News - 2024

ക്രൈസ്തവര്‍ക്ക് നേരെ ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ കടന്നുകയറ്റം

സ്വന്തം ലേഖകന്‍ 12-07-2019 - Friday

റാഞ്ചി: ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കുവാന്‍ ബി‌ജെ‌പി സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ അജണ്ട ക്രൈസ്തവര്‍ക്ക് നേരെയുള്ള പകപോക്കലായി മാറുന്നു. സഭയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ നിയമസാധുതയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന ഭീഷണിയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഈ മാസത്തിന്റെ ആരംഭത്തില്‍ തന്നെ സംസ്ഥാന മുഖ്യമന്ത്രി രഘുബീര്‍ ദാസ് സഭാ സ്വത്തുക്കള്‍ നിയമപരമാണോ അല്ലയോ എന്ന്‍ അന്വേഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഗോത്രവംശജരെ അവരുടെ ഭൂമിയില്‍ നിന്നും ഒഴിവാക്കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റേയും, കുത്തകകളുടേയും നിഗൂഡ അജണ്ടയുടെ ഭാഗമായി നിര്‍ദ്ദേശിക്കപ്പെട്ട നിയമഭേദഗതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സഭ നടത്തിയ പ്രതിഷേധത്തോടുള്ള പ്രതികാരമായിട്ടാണ് ഈ പ്രഖ്യാപനത്തെ സഭ നോക്കിക്കാണുന്നത്.

ക്രൈസ്തവരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള മതപീഡനം തന്നെയാണിതെന്നു എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ അസോസിയേഷന്റെ നേതാവായ കുല്‍ദീപ് ടിര്‍ക്കി പറഞ്ഞു. പരമ്പരാഗത ഗോത്രമേഖലയിലെ സ്ഥലങ്ങള്‍ പുറത്തുനിന്നുള്ളവര്‍ വാങ്ങിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള 1908-ലെ ചോട്ടാനാഗ്പൂര്‍ ടെനന്‍സി ആക്റ്റ്, 1949-ലെ സാന്താള്‍ പര്‍ഗാന ടെനന്‍സി ആക്റ്റ് എന്നീ നിയമങ്ങളെ കൂട്ടുപിടിച്ചാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ജാര്‍ഖണ്ഡിലെ ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും ഗോത്രവംശജരാണ്. ക്രിസ്ത്യന്‍ സ്ഥാപനങ്ങളും, ഇടവകകളും അവര്‍ സംഭാവന നല്‍കിയ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്.

എന്നാല്‍ ഗോത്രവംശജര്‍ ഗോത്രക്കാരല്ലാത്ത മിഷ്ണറിമാര്‍ക്ക് വിറ്റ ഭൂമി നിയമപരമല്ലെന്നാണ് സര്‍ക്കാര്‍ വാദം. ജാര്‍ഖണ്ഡിലെ പതിനഞ്ചു ലക്ഷത്തോളം വരുന്ന ക്രൈസ്തവര്‍ക്കിടയില്‍ ആശങ്കക്കും, രോഷത്തിനും കാരണമായിരിക്കുന്ന പ്രഖ്യാപനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും, മാധ്യമങ്ങളിലൂടെയാണ് തങ്ങള്‍ ഇക്കാര്യമറിഞ്ഞതെന്നും റാഞ്ചി രൂപതയുടെ ഔദ്യോഗിക വക്താവായ ഫാ. ആനന്ദ് ഡേവിഡ് ക്സാല്‍സോ പ്രതികരിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് കിട്ടിയാല്‍ സഭ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »