News

ജാര്‍ഖണ്ഡില്‍ ഏഴു ക്രൈസ്തവര്‍ക്ക് ക്രൂര മര്‍ദ്ദനം: തല മുണ്ഡനം ചെയ്തു 'ജയ് ശ്രീറാം' വിളിപ്പിച്ചു

പ്രവാചക ശബ്ദം 26-09-2020 - Saturday

റാഞ്ചി: ജാര്‍ഖണ്ഡില്‍ വ്യാജ ഗോവധ ആരോപണമുന്നയിച്ച് ആദിവാസികളായ ക്രൈസ്തവര്‍ക്ക് നേരെ തീവ്രഹിന്ദുത്വവാദികളുടെ ക്രൂരമായ ആക്രമണം. ഏഴോളം ക്രൈസ്തവരെ ക്രൂരമായി മര്‍ദ്ദിച്ച ഹിന്ദുത്വവാദികള്‍ തലമുണ്ഡനം ചെയ്ത് നിര്‍ബന്ധപൂര്‍വ്വം 'ജയ് ശ്രീറാം' വിളിപ്പിച്ചെന്നുമാണ് ദേശീയ മാധ്യമമായ ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പശുവിനെ കൊല്ലുകയോ, പശുവിന്റെ മാംസം കൈവശം വെക്കുകയോ ചെയ്തുവെന്ന തെളിയിക്കപ്പെടാത്ത ആരോപണത്തിന്റെ പേരിലായിരുന്നു ഈ ക്രൂരത. സെപ്റ്റംബര്‍ 16ന് നടന്ന സംഭവത്തെക്കുറിച്ച് തൊട്ടടുത്ത ദിവസം തന്നെ പോലീസില്‍ പരാതിപ്പെട്ടെങ്കിലും മുന്‍ ജില്ലാ പരിഷദ് അംഗവും, പ്രാദേശിക സാമൂഹ്യ പ്രവര്‍ത്തകനുമായ നീല ജസ്റ്റിന്‍ ബെക്ക് സെപ്റ്റംബര്‍ 25ന് പ്രാദേശിക മാധ്യമത്തോട് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്.

രാജ്, ദീപക്, ഇമ്മാനുവല്‍ ടെറ്റെ, സുഗാഡ് ഡാങ്ങ്, സുലിന്‍ ബര്‍ളാ, സോഷന്‍ ഡാങ്ങ്, സെം കിഡോ എന്നീ ക്രൈസ്തവരാണ് ആള്‍ക്കൂട്ട അക്രമത്തിനിരയായവര്‍. വടികളുമായെത്തിയ ഇരുപത്തിയഞ്ചുപേരടങ്ങുന്ന അക്രമിസംഘം രാജ് സിംഗ് കുല്ലു എന്ന വ്യക്തിയേയും അദ്ദേഹത്തിന്റെ പത്നിയായ ജാക്വലിന്‍ കുല്ലുവിനേയും ആക്രമിക്കുകയും താനുള്‍പ്പെടെയുള്ളവരെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തതായി സിംഡേഗ ജില്ലയിലെ ബേരികുദാര്‍ ഗ്രാമവാസിയായ ദീപക് കുല്ലു വെളിപ്പെടുത്തി. തങ്ങള്‍ ആരും പശുവിനെ കൊന്നിട്ടില്ലെന്ന് കരഞ്ഞുപറഞ്ഞിട്ടും, പശുവിനെ കൊല്ലുന്നത് താന്‍ കണ്ടതായി അയല്‍ ഗ്രാമവാസിയായ വൃദ്ധന്‍ പറയുന്ന വ്യാജ വീഡിയോ കാണിച്ചു കൊണ്ടായിരുന്നു മര്‍ദ്ദനമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്ക് പുറമേ ആറു പേരെക്കൂടി അര കിലോമീറ്റര്‍ ദൂരെയുള്ള മഹാട്ടോ ടോലാ എന്ന സ്ഥലത്തേക്ക് വലിച്ചിഴച്ച ജനക്കൂട്ടം അവരെ ക്രൂരമായി മര്‍ദ്ദിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിക്കുകയായിരുന്നുവെന്ന് ദീപക് വിവരിച്ചു. ഇതിനു പുറമേ, ഇവരുടെ തല ഭാഗികമായി മുണ്ഡനം ചെയ്യുകയും ചെയ്തു. നാരായണന്‍ കേഷ്രി, സോനു സിംഗ്, സോനു നായക്, തുള്‍സി സാഹു, ശ്രീകാന്ത് പ്രസാദ്, ദീപക് പ്രസാദ്, അമന്‍ കേഷ്രി, രാജേന്ദ്ര പ്രസാദ്, നകുല്‍ പടാര്‍ എന്നിവരാണ് അക്രമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

പോലീസ് തങ്ങളുടെ വീടുകളില്‍ പരിശോധന നടത്തിയെങ്കിലും പശുവിനെ കൊന്നതിന്റെ യാതൊരു തെളിവും ലഭിച്ചില്ലെന്ന് ദീപക് ചൂണ്ടിക്കാട്ടി. ജാക്വലിന്‍ കുല്ലുവിന്റെ പരാതിപ്രകാരം എസ്.സി/എസ്.റ്റി നിയമമനുസരിച്ചാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. എഫ്.ഐ.ആറില്‍ പറയുന്ന കുറ്റാരോപിതരായ 9 പേരില്‍ 4 പേരെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തുവെന്നും മറ്റുള്ളവരെ ഉടന്‍ തന്നെ പിടികൂടുമെന്നും സിംഡേഗാ ജില്ലാ പോലീസ് മേധാവി ഷാംസ് തബ്രേസ് പറഞ്ഞു. കണ്ടാലറിയാവുന്ന പത്തു പേരുടെ കാര്യവും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. കോവിഡ് മഹാമാരിക്കിടയിലും രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ തീവ്രഹിന്ദുത്വവാദികള്‍ അക്രമം അഴിച്ചുവിടുന്നത് ഓരോ ദിവസം കഴിയും തോറും രൂക്ഷമായി കൊണ്ടിരിക്കുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »