News

വിപ്ലവാനന്തര സുഡാനില്‍ മതന്യൂനപക്ഷ സംരക്ഷണ നടപടികള്‍: പ്രതീക്ഷയോടെ ക്രൈസ്തവ സമൂഹം

പ്രവാചകശബ്ദം 14-08-2021 - Saturday

ക്വാര്‍ത്തൂം: ക്രൈസ്തവര്‍ ഉള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള മതപീഡനത്തിന്റെ കാര്യത്തില്‍ അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും വിമര്‍ശനമേറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന വടക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാന്റെ പ്രതിച്ഛായ അന്താരാഷ്ട്ര തലത്തില്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ സുഡാനി സര്‍ക്കാര്‍ കൈകൊണ്ട നടപടികളില്‍ പ്രതീക്ഷയോടെ ക്രൈസ്തവര്‍. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പുതിയ സുഡാനി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചുള്ള ക്രൈസ്തവരുടെ വിലയിരുത്തല്‍ 'പബ്ലിക് റേഡിയോ ഇന്‍റര്‍നാഷ്ണല്‍’ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പുതിയ സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്ന നടപടികളെ സുഡാനിലെ നിരവധി ക്രൈസ്തവര്‍ സ്വാഗതം ചെയ്യുന്നുന്നുണ്ട്. എന്നാല്‍ മതന്യൂനപക്ഷങ്ങളെ ഉള്‍കൊള്ളുന്ന കാര്യത്തില്‍ രാഷ്ട്രം ഇനിയും ഒരുപാട് ദൂരംമുന്നോട്ട് പോകാനുണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായം. വര്‍ഷങ്ങളോളം അറബ് ഭരണകൂടങ്ങളുടെ കീഴില്‍ കഴിഞ്ഞിരുന്ന സുഡാനി ക്രൈസ്തവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള കടുത്ത മതപീഡനമാണ് നേരിട്ടുകൊണ്ടിരുന്നത്. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം പഴയ അവസ്ഥയില്‍ നിന്നു അല്‍പ്പം അയവുവന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിപ്ലവത്തെത്തുടര്‍ന്ന് 2019-ല്‍ പ്രസിഡന്റ് ഒമര്‍ അല്‍-ബാഷിര്‍ അധികാരത്തില്‍ നിന്നും പുറത്തായ ശേഷമാണ് കാര്യങ്ങളില്‍ അല്‍പ്പം മാറ്റം കണ്ടുതുടങ്ങിയത്.

സുഡാനി മതകാര്യ മന്ത്രി നാസര്‍ എഡ്ഢിന്‍ മൊഫാര സുഡാന്റെ ബഹുസ്വര പൈതൃകത്തെ അംഗീകരിച്ചിട്ടുണ്ട്. ക്രൈസ്തവരും, യഹൂദരും ഉള്‍പ്പെടെ മതപീഡനം സഹിക്കുവാന്‍ കഴിയാതെ പലായനം ചെയ്തവരോട്‌ തിരികെ വരാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രാജ്യത്ത് പ്രാബല്യത്തില്‍ ഇരുന്ന മതപരിവര്‍ത്തന വിരുദ്ധ നിയമം റദ്ദാക്കിയിരിന്നു. പുതിയ സര്‍ക്കാര്‍ ക്രൈസ്തവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നു പുതിയ മാറ്റങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് അതെന്യായിലെ ആന്റിക് ഷോപ്പില്‍ ജോലി ചെയ്യുന്ന കോപ്റ്റിക് ക്രിസ്ത്യാനിയായ വാഗ്ദി ആദില്‍ പറഞ്ഞു.

എന്നാല്‍ മാറ്റങ്ങള്‍ ഒരുപാട് വൈകിപ്പോയെന്ന അഭിപ്രായക്കാരാണ് പലരും. വിപ്ലവാനന്തരം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വളരെ പതുക്കെയാണ് മാറ്റങ്ങള്‍ സംഭവിച്ചതെന്നും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന്‍ ക്രിസ്ത്യാനികള്‍ക്ക് തോന്നണമെങ്കില്‍ കൂടുതല്‍ ആഘോഷങ്ങള്‍ അനുവദിക്കേണ്ടിയിരിക്കുന്നുവെന്നും ‘സുഡാനി കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്’ന്റെ ക്രിസ്ത്യന്‍ അഭിഭാഷകനായ സൈമണ്‍ സുലേമാന്‍ പറഞ്ഞു. ക്രൈസ്തവര്‍ക്ക് പൊതു സ്കൂളുകളില്‍ പ്രവേശനവും, ടിവി-റേഡിയോ എന്നിവയില്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം, മുന്‍ ഭരണകാലത്ത് സര്‍ക്കാര്‍ പിടിച്ചെടുത്ത സഭാ സ്വത്തുക്കള്‍ തിരിച്ചേല്‍പ്പിക്കുക തുടങ്ങിയ നടപടികളും സര്‍ക്കാര്‍ കൈകൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പതിമൂന്നാം സ്ഥാനത്താണ് സുഡാന്‍.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »