News

ജീവന്റെ മൂല്യം ശക്തമായി പ്രഘോഷിച്ച് പോളണ്ടില്‍ അയ്യായിരത്തോളം പേരുടെ റാലി

പ്രവാചകശബ്ദം 21-09-2021 - Tuesday

വാര്‍സോ: ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയില്‍ സെപ്റ്റംബര്‍ 19ന് നടന്ന ‘മാര്‍ച്ച് ഫോര്‍ ലൈഫ് ആന്‍ഡ്‌ ഫാമിലി’ റാലി ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. കൊറോണ പകര്‍ച്ചവ്യാധിയെപ്പോലും വകവെക്കാതെ ചുവപ്പും, വെള്ളയും കലര്‍ന്ന പോളിഷ് പതാകയും, പ്രോലൈഫ് മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായി ഏതാണ്ട് അയ്യായിരത്തോളം പേരാണ് റാലിയില്‍ പങ്കെടുത്തത്. പോളണ്ടിന്റെ പ്രോലൈഫ് ചരിത്രത്തിലെ നാഴികക്കല്ലായ ഗര്‍ഭഛിദ്ര വിരുദ്ധ നിയമം പ്രാബല്യത്തില്‍ വന്നശേഷം നടത്തപ്പെടുന ആദ്യ പ്രോലൈഫ് റാലിയെന്ന പ്രത്യേകതയും ഇക്കൊല്ലത്തെ മാര്‍ച്ച് ഫോര്‍ ലൈഫ് ആന്‍ഡ്‌ ഫാമിലി റാലിയ്ക്കുണ്ട്. സെന്റര്‍ ഫോര്‍ ലൈഫും, ക്രിസ്ത്യന്‍ സോഷ്യല്‍ കോണ്‍ഗ്രസ്സും സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്.

പോളിഷ് പ്രസിഡന്‍റ് ആൻഡ്രസെജ് ഡൂഡ റാലിയുടെ സംഘാടകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സാധാരണഗതിയില്‍ നൂറ്റിനാല്‍പ്പതോളം നഗരങ്ങളില്‍ നടന്നുവന്നിരുന്ന റാലി പകര്‍ച്ചവ്യാധിയുടേതായ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് വാര്‍സോയില്‍ മാത്രമായി ചുരുക്കുകയായിരുന്നു. ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടാതെ, ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്ന പുരുഷന്‍മാര്‍ പോളണ്ടില്‍ ഉണ്ടെന്ന് സൂചന പോളണ്ടിന് മാത്രമല്ല ലോകം മുഴുവനുമായി നല്‍കുവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നു റാലിയുടെ സംഘാടകരില്‍ ഒരാളായ പാവെല്‍ ഒസ്ഡോബ പ്രസ്താവിച്ചു.

പോളിഷ് മെത്രാന്‍സമിതി പ്രസിഡന്റായ മെത്രാപ്പോലീത്ത സ്റ്റാനിസ്ലോ ഗാഡെക്കി സമൂഹമാധ്യമത്തിലൂടെ റാലിയില്‍ പങ്കെടുത്തവര്‍ക്ക് ആശംസകള്‍ നേര്‍ന്നു. സമീപകാലത്ത് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട സ്റ്റെഫാന്‍ വിസിന്‍സ്കിയേയും മദര്‍ എല്‍സ്ബിയറ്റാ റോസാ ക്സാക്കായെയും പരാമര്‍ശിച്ചുക്കൊണ്ടായിരിന്നു മെത്രാപ്പോലീത്തയുടെ ട്വീറ്റ്. ജീവിക്കുവാനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ടെന്നും, മാനുഷികതയുടെ അമൂല്യമായ നന്മയാണ് കുടുംബമെന്നും കാണിച്ചുകൊടുക്കുവാന്‍ വാഴ്ത്തപ്പെട്ടവരായ കര്‍ദ്ദിനാള്‍ വിസിന്‍സ്കിയും, മദര്‍ ക്സാക്കായും സഹായിക്കട്ടെയെന്നും മെത്രാപ്പോലീത്ത ട്വിറ്ററില്‍ കുറിച്ചു.

വാര്‍സോയിലെ ഹോളി ക്രോസ് ദേവാലയത്തില്‍വെച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് റാലി അവസാനിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22നാണ് വാര്‍സോയിലെ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ട്രിബ്യൂണല്‍ വൈകല്യമുള്ള ഭ്രൂണങ്ങളെ അബോര്‍ഷന്‍ വഴി ഇല്ലാതാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചത്. അപ്പീല്‍ പോലും സാധ്യമല്ലാത്ത ഈ വിധി രാജ്യത്തെ അബോര്‍ഷന്‍ നിരക്കില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »