News - 2025

അൽഷബാബ് ഇസ്ലാമിക തീവ്രവാദികളിൽ നിന്നും സർക്കാരിനോട് സംരക്ഷണം ആവശ്യപ്പെട്ട് കെനിയന്‍ ക്രൈസ്തവർ

പ്രവാചകശബ്ദം 19-12-2023 - Tuesday

നെയ്റോബി: ഇസ്ലാമിക തീവ്രവാദികളിൽ നിന്നും നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങളെ തുടർന്ന് സർക്കാരിനോട് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കെനിയയിലെ ക്രൈസ്തവ വിശ്വാസികൾ. കഴിഞ്ഞ ശനിയാഴ്ച ലാമു വെസ്റ്റ് സബ് കൗണ്ടിയിൽ അൽഷബാബ് തീവ്രവാദികൾ എന്ന് കരുതപ്പെടുന്ന അക്രമകാരികൾ മരാഫ, പൊറോമോക്കോ ഗ്രാമങ്ങളിൽ നടത്തിയ രക്തച്ചൊരിച്ചിലിൽ ഒരാൾ കൊല്ലപ്പെടുകയും, ഒന്‍പതോളം ഭവനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു. അക്രമികള്‍ ഒരാളെ വെടിവച്ചാണ് കൊല്ലപ്പെടുത്തിയത്. ഇവിടെ സുരക്ഷ ശക്തമാക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു. തങ്ങൾ അന്വേഷണം നടത്തുകയാണെന്നും, സമൂഹത്തിന് സംരക്ഷണം നൽകുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആശങ്ക ശക്തമാണ്.

വൈന്നേരം ഏഴുമണിക്ക് ആക്രമണം ആരംഭിച്ച സമയത്ത് തന്നെ തങ്ങൾ പോലീസിനെ അറിയിച്ചിരുന്നുവെന്നും, എന്നാൽ വീടുകൾ തകർക്കപ്പെടുകയും, ഒരാളുടെ ജീവൻ നഷ്ടമാവുകയും ചെയ്തുവെന്ന്, കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധു ഫ്രാൻസിസ് മായി പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആഭ്യന്തര മന്ത്രി, ആക്രമണം നടന്ന സ്ഥലം സന്ദർശിക്കാതെ സുരക്ഷാപ്രശ്നം ഇല്ലാത്ത സ്ഥലങ്ങളാണ് സന്ദർശിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒക്ടോബർ മാസം നടന്ന ആക്രമണത്തിന് ശേഷം, ഒരു മാസത്തെ ഇടവേള കഴിഞ്ഞാണ് ഇപ്പോൾ ആക്രമണം ഉണ്ടായിരിക്കുന്നത്.

ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസ് പുറത്തു വിട്ട 2022ലെ ഗ്ലോബല്‍ ടെററിസം ഇന്‍ഡ്ക്‌സിലെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഭീഷണി വിതയ്ക്കുന്ന ഭീകരപ്രസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് അൽഷബാബ്. ഇക്കഴിഞ്ഞ ജൂൺ മാസത്തിനു ശേഷം ക്രൈസ്തവ വിശ്വാസികളെ ലക്ഷ്യംവെച്ച് നിരവധി ആക്രമണങ്ങൾ കെനിയയിലെ ലാമു വെസ്റ്റിൽ നടന്നിരുന്നു. ഇവിടെനിന്ന് നിരവധി ആളുകളാണ് പലായനം ചെയ്തത്. സുരക്ഷാ മന്ത്രാലയം വിഷയത്തില്‍ ഇടപെടണമെന്ന് പ്രാദേശിക സർക്കാർ ദീർഘകാലമായി ആവശ്യപ്പെട്ടുവരികയാണ്. പ്രദേശത്തെ സ്ഥലങ്ങളിൽ സ്ഥിരമായി നടക്കുന്ന ആക്രമണങ്ങൾ ഏതെങ്കിലും മത വിഭാഗത്തെയോ, പ്രത്യേക സമൂഹത്തെയോ ലക്ഷ്യംവെച്ചുള്ളതാണോ എന്നുള്ള ചോദ്യം ലാമുവിൽ നിന്നുളള ജനപ്രതിനിധി അംഗം ഈ മാസം ആദ്യം പാർലമെന്റിൽ ഉന്നയിച്ചിരുന്നു.


Related Articles »