News

ക്രൈസ്തവ സമൂഹത്തിന് പുതുപ്രതീക്ഷ: മൊസൂളില്‍ ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ദേവാലയ മണി മുഴങ്ങി

പ്രവാചകശബ്ദം 22-09-2021 - Wednesday

മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കനത്ത ആക്രമണം അഴിച്ചുവിട്ട ഇറാഖിലെ മൊസൂളില്‍ ക്രൈസ്തവ സമൂഹത്തിന് സന്തോഷത്തിന്റേയും പ്രതീക്ഷയുടേയും പുതു നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ദേവാലയ മണി മുഴങ്ങി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 18-ന് മൊസൂളിലെ മാര്‍ തോമസ്‌ സിറിയക്ക്-കത്തോലിക്കാ ഇടവകയുടെ മണിമാളികക്ക് മുന്നില്‍ തടിച്ചു കൂടിയ വിശ്വാസികളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ ഇടവക വികാരിയായ ഫാ. പിയോസ് അഫാസാണ് മണി മുഴക്കിയത്. 2014-ന് ശേഷം ഇതാദ്യമായാണ് മൊസൂളിലെ ഈ ദേവാലയത്തില്‍ പള്ളിമണി മുഴങ്ങുന്നത്. ലെബനോനില്‍ നിര്‍മ്മിച്ച ദേവാലയ മണിയ്ക്കു 12,000 ഡോളറാണ് ചിലവായത്. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിതമായ ‘ഫ്രാറ്റേര്‍ണൈറ്റ് എന്‍ ഇറാഖ് അസോസിയേഷ’ന്റെ സഹായത്തോടെയായിരുന്നു ദേവാലയ മണി അടക്കമുള്ള കാര്യങ്ങള്‍ പുനരുദ്ധരിച്ചത്.

തീവ്രവാദികള്‍ നശിപ്പിച്ചതു പുനര്‍നിര്‍മ്മിക്കുവാന്‍ ക്രിസ്ത്യന്‍ സമൂഹം നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ഫാ. പിയോസ് ‘ഐ.മീഡിയ’ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികള്‍ തങ്ങളുടെ ദേവാലയങ്ങളും, അള്‍ത്താരകളും, വിശുദ്ധ രൂപങ്ങളും തകര്‍ക്കുകയും, ക്രിസ്തീയ പ്രതീകങ്ങളും, ഗ്രന്ഥങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തുവെന്നും എന്നാല്‍ പുതിയ ദേവാലയമണിയുടെ ഉദ്ഘാടനം ഇടവകയെ സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ നിമിഷമായിരുന്നെന്നും ഈ മണിമുഴക്കം പുതിയൊരു തുടക്കത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 2,000 വര്‍ഷങ്ങളായി ഇറാഖില്‍ ക്രൈസ്തവ സാന്നിധ്യം ഉണ്ടായിരുന്നെന്നും, അവര്‍ക്ക് നഗരത്തില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നുവെന്നും ഈ മണിമുഴക്കം ക്രിസ്ത്യാനികളുടെ തിരിച്ചു വരവിനുള്ള പ്രതീക്ഷയുടെ മണി മുഴക്കമാണെന്നുമായിരുന്നുവെന്നും അദ്ദേഹം മറ്റൊരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. 60,000 ഡോളര്‍ ചിലവ് വരുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ പകുതി തുക സംഭാവന ചെയ്തത് ഫ്രാറ്റേര്‍ണിറ്റിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറ് മാസങ്ങള്‍ക്ക് ശേഷവും ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനം നിങ്ങളുടെ ഇടവകയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട നിമിഷം തന്നെയാണോ? എന്ന ചോദ്യത്തിന് ക്രൈസ്തവരെ സ്വീകരിക്കുവാന്‍ കാത്തിരുന്ന മുസ്ലീം സമൂഹത്തിന് ലഭിച്ച ഒരു പ്രോത്സാഹനമായിരുന്നു പാപ്പയുടെ സന്ദര്‍ശനമെന്നും, തകര്‍ന്ന നഗരത്തിന്റെ പുനര്‍നിര്‍മ്മാണവും, ക്രൈസ്തവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും സംബന്ധിച്ച പ്രതീക്ഷ പകരുവാന്‍ പാപ്പയുടെ സന്ദര്‍ശനം കാരണമായെന്നുമായിരുന്നു മറുപടി.

ഇപ്പോള്‍ വളരെ കുറച്ച് ക്രിസ്ത്യാനികള്‍ മാത്രമാണ് മൊസൂളില്‍ ഉള്ളത്. മുന്‍കാലങ്ങളില്‍ 300 കുടുംബങ്ങള്‍ ഉണ്ടായിരുന്ന തന്റെ ഇടവകയില്‍ ഇപ്പോള്‍ വെറും 30 കുടുംബങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ഫാ. പിയോസ് വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ്സും ആഭ്യന്തര യുദ്ധവും ഏല്‍പ്പിച്ച മുറിവുകളെയും തുടര്‍ന്നു രാജ്യത്തു നിന്ന് പതിനായിരകണക്കിന് ക്രൈസ്തവരാണ് പലായനം ചെയ്തത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »