News - 2024

ഐ‌എസില്‍ ചേക്കേറിയത് 100 മലയാളികള്‍, മഹല്ല് കമ്മറ്റി ഉള്‍പ്പെടുത്തി ഡീ റാഡിക്കലൈസേഷന്‍ പുനഃരാരംഭിക്കും: കേരളത്തില്‍ വേരൂന്നിയ തീവ്രവാദം പരോക്ഷമായി സ്ഥിരീകരിച്ച് മുഖ്യമന്ത്രി

പ്രവാചകശബ്ദം 23-09-2021 - Thursday

തിരുവനന്തപുരം: ലോകത്തെ മൊത്തം ഭീതിയിലാഴ്ത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ഗ്രൂപ്പുകളിലേക്ക് ചേക്കേറിയവരില്‍ നൂറു മലയാളികള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 2019 വരെയുള്ള കണക്കുകളാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. ഇത് കേരളത്തില്‍ വേരൂന്നിയിരിക്കുന്ന ഇസ്ലാമിക തീവ്രവാദം മുഖ്യമന്ത്രി പരോക്ഷമായി സ്ഥിരീകരിക്കുന്നതാണെന്നാണ് സൂചന. യുവതീയുവാക്കള്‍ മതതീവ്ര നിലപാടുകളില്‍ ആകൃഷ്ടരായി തീവ്രവാദ സംഘടനകളിലും മറ്റും എത്തിപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു.

തീവ്ര മതനിലപാടുകളിലൂടെ ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി യുവാക്കള്‍ വഴിതെറ്റാതിരിക്കാന്‍ വിവിധ ജില്ലകളിലെ മഹല്ലുകളിലെ പുരോഹിതന്‍മാരെയും മഹല്ല് ഭാരവാഹികളെയും ഉള്‍പ്പെടുത്തി കൗണ്ടര്‍ റാഡിക്കലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടായിരിന്നുവെന്നും കോവിഡ് പശ്ചാത്തലത്തില്‍ 2020-ല്‍ പ്രോഗ്രാം നിര്‍ത്തിയെന്നും ഇത് ഉടനെ പുനഃരാരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് മുന്‍കൈ എടുത്ത് 2018 മുതല്‍ നടത്തുന്ന ഡീ റാഡിക്കലൈസേഷന്‍ പരിപാടി തീവ്ര മതനിലപാടുകള്‍ സ്വീകരിക്കുകയും ഐഎസ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്യുന്നവരെ ലക്ഷ്യംവെച്ചായിരിന്നു. ​

നേരത്തെ താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ കൈയടക്കിയപ്പോള്‍ തീവ്രവാദികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നിരവധി മലയാളി പ്രൊഫൈലുകളില്‍ നിന്ന് പോസ്റ്റ് പങ്കുവെയ്ക്കപ്പെട്ടിരിന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ജമാത്ത് ഇസ്ലാമിയുടെ കീഴിലുള്ള 'മാധ്യമം' പത്രത്തില്‍ താലിബാന്റെ അധിനിവേശത്തെ മഹത്വവത്ക്കരിച്ചതും വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. മാധ്യമം പത്രത്തെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തുവന്നതും കേരളീയ സമൂഹത്തെ സംബന്ധിച്ചിടത്തോളം വലിയ ഞെട്ടല്‍ ഉളവാക്കിയ സംഭവമായിരിന്നു. ഇതിനിടെയാണ് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പ്രവേശിച്ചവരില്‍ 100 മലയാളികള്‍ ഉണ്ടെന്ന വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുന്നത്.


Related Articles »