News - 2025

അഫ്ഗാനില്‍ തുടരുന്നവരില്‍ കാസര്‍ഗോഡ് സ്വദേശിനിയായ കന്യാസ്ത്രീയും: സുരക്ഷിതയെന്ന് സന്ദേശം

പ്രവാചകശബ്ദം 21-08-2021 - Saturday

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അധിനിവേശത്തിനിടെ ജീവന്‍ പണയംവെച്ച് രാജ്യത്തു തുടരുന്നവരില്‍ കാസര്‍ഗോഡ് സ്വദേശിനിയായ കന്യാസ്ത്രീ കാബൂളിൽ കുടുങ്ങിയതായി റിപ്പോര്‍ട്ട്. കാസർകോട് ബേള പെരിയടുക്ക സ്വദേശിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് മേരി സഭാംഗവുമായ തെരേസ ക്രാസ്റ്റയാണ് കാബൂളിൽ തുടരുന്ന മലയാളി കന്യാസ്ത്രീ. നെല്ലിയാടിയിലെ ഒരു കോൺവെന്റിലും പിന്നീട് മംഗലാപുരം ജെപ്പുവിലെ പ്രശാന്ത് നിവാസ് ആശ്രമത്തിലും സേവനമനുഷ്ഠിച്ചതിന് ശേഷമാണ് സിസ്റ്റര്‍ തെരേസ, അഫ്ഗാനിസ്ഥാനില്‍ എത്തിയത്. പാക്കിസ്ഥാന്‍ സ്വദേശിനിയും ‘സിസ്റ്റര്‍ ഓഫ് ചാരിറ്റി ഓഫ് സെന്റ്‌ ജോവാന്‍ ആന്റിഡ’ സഭാംഗവുമായ സിസ്റ്റര്‍ ഷഹ്നാസ് എന്ന സന്യാസിനിയും ഇവർക്കൊപ്പമുണ്ട്.

അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷ ഭീഷണിയിലും ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുഞ്ഞുങ്ങള്‍ക്ക് ശുശ്രൂഷയും അവര്‍ക്കുള്ള വിദ്യാഭ്യാസപരമായ സഹായവുമാണ് ഇവര്‍ ചെയ്തുക്കൊണ്ടിരിക്കുന്നത്. “സേവ് അഫ്ഗാന്‍ ചില്‍ഡ്രന്‍” എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ആഹ്വാനമനുസരിച്ച് കാബൂളില്‍ സ്ഥാപിക്കപ്പെട്ട പ്രൊ ബാംബിനി ദി കാബൂള്‍ (പി.ബി.കെ) സ്കൂളിലാണ് ഇരുവരുടെയും സേവനം. തീവ്രവാദ ഭീഷണിയിലും പതറാതെ ഇവര്‍ ശുശ്രൂഷയുമായി മുന്നോട്ടു പോകുകയായിരിന്നു. ഇതിനിടെ ഭക്ഷണവും വെള്ളവും ഉൾപ്പെടെ ലഭിക്കുന്നുണ്ടെന്നും സുരക്ഷിതയാണെന്നും സിസ്റ്റർ കാസര്‍ഗോഡുള്ള വീട്ടുകാരെ അറിയിച്ചു. സാഹചര്യം അനുകൂലമായാല്‍ ഇറ്റലിയിലേക്ക് പോകുവാനാണ് സിസ്റ്ററുടെ പദ്ധതി.

അതേസമയം അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിനു സമീപം ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ താലിബാൻസംഘം തടഞ്ഞുവച്ചിരിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. വിമാനത്താവളത്തിലേക്കെത്തിയ 150ഓളം പേരേയാണ് തടഞ്ഞുവച്ചിരിക്കുന്നതെന്നും ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ പൗരന്മാരാണെന്നും അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ചിലരെ പിടിച്ചുകൊണ്ടുപോയതായും സൂചനയുണ്ട്. എന്നാല്‍ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »