News

തട്ടിക്കൊണ്ടുപോകല്‍, മതപരിവര്‍ത്തനം: പാക്കിസ്ഥാനില്‍ വീണ്ടും ക്രിസ്ത്യന്‍ പെണ്‍കുട്ടി ഇര

പ്രവാചകശബ്ദം 06-08-2021 - Friday

ഫൈസലാബാദ്: പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിതപരിവര്‍ത്തനത്തിനും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഇരകളാകുന്നത് വീണ്ടും തുടര്‍ക്കഥ. ഫൈസലാബാദ് പതിനാലുകാരിയായ മറ്റൊരു ക്രിസ്ത്യന്‍ പെണ്‍കുട്ടി കൂടി തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയായതാണ് ഒടുവിലത്തെ സംഭവം. ഇക്കഴിഞ്ഞ ജൂലൈ 28നാണ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ചഷ്മാനെ കാണാതാവുന്നത്. സ്കൂളില്‍ പോയ പെണ്‍കുട്ടി തിരികെ വരാത്തതിനെ തുടര്‍ന്ന്‍ വിദ്യാലയത്തില്‍ അന്വേഷിച്ച് പോകുകയും കണ്ടെത്തുവാന്‍ കഴിയാത്തതിനെ തുടര്‍ന്ന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും ചഷ്മാന്റെ പിതാവും റിക്ഷാ തൊഴിലാളിയുമായ ഗുള്‍സാര്‍ മാസി ‘ഏഷ്യാ ന്യൂസ്’നോട് പറഞ്ഞു.

ഫൈസലാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ഇടപെടലാണ് ആരും അറിയപ്പെടാതെ പോകുമായിരുന്ന ഈ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ സംഭവക്കഥ വെളിച്ചത്ത് കൊണ്ടുവന്നത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഒരു വീഡിയോയും, പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതായി കാണിക്കുന്ന രേഖകളും തട്ടിക്കൊണ്ടുപോയവര്‍ മാതാപിതാക്കള്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്ന ആരോപണം ശക്തമാണ്. വീഡിയോ ലഭിച്ചതിനു ശേഷവും പോലീസിനെ സമീപിച്ച ഗുള്‍സാറിനെ പോലീസും കയ്യൊഴിഞ്ഞു. ഈ അവസരത്തിലാണ് ഫൈസലാബാദിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ലാല റോബിന്‍ ഡാനിയല്‍ ഈ വിഷയത്തില്‍ ഇടപെടുകയും പെണ്‍കുട്ടിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.

‘ഇത്തരം തട്ടിക്കൊണ്ടുപോകലുകള്‍ യാതൊരു തടസ്സവുമില്ലാതെ തുടരുകയാണെങ്കില്‍ പെണ്‍കുട്ടികള്‍ക്കും, അവരുടെ മാതാപിതാക്കള്‍ക്കും യാതൊരു സുരക്ഷയും ഇല്ലാത്ത അവസ്ഥയുണ്ടാകും’ എന്ന് മുന്നറിയിപ്പ് നല്‍കിയ ഡാനിയല്‍ പഞ്ചാബ് അധികാരികള്‍ ഉണര്‍ന്ന്‍ പ്രവര്‍ത്തിക്കണമെന്നും തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ നിയമനടപടികള്‍ കൈകൊള്ളണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ ചഷ്മാന്റെ മതപരിവര്‍ത്തനത്തെ ന്യായീകരിച്ചു കൊണ്ട് സുന്നി തെഹ്രീക് സംഘടനയുടെ ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ ഇജാസ് ക്വാദ്രി കത്ത് പുറത്തുവിട്ടു. ഇനിമുതല്‍ ചാഷ്മാന്റെ പേര് ഐഷാ ബീബി എന്നായിരിക്കുമെന്നാണ് കത്തില്‍ പറയുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിനെ നിലനിര്‍ത്തുക എന്നതാണ് ബറേല്‍വി റിവൈവലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായ സുന്നി തെഹ്രീക് സംഘടനയുടെ ലക്ഷ്യം.

ഓഗസ്റ്റ് 11ന് പാകിസ്ഥാന്‍ ‘മതന്യൂനപക്ഷ ദിനം’ ആചരിക്കുവാനിരിക്കവേയാണ് ക്രിസ്ത്യന്‍ പെണ്‍കുട്ടി തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയായിരിക്കുന്നത്. ചഷ്മാന്റെ തട്ടിക്കൊണ്ടുപോകലിനെതിരെ ‘മതന്യൂനപക്ഷ ദിന’ത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുവാന്‍ മനുഷ്യാവകാശ സംഘടനകള്‍ പദ്ധതിയിടുന്നുണ്ട്. പാക്കിസ്ഥാനില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്നടക്കമുള്ള മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നതായുള്ള പരാതികള്‍ വ്യാപകമാണ്. ഇതില്‍ പുറത്തുവന്ന ഒടുവിലത്തെ സംഭവം മാത്രമാണ് ചഷ്മാനെ തട്ടിക്കൊണ്ടു പോയതും മതപരിവര്‍ത്തനം നടത്തിയതും.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »