News
സമാധാന ശ്രമങ്ങളെ ദൗര്‍ബല്യമായി കാണരുത്: സുഡാനില്‍ കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് പ്രസിഡന്റ് സല്‍വ കിര്‍
പ്രവാചകശബ്ദം 19-08-2021 - Thursday
ജുബ: ദക്ഷിണ സുഡാനില്‍ രണ്ട് കത്തോലിക്ക കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് പ്രസിഡന്റ് സാല്‍വാ കിര്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം ‘ദക്ഷിണ സുഡാനിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായി പുനരുജ്ജീവിപ്പിച്ച ഉടമ്പടയില്‍ (ആര്‍-എ.ആര്‍.സി.എസ്.എസ്) ഒപ്പുവെക്കാത്ത വിമതര്‍ക്കാണെന്ന് സല്‍വ കിര്‍ ആരോപിച്ചു.
2018-ലെ സമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കാത്തവര്‍ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരല്ലെന്നതിന്റെ തെളിവാണ് ഈ കൊലപാതകങ്ങളെന്നും ദക്ഷിണ സുഡാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി റോമിന്റെ മധ്യസ്ഥതയില്‍ നടന്നുവരുന്ന 'സാന്റ് എഗിഡോ’ സമാധാന ശ്രമങ്ങള്‍ സംബന്ധിച്ച തങ്ങളുടെ നിലപാട് പുനഃപരിശോധിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ ക്രൈസ്തവരുടെ ചരിത്രത്തിലെ ഒരു നാഴികകല്ലായേക്കാവുന്ന ഒരു പരിപാടിയില്‍ പങ്കെടുത്തിട്ട് വന്നവരാണ് ആക്രമണത്തിന് ഇരയായതെന്നും പ്രസിഡന്‍റ് സ്മരിച്ചു.
10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്ന ദക്ഷിണ സുഡാനിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുവാനായിട്ടാണ് വിമതപക്ഷവുമായി ‘റോം പ്രഖ്യാപനത്തില്‍’ ഒപ്പുവെച്ചത്. ഉടമ്പടിയില്‍ ഒപ്പുവെക്കാത്ത വിമതപക്ഷത്തിലെ ചിലര്‍ ഉടമ്പടിയെ ലംഘിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. എല്ലാവരേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമാധാന ശ്രമങ്ങളെ ദൗര്‍ബല്യമായി കാണരുതെന്നും നിരപരാധികളെ കൊല്ലാനുള്ള ജാലകമാക്കി മാറ്റുന്നത് അനുവദിക്കില്ലെന്നും പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.
റോം ആസ്ഥാനമായുള്ള അത്മായ അസോസിയേഷനായ ‘സാന്റ്’എഗിഡിയോ’യുടെ നേതാക്കള്‍ സര്‍ക്കാര്‍ പ്രതിനിധികളും, വിമതപക്ഷത്തിന്റെ പ്രതിനിധികളുമായി കഴിഞ്ഞ മാസം നാലുദിവസത്തെ കൂടിക്കാഴ്ച നടത്തുകയും, അന്താരാഷ്ട്ര പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇരുപക്ഷവും രണ്ടു രേഖകളില്‍ ഒപ്പിടുകയും ചെയ്തിരുന്നു. വെടിനിറുത്തല്‍ സംബന്ധിച്ച ധാരണാപത്രത്തിലും ഇരുവിഭാഗവും ഒപ്പിട്ടതായി സാന്റ്’എഗിഡിയോ നേതാക്കള്‍ അറിയിച്ചിരുന്നു.
ഓഗസ്റ്റ് 16ന് ടോറിറ്റ് രൂപതയിലെ ലോവയിലെ അസ്സംപ്ഷന്‍ ഓഫ് ഔര്‍ ലേഡി ദേവാലയത്തില്‍ നടന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് ശേഷം ജുബയിലേക്ക് പുറപ്പെട്ട ബസില്‍ തിരുഹൃദയ സന്യാസിനീ സഭാംഗങ്ങളായ ഒന്‍പതു കന്യാസ്ത്രീമാരും ഉണ്ടായിരുന്നു. ജുബ-നിമുലെ റോഡില്‍വെച്ച് ബസ് തടഞ്ഞ അക്രമികള്‍ തിരുഹൃദയ സന്യാസിനി സഭയുടെ മുന്‍ സുപ്പീരിയര്‍ ജനറലും, ഉസ്രാ ടൂണ സ്കൂളിലെ പ്രധാന അധ്യാപികയുമായ സിസ്റ്റര്‍ മേരി ഡാനിയലിനേയും, കത്തോലിക്കാ ട്രെയിനിംഗ് സ്ഥാപനത്തിലെ അഡ്മിനിസ്ട്രേറ്ററായ സിസ്റ്റര്‍ റെജീനയേയും ഓടി രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതിനിടയില്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക