News

സാത്താനിക മുദ്രയുളള ഷൂസ് ആളുകളിൽ പൈശാചികതയോട് ആകാംക്ഷ ജനിപ്പിക്കും: മുന്നറിയിപ്പുമായി കത്തോലിക്ക ഭൂതോച്ചാടകന്‍

പ്രവാചകശബ്ദം 04-08-2021 - Wednesday

വാഷിംഗ്ടണ്‍ ഡി‌സി: സാത്താനിക മുദ്രയുളള ഷൂസ് പുറത്തിറക്കിയ അമേരിക്കൻ കമ്പനിയായ കോൺവേർസിന്റെ നിലപാടിനെതിരെ മുന്നറിയിപ്പുമായി കത്തോലിക്ക വൈദികനും ഭൂതോച്ചാടകനുമായ ഫാ. വിൻസെന്റ് ലാംബർട്ട്. ആളുകളിൽ പൈശാചികതയോട് ആകാംക്ഷ ജനിപ്പിക്കാൻ ഇത്തരത്തിലുള്ള കാര്യങ്ങൾ വഴിയൊരുക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം കാത്തലിക് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. ടർബോഡിആർകെ ചക് 70 എന്ന പേരിലുള്ള ഷൂസ് ജൂലൈ 27നു പുറത്തിറക്കി മണിക്കൂറുകൾക്കകം തന്നെ വലിയ കച്ചവടം നടന്നിരിന്നു. ഷൂസിന്റെ ഇരുവശങ്ങളിലും, കീഴിലുമായി പെന്റഗ്രാം മുദ്രയുണ്ട്.

ഫാഷൻ ഡിസൈനറായ റിക്ക് ഓവൻസുമായി ചേർന്നാണ് കോൺവേർസ് പെന്റഗ്രാം പതിച്ച ഷൂസുകൾ പുറത്തിറക്കിയത്. രഹസ്യ സംഘടനയായ ഫ്രീമേസൺസ്, മന്ത്രവാദം നടത്തുന്നവർ തുടങ്ങിയവർ ഈ മുദ്ര ഉപയോഗിക്കാറുണ്ട്. ആടിന്റെ തല മധ്യഭാഗത്തുള്ള പെന്റഗ്രാമാണ് ചര്‍ച്ച് ഓഫ് സാത്താന്റെ ഔദ്യോഗിക ചിഹ്നം. ഷൂസിനു മേലുള്ള പെന്റഗ്രാം ഒരു തമാശയായി ആദ്യം നാം എടുക്കാൻ സാധ്യതയുണ്ടെങ്കിലും, പൈശാചികതയോട് ബന്ധമുള്ള വസ്തുക്കളോടുള്ള താല്പര്യത്തിൽ നിന്നും സാത്താന് ആളുകളുടെ ജീവിതത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുമെന്ന് ഫാ. ലാംബർട്ട് മുന്നറിയിപ്പ് നല്‍കി. പൈശാചികതയോടുള്ള ആകാംക്ഷ അല്ല സമൂഹം വളർത്തിയെടുക്കേണ്ടതെന്നും മറിച്ച് മനുഷ്യൻ ദൈവത്തിൻറെ ഛായയിലും, സാദൃശ്യത്തിലും, സൃഷ്ടിക്കപ്പെട്ടു എന്ന ചിന്തയാണ് വളർത്തിയെടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൈശാചികതയുമായി ബന്ധമുള്ളതിനാലാണ് താൻ ഒരുപാട് നാളായി പെന്റഗ്രാം ഉപയോഗിക്കുന്നതെന്ന് റിക്ക് ഓവൻസ് തുറന്ന് സമ്മതിക്കുന്ന ഒരു കുറിപ്പ് കോൺവേർസ് കമ്പനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ കത്തോലിക്ക വിശ്വാസിയായിരുന്നു റിക്ക് ഓവൻസ്. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്തുള്ള ഭൂതോച്ചാടകന്റെ മുന്നറിയിപ്പിനു വലിയ പ്രാധാന്യമാണുള്ളത്. ഈ വർഷമാദ്യം എയർ മാക്സ് 97 എന്ന ഷൂസിന്റെ ഇരുവശങ്ങളിൽ രക്തം നിറച്ച്, പെന്റഗ്രാം മുദ്രയോടുകൂടി എം‌എസ്‌സി‌എച്ച്‌എഫ് എന്ന കമ്പനി "സാത്താൻ ഷൂസ്" പുറത്തിറക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »