News - 2024

പാപ്പ മടങ്ങി: സ്ലോവാക്യന്‍ സന്ദര്‍ശനത്തിലെ സമാപന ബലിയില്‍ പങ്കെടുത്തത് 60,000 വിശ്വാസികള്‍

പ്രവാചകശബ്ദം 16-09-2021 - Thursday

ബ്രാറ്റിസ്ലാവ: നാലു ദിവസം നീണ്ട ഫ്രാന്‍സിസ് പാപ്പയുടെ സ്ലോവാക്യന്‍ സന്ദര്‍ശനത്തിന് സമാപനം. ഇന്നലെ സാസ്റ്റിനിലെ വ്യാകുലമാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിന് പുറത്തു അര്‍പ്പിച്ച ദിവ്യബലിയോടെയാണ് പാപ്പയുടെ വിവിധ സന്ദര്‍ശനപരിപാടികള്‍ക്ക് സമാപനമായത്. വ്യാകുലമാതാവ് വേദനിക്കുന്നവരോടുള്ള സഹാനുഭൂതി നമ്മെ പഠിപ്പിക്കുന്നുവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. സുവിശേഷവെളിച്ചത്തിൽ നമുക്ക് മറിയത്തെ വിശ്വാസത്തിൻറെ മാതൃകയായി കാണാനാകുമെന്നും ചരിക്കുന്ന വിശ്വാസമാണ്, സർവ്വോപരി, മറിയത്തിൻറെതെന്നും പാപ്പ പറഞ്ഞു. നസ്രത്തിലെ യുവതി, അവളുടെ ജീവിതം കൊണ്ടുതന്നെ, എളിയവരെ ഉയർത്തുകയും വമ്പന്മാരെ താഴ്ത്തുകയും ചെയ്തുകൊണ്ട് ലോകത്തിൻറെ യുക്തിയെ തകിടം മറിക്കുന്ന അവിടത്തെ കാരുണ്യപ്രവർത്തിയുടെ പ്രവചനമായി മാറിയെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

നേരത്തെ സ്ലോവാക്യയിലെ ഇടയസന്ദർശനത്തിൻറെ സമാപനദിനമായിരുന്ന ഇന്നലെ ബുധനാഴ്‌ച (15/09/21) രാവിലെ അപ്പസ്തോലിക് കാര്യാലയത്തില്‍ നിന്നു യാത്രപറഞ്ഞതിന് ശേഷമാണ് പാപ്പ, അവിടെ നിന്ന് 71 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സാസ്റ്റിന്‍ മരിയൻ തീർത്ഥാടന കേന്ദ്രത്തില്‍ എത്തിയത്. ഈ ബസിലിക്കയുടെ ചരിത്രം പതിനാറാം നൂറ്റാണ്ടുവരെ പിന്നോട്ടു പോകുന്നതാണ്. ബസിലിക്കയിൽ വച്ച് പാപ്പാ സ്ലോവാക്യയിലെ മെത്രാന്മാരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും പ്രാർത്ഥിക്കുകയും ചെയ്തു. മെത്രാന്മാരുടെ കൂട്ടായ്മയെ പാപ്പ വ്യാകുല നാഥയ്ക്ക് സമർപ്പിക്കുകയും അവളുടെ പുത്രനായ ഈശോ പഠിപ്പിച്ച വാക്കുകളോട് അനുദിനം വിശ്വസ്തരായി നിലകൊള്ളുന്നതിനുള്ള അനുഗ്രഹം യാചിക്കുകയും ചെയ്തു.

ഇതിന് ശേഷം സിലിക്യുടെ അടുത്തുള്ള വിശാലമായ മൈതാനയിൽ വിശുദ്ധ കുർബ്ബാനയ്ക്കായി സമ്മേളിച്ചിരുന്ന വിശ്വാസികളെ പേപ്പൽ വാഹനത്തിൽ വലം വച്ച് അഭിവാദ്യം ചെയ്തു. അതിനുശേഷം വ്യകുലമാതാവിന്റെ തിരുന്നാൾക്കുർബാന അര്‍പ്പിക്കുകയായിരിന്നു. ദിവ്യബലിയുടെ സമാപനാശീർവ്വാദത്തിനു മുമ്പ് ബ്രാറ്റിസ്ലാവ അതിരൂപതയുടെ ആർച്ച്ബിഷപ്പ് സ്തനിസ്ലാവ് സ്വൊളെൻസ്കീ പാപ്പയ്ക്കു നന്ദിയർപ്പിച്ചു. തദ്ദനന്തരം പാപ്പാ സമാപനാശീർവ്വാദം നല്കി. 60,000 വിശ്വാസികളാണ് ദിവ്യബലിയര്‍പ്പണത്തില്‍ നേരിട്ടു പങ്കെടുത്തത്. ലക്ഷങ്ങള്‍ ടെലിവിഷനില്‍ തത്സമയം കണ്ടു.

ദിവ്യബലിയുടെ അവസാനം പാപ്പ ഇടയസന്ദർശനത്തിനുവേണ്ട ഒരുക്കങ്ങൾ ചെയ്ത മെത്രാന്മാർക്കും രാഷ്ട്രപതിക്കും പൗരാധികാരികൾക്കും പലവിധത്തിൽ തങ്ങളുടെ സഹകരണം ഉറപ്പാക്കിയ എല്ലാവർക്കും സ്ലോവാക്യയിലെ സഭകളുടെ സമിതിക്കും അതിൽ നിരീക്ഷകസ്ഥാനം വഹിക്കുന്നവർക്കും തൻറെ കൃതജ്ഞതയർപ്പിച്ചു. ചടങ്ങുകള്‍ക്ക് ശേഷം പിന്നീട് ബ്രാറ്റിസ്ലാവയിലെ വിമാനത്താവളത്തില്‍ എത്തിയ പാപ്പയെ യാത്രയയ്ക്കാൻ സ്ലോവാക്യയുടെ പ്രസിഡൻറ് സുസന്ന കപുടോവ എത്തിച്ചേര്‍ന്നിരിന്നു. ഇരുവരും അല്പ സമയം സ്വകാര്യ സംഭാഷണത്തിലേർപ്പെട്ടു. തുടർന്ന് സൈനികോപചാരം സ്വീകരിച്ച പാപ്പ യാത്രയാകുകയായിരിന്നു.


Related Articles »