News - 2025

230 വർഷത്തെ കാത്തിരിപ്പിന് ശേഷം ബെനഡിക്ടൻ സന്യാസികൾ ഫ്രാൻസിലെ ആശ്രമത്തില്‍ തിരികെയെത്തി

പ്രവാചകശബ്ദം 06-08-2021 - Friday

ലിമോഗെസ്: നീണ്ട 230 വർഷത്തെ കാത്തിരിപ്പിന് ശേഷം ബെനഡിക്ടൻ സന്യാസികൾ ഫ്രാൻസിലെ സോളിക്നാക്ക് അബേ എന്ന പേരിൽ അറിയപ്പെടുന്ന ആശ്രമത്തിലേക്ക് തിരികെ മടങ്ങി. ഫ്രഞ്ച് വിപ്ലവത്തിനുശേഷം ഇതാദ്യമായിട്ടാണ് കത്തോലിക്കാ സന്യാസികൾ ആശ്രമത്തിലേക്ക് തിരികെയെത്തുന്നത്. ഏഴാം നൂറ്റാണ്ടിൽ വിശുദ്ധ എലിജിയൂസ് സ്ഥാപിച്ചതാണ് സോളിക്നാക്ക് അബേ. ഫ്രാൻസിലെ സഭയുടെ നിരവധി കെട്ടിടങ്ങൾ ഉപയോഗശൂന്യമാവുകയോ, മറ്റു കാര്യങ്ങൾക്കായി വിൽപ്പനയ്ക്ക് കൊടുക്കപ്പെടുകയോ ചെയ്യുന്ന കാലത്ത് ബെനഡിക്ടൻ സന്യാസികളുടെ മടങ്ങിവരവ് ഒരു സുപ്രധാന സംഭവമായാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതിനെ ഒരു ദൈവീക പദ്ധതിയായാണ് പ്രാദേശിക കത്തോലിക്കാ വിശ്വാസികൾ വിശേഷിപ്പിക്കുന്നത്. ഫ്രാൻസിലെ ലിമോഗസ് രൂപത സോളിക്നാക്ക് അബേ വീണ്ടും തുറക്കുന്ന വിവരം അടുത്തിടെ പത്രക്കുറിപ്പിലൂടെ പ്രസിദ്ധപ്പെടുത്തിയിരുന്നു.

1790ലാണ് വിപ്ലവകാരികൾ സന്യാസികളെ ഇവിടെനിന്നും നാടുകടത്തിയത്. അതിനുശേഷം ഏറെനാൾ ആശ്രമം ഒരു ജയിലിലായും, പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഒരു ബോർഡിംഗ് സ്കൂളായും ഉപയോഗിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധകാലത്ത് കത്തോലിക്ക അധ്യാപകർക്ക് ഇവിടെ അഭയം പ്രാപിക്കാൻ കഴിഞ്ഞിരിന്നു. 1945ൽ മിഷ്ണറി ഒബ്ളേറ്റസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ആശ്രമം ഏറ്റെടുത്തു. 1990 വരെ അവർ ആശ്രമം ഉപയോഗിച്ചിരുന്നുവെങ്കിലും പിന്നീട് കാര്യമായി ഉപയോഗിക്കപ്പെട്ടില്ല. എന്നാല്‍ കഴിഞ്ഞ 17 വർഷമായി ആശ്രമം ഉപയോഗശൂന്യമായിരിന്നു. 2011ൽ ലിമോഗെസ് രൂപതയ്ക്ക് ആശ്രമം നൽകി.

ഏറെനാളത്തെ പ്രാർത്ഥനയ്ക്ക് ശേഷമാണ് ബെനഡിക്റ്റൻ സന്യാസികൾ ആശ്രമത്തിലേക്ക് വരാനുള്ള തീരുമാനമെടുത്തതെന്ന് ലിമോഗെസ് രൂപതയുടെ മെത്രാൻ പിയറി ബോസോ കാത്തലിക് ന്യൂസ് ഏജൻസിയോട് പറയുന്നു. നിരവധി തവണ സന്യാസിനികളുടെ തലവനുമായ കൂടിക്കാഴ്ച നടത്തിയ കാര്യവും അദ്ദേഹം സ്മരിച്ചു. ഈ മാസം തുടക്കത്തിൽ ഏതാനും സന്യാസിനികൾ ആശ്രമത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഏതാനും നവീകരണ പണികൾ പൂർത്തീകരിച്ച ശേഷം മറ്റുള്ളവരും ആശ്രമത്തിലേക്ക് എത്തും. നവംബർ 28നു ബിഷപ്പ് പിയറി ബോസോ വിശുദ്ധ കുർബാന അർപ്പിച്ച് ആശ്രമത്തിന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നു ആശ്രമനേതൃത്വം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »