News

ഭൂകമ്പത്തിനിരയായ ഹെയ്തിയ്ക്കു അഞ്ചുലക്ഷം ഡോളറിന്റെ അടിയന്തര സഹായവുമായി പൊന്തിഫിക്കല്‍ സംഘടന

പ്രവാചകശബ്ദം 17-08-2021 - Tuesday

പോര്‍ട്ട്‌ ഒ പ്രിന്‍സ്: റിക്ടര്‍ സ്കെയിലില്‍ 7.2 രേഖപ്പെടുത്തിയ അതിതീവ്ര ഭൂകമ്പത്തിനിരയായ കരീബിയന്‍ രാജ്യമായ ഹെയ്തിക്ക് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) അടിയന്തിര സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. അഞ്ചു ലക്ഷത്തിലധികം യൂറോയുടെ അടിയന്തിര സഹായത്തിനാണ് എ.സി.എന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് 14 പ്രാദേശിക സമയം രാവിലെ എട്ടരയോടടുത്തുണ്ടായ ഭൂകമ്പത്തില്‍ ഇന്നലെ വരെ ഏതാണ്ട് ആയിരത്തിമുന്നൂറിലധികം ആളുകള്‍ മരണപ്പെടുകയും, അയ്യായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു.

എസിഎന്‍ പ്രാര്‍ത്ഥനയിലൂടെ ഹെയ്തിക്കൊപ്പമുണ്ടെന്നും, ഭൂകമ്പത്തിനിരയായ ഹെയ്തി ജനതക്ക് അഞ്ചുലക്ഷം യൂറോ (5,89,000 ഡോളര്‍) അടിയന്തിരമായി നല്‍കുമെന്നും സംഘടന പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 2010-ല്‍ മൂന്ന്‍ ലക്ഷം പേരുടെ ജീവനെടുത്ത ഭൂകമ്പത്തിനു ശേഷം ഹെയ്തി നേരിടുന്ന ഏറ്റവും വലിയ ഭൂകമ്പമാണിത്. 2019 മുതല്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കു ഇരയായിക്കൊണ്ടിരിക്കുകയും ഇക്കഴിഞ്ഞ ജൂലൈ ആദ്യത്തില്‍ പ്രസിഡന്റ് ജോവെനെല്‍ മോയ്സെ കൊല്ലപ്പെടുകയും ചെയ്ത ഹെയ്തിയില്‍ നിന്നും ഹൃദയഭേദകമായ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നതെന്നും രാജ്യത്തെ തുടച്ചു നീക്കിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും, തട്ടിക്കൊണ്ടുപോകലുകളും, പ്രകൃതി ദുരന്തങ്ങളെയും തുടര്‍ന്നു പട്ടിണിയിലായ ഹെയ്തിയിലുണ്ടായ ഭൂകമ്പം ആയിരകണക്കിന് കുടുംബങ്ങളെ സമാനതകളില്ലാത്ത ഭീകര സാഹചര്യത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നതെന്നും എ.സി.എന്‍ ചീഫ് എക്സിക്യുട്ടീവ്‌ തോമസ്‌ ഹെയിനെ-ഗെല്‍ഡേണ്‍ പറഞ്ഞു.

അടിയന്തിര ദുരിതാശ്വാസം ആവശ്യമുള്ള ദേവാലയങ്ങളെക്കുറിച്ചറിയുവാന്‍ ഹെയ്തിയിലെ രൂപതകളുമായി തങ്ങള്‍ ബന്ധപ്പെട്ടുവരികയാണ്. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള സ്ഥലങ്ങള്‍ പ്രത്യേകിച്ച് ലെസ് കായെസ്, അന്‍സെ-അ-വ്യൂ, ജെറെമി എന്നീ രൂപതകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ ഒറ്റപ്പെട്ടുപോയ ജെറെമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും എസിഎന്‍ തലവന്‍ അറിയിച്ചു. ദുരന്ത സാഹചര്യത്തില്‍ തന്റെ ജനങ്ങളെ രക്ഷപ്പെടുത്തുവാന്‍ ശ്രമിക്കുന്ന സഭയെ ഒറ്റപ്പെടുത്തുവാന്‍ നമുക്കാവില്ലെന്ന്‍ പറഞ്ഞ ഗെല്‍ഡേണ്‍, കൊടുങ്കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന ആശങ്കയും പങ്കുവെച്ചു. ഹെയ്തി ജനതയ്ക്കു വേണ്ടി രാജ്യത്തിന്റെ മധ്യസ്ഥയും സംരക്ഷകയുമായ നിത്യ സഹായ മാതാവിനോടുള്ള പ്രാര്‍ത്ഥനയോടെയാണ് ഗെല്‍ഡേണിന്റെ പ്രസ്താവന അവസാനിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »