India - 2025
മാർ ജോസഫ് കരിയാറ്റിൽ മെത്രാപ്പോലീത്തായുടെ പുനരുദ്ധരിച്ച കബറിടം വെഞ്ചിരിച്ചു
പ്രവാചകശബ്ദം 25-07-2021 - Sunday
ദിവംഗതനായ മാർ ജോസഫ് കരിയാറ്റിൽ മെത്രാപ്പോലീത്തായുടെ തിരുശേഷിപ്പ് പുന:സ്ഥാപനവും പുനരുദ്ധരിച്ച കബറിടത്തിന്റെ വെഞ്ചരിപ്പും ആലങ്ങാട് സെന്റ്മേരീസ് പള്ളിയിൽ നടന്നു. എറണാകുളം- അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന സമൂഹ ബലിയോടുകൂടെയാണ് അദ്ദേഹം കബറിടത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചത്. ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായ മാർ ജോസഫ് കരിയാറ്റിൽ സഭകളുടെ ഐക്യത്തിനുവേണ്ടി പ്രവർത്തിച്ചയാളാണെന്നും ഐക്യത്തിന്റെ സന്ദേശമാണ് അദ്ദേഹത്തിന്റെ ജീവിതം നൽകുന്നതെന്നും മാർ ആന്റണി കരിയിൽ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തിയ കർമ്മങ്ങൾ ഷെക്കെയ്ന ന്യൂസ് ചാനലിലും ആലങ്ങാട് സെന്റ് മേരീസ് ദേവാലയം യൂട്യൂബ് ചാനലിലും തത്സമയം സംപ്രേക്ഷണം ചെയ്തു. 1961ഏപ്രിൽ11ന് മാർ ജോസഫ് കരിയാറ്റിലിന്റെ ഭൗതിക അവശിഷ്ടങ്ങൾ ഗോവ ഭദ്രാസന ദേവാലയത്തിൽനിന്ന് ജന്മനാടായ ആലങ്ങാട് കൊണ്ടുവന്ന് മാർ ജോസഫ് പാറേക്കാട്ടിലിന്റെ കാർമ്മികത്വത്തിൽ ആലങ്ങാട് ഇടവക പള്ളിയുടെ മദ്ബഹായിൽ സംസ്കരിച്ചിരുന്നു.
ആലങ്ങാട് ദേവാലയ വികാരി ഫാ. പോൾ ചുള്ളിയാണ് കബറിടത്തിന്റെ പുനരുദ്ധാരണത്തിന് നേതൃത്വം നൽകിയത്. ചരിത്ര പ്രസിദ്ധമായ ആലങ്ങാട് പുരാതന ദേവാലയത്തിലെ അതി പുരാതനമായ, മാതാവിന്റെ പുനരാവിഷ്ക്കരിച്ച ഛായാചിത്രത്തിന്റെ വെഞ്ചരിപ്പും പ്രകാശനവും മെത്രാപ്പോലീത്തൻ വികാരി നിർവ്വഹിച്ചു. പറവൂർ ഫൊറോന വികാരി ഫാ.ആന്റണി പെരുമായൻ, ഫാ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി, ഫാ. ജോസഫ് പടിഞ്ഞാറേപള്ളാട്ടിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആലങ്ങാട് ഇടവകാംഗമായ ഡേവിഡ് സാജുവാണ് മാതാവിന്റെ ഛായാചിത്രം പുനരാവിഷ്ക്കരിച്ച് നിർമ്മിച്ചത്.