News - 2025

അന്താരാഷ്ട്ര സഹായം നിലച്ചതോടെ കെനിയന്‍ രൂപതകളുടെ നിലനില്‍പ്പ് ദുരിതത്തില്‍

പ്രവാചകശബ്ദം 14-08-2021 - Saturday

നെയ്റോബി: ആഗോളതലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രൂപതകളെ സഹായിക്കുവാന്‍ ചുമതലപ്പെട്ടിരിക്കുന്ന ‘പൊന്തിഫിക്കല്‍ സൊസൈറ്റി ഓഫ് പ്രൊപ്പഗേഷന്‍ ഓഫ് ഫെയിത്ത്’ന്റെ സാമ്പത്തിക സഹായം കോവിഡ് മഹാമാരിയെ തുടര്‍ന്നു കുറഞ്ഞതോടെ സുവിശേഷവല്‍ക്കരണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ നില്‍ക്കുന്ന കെനിയയിലെ രൂപതകള്‍ പ്രതിസന്ധിയില്‍. രൂപതകള്‍ക്ക് അടിയന്തിര സഹായം അനിവാര്യമാണെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ആഫ്രിക്കന്‍ പങ്കാളിയായ ‘എ.സി.ഐ ആഫ്രിക്ക’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പല രൂപതകളും വളരെ പരിമിതമായ വിഭവശേഷികൊണ്ട് നിലനില്‍ക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും, ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ടുകളുള്ള മേഖലകളിലെ രൂപതകളാണ് ഏറ്റവുമധികം കഷ്ടപ്പെടുന്നതെന്നും കെനിയന്‍ മെത്രാന്‍ സമിതിയുടെ (കെ.സി.സി.ബി) പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസ് (പി.എം.എസ്) ഡയറക്ടറായ ഫാ. ബൊനവന്തൂര ലുച്ചിഡിയോ എ.സി.ഐ ആഫ്രിക്കയോട് വെളിപ്പെടുത്തി. ലോഡ്വാര്‍, മാര്‍സാബിറ്റ്, മാരാലാല്‍, മലിണ്ടി, ഗാരിസ്സ, ഇസിയോളോവിലെ അപ്പസ്തോലിക വികാരിയത്ത് എന്നിവയുടെ കാര്യമാണ് ഏറ്റവും ദയനീയമെന്നു ഫാ. ലുച്ചിഡിയോ പറഞ്ഞു.

ദേവാലയങ്ങളെ ആശ്രയിച്ചു കഴിയുന്നവരെ സഹായിക്കുവാന്‍ കഴിയാത്തതിന് പുറമേ, വൈദികരുടെയും, സന്യാസി-സന്യാസിനിമാരുടെ ഭക്ഷണത്തിന് പോലുമുള്ള പണം കണ്ടെത്തുവാന്‍ പല രൂപതകള്‍ക്കും കഴിയുന്നില്ലെന്ന്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ലോഡ്വാര്‍ രൂപതയില്‍ മരകമ്പുകള്‍ കൊണ്ട് നിര്‍മ്മിച്ച പല ദേവാലയങ്ങളും തനിക്കറിയാമെന്ന്‍ പറഞ്ഞ ഫാ. ലിച്ചിഡോ, ദുര്‍മന്ത്രവാദം, കന്നുകാലി മോഷണം, കവര്‍ച്ച എന്നിവ കാരണം മലിണ്ടി രൂപതയിലെ പല ഇടവകകളുടെയും നടത്തിപ്പ് സ്തംഭിച്ചിരിക്കുകയാണെന്നും വെളിപ്പെടുത്തി.

മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗാരിസ്സാ രൂപതയില്‍ ക്രൈസ്തവ വിശ്വാസം വേരുപിടിക്കുവാന്‍ തന്നെ കഷ്ടപ്പെടുകയാണ്. മാര്‍സാബിറ്റ് രൂപതയിലെ വൈദികര്‍ കൊടിയ ചൂടിന്റേയും, അരക്ഷിതത്വത്തിന്റേയും നടുവിലാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. കെനിയയിലെ പ്രേഷിതപ്രവര്‍ത്തനങ്ങളെ സഹായിക്കണമെന്ന്‍ അഭ്യര്‍ത്ഥിച്ചുക്കൊണ്ട് ഈ ആഴ്ച ആദ്യത്തില്‍ ഫാ. ലുച്ചിഡോ പ്രസ്താവന പുറത്തുവിട്ടിരുന്നു. ഒക്ടോബര്‍ 24-ലെ ലോക മിഷന്‍ ഞായര്‍ ദിനത്തില്‍ നല്‍കുന്ന സംഭാവനകള്‍ വഴി തങ്ങളെ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


Related Articles »