ്തവനും ഹൃദയത്തിന്റെ ആഴങ്ങളിൽ സൂക്ഷിച്ചുവെക്കാൻ കഴിയുന്ന ഒരു ധീരതയുടെ പ്രതീകമായ രക്തസാക്ഷിയാണ് ഫാ. സ്റ്റാൻ സ്വാമിയെന്നും അദ്ദേഹം പകർന്നുതന്ന മൂല്യങ്ങൾ, ആത്മീയപാടവം, വ്യക്തിജീവിതത്തിലും കാത്തുസൂക്ഷിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നിർമലഗിരി കോളേജ് വൈസ് പ്രിൻസിപ്പലും, പേരാവൂർ സബ്‌സോണ് ആനിമേറ്ററുമായ റവ:ഫാ:ജോബി കാരക്കാട്ട് പ്രോഗ്രാമിന് സ്വാഗതം ആശംസിച്ചൂ. മുൻ കെ.സി.സി.ആർ.എസ്.ടി ചെയർമാനും, ഇപ്പോൾ തലശ്ശേരി സോൺ ആനിമേറ്ററുമായ ഫാ. വർഗീസ് മുണ്ടക്കൽ സമാപന ആശീർവാദം നൽകി. യൂത്ത് മിനിസ്ട്രി സോണ് ആനിമേറ്റർ റവ:ഫാ അലക്‌സ് നിരപ്പേൽ, കെ.സി.എസ്.സി മെമ്പർ സന്തോഷ് തലച്ചിറ, ബേബി പ്ലാക്കിയിൽ, ബിനോഷ് ആലക്കാമറ്റം, യൂത്ത് മിനിസ്ട്രി കോ-ഓർഡിനേറ്റർ മിഥുൻ കുന്നപ്പള്ളി, യൂത്ത് മിനിസ്ട്രി സെക്രട്ടറി അനുപമ കെ.എസ് എന്നിവർ സംസാരിച്ചു.