News - 2025
ജാർഖണ്ഡിലെ സ്കൂളില്‍ കൂട്ട മതപരിവർത്തനമെന്ന് കുപ്രചരണം: വ്യാജ വാര്‍ത്തയെ അപലപിച്ച് സഭാനേതൃത്വം
പ്രവാചകശബ്ദം 01-08-2021 - Sunday
ഖുന്തി: കത്തോലിക്ക സ്‌കൂളിൽ ക്രൈസ്തവ സഭയിലേക്ക് കൂട്ടത്തോടെയുള്ള പരിവർത്തനം നടത്തുന്നതായുള്ള വ്യാജ പ്രചരണത്തെ അപലപിച്ചു ജാർഖണ്ഡിലെ സഭാനേതൃത്വം. ജാർഖണ്ഡ് സംസ്ഥാനത്തെ, ഖുന്തി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സെന്റ് ജോസഫ് സ്കൂൾ മതപരിവര്‍ത്തനത്തിനായി ഉപയോഗിക്കുന്നുവെന്ന വ്യാജ ആരോപണം ചില പ്രാദേശിക മാധ്യമങ്ങൾ കെട്ടിച്ചമച്ചത്തിന് പിന്നാലെയാണ് പ്രതികരണവുമായി ജാർഖണ്ഡ് സംസ്ഥാനത്തിലെ മെത്രാന്മാർ രംഗത്തെത്തിയത്. ആരോപണങ്ങൾ വ്യാജമാണെന്നും സമൂഹത്തിൽ വിദ്വേഷവും വിഭജനവും വിതയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള, തെറ്റായ വാർത്തയാണ് ഇതെന്നും മെത്രാന്മാർ അഭിപ്രായപ്പെട്ടു.
തദ്ദേശീയ ഭരണകൂടത്തിന്റെ ചെറിയ സഹായങ്ങൾ ഉണ്ടെങ്കിലും, സന്ന്യാസവൈദികരാണ് ഈ സ്കൂളിന്റെ ചുമതലകൾ നടത്തിക്കൊണ്ടുപോകുന്നത്. വ്യാജ പ്രചരണത്തിനെതിരെ പ്രാദേശികസഭ ഒരു പത്രക്കുറിപ്പ് ഇറക്കിയിരുന്നെങ്കിലും ഇപ്പോഴും സഭയ്‌ക്കെതിരായുള്ള അപവാദ പ്രചരണം പിൻവലിക്കപ്പെട്ടിട്ടില്ല. മാധ്യമങ്ങളോട് തെറ്റായ വാർത്തകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ആവശ്യമെങ്കിൽ നിയമസഹായം തേടുമെന്നും റാഞ്ചിയിലെ സഹായ മെത്രാനും ഇന്ത്യൻ മെത്രാൻസംഘത്തിന്റെ (CBCI) മുൻ സെക്രട്ടറി ജനറലുമായ മോൺ. തിയോഡോർ മസ്‌കറെനാസ് പറഞ്ഞു.
മൂന്നേകാൽ കോടിയോളം വരുന്ന ജാർഖണ്ഡിലെ ജനസംഖ്യയിൽ ഏതാണ്ട് 14 ലക്ഷം മാത്രമാണ് ക്രിസ്ത്യാനികൾ. 2017-ൽ, ജാർഖണ്ഡിലും പുതിയ ഒരു മതപരിവർത്തന നിരോധന നിയമം അവതരിപ്പിച്ചിരിന്നു. നിർബന്ധപൂർവ്വമോ, പ്രീണനത്തിലൂടെയോ മതപരിവർത്തനം നടത്തി പിടിക്കപ്പെടുന്നവർക്ക് മൂന്ന് വർഷം വരെ തടവും 50,000 രൂപ പിഴയും വരെ ശിക്ഷ. എന്നാല്‍ പലപ്പോഴും ഈ നിയമത്തിന്റെ മറവില്‍ കുറ്റാരോപിതരായി മാറുന്നത് ക്രൈസ്തവ സമൂഹമാണ്. ന്യുനപക്ഷങ്ങളെ ലക്ഷ്യംവെച്ചും, എല്ലാ മതപരിവർത്തനങ്ങളെയും കുറ്റകൃത്യങ്ങളാക്കി ചിത്രീകരിക്കാനാണ് ഈ നിയമം പലപ്പോഴും ഉപയോഗിക്കപ്പെടുന്നതെന്ന ആരോപണം ശക്തമാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക