Arts
അപകടം നിറഞ്ഞ സ്ഥലങ്ങളില്‍ മിഷ്ണറിമാരെ എത്തിക്കുന്ന പൈലറ്റുമാരുടെ കഥ പ്രദര്‍ശനത്തിന്
പ്രവാചകശബ്ദം 04-10-2021 - Monday
യേശുവിന്റെ സുവിശേഷം ലോകത്തിന്റെ വിദൂര മേഖലകളില്‍ പോലും എത്തിക്കുവാന്‍ ഏറ്റവും അപകടം നിറഞ്ഞ സാഹചര്യങ്ങളിലൂടെ മിഷ്ണറിമാരേയും കൊണ്ട് പറക്കുന്ന 'മിഷന്‍ ഏവിയേഷന്‍ ഫെല്ലോഷിപ്പ്' (എം.എ.എഫ്) അംഗങ്ങളായ പൈലറ്റുമാരുടെ കഥപറയുന്ന ഡോക്യുമെന്ററി ചലച്ചിത്രം പ്രദര്‍ശനത്തിന്. ചേഞ്ച് മീഡിയയുടേയും, മിഷന്‍ എവിയേഷന്‍ ഫെല്ലോഷിപ്പിന്റേയും പങ്കാളിത്തത്തോടെ മൂഡി ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് “എന്‍ഡ്സ് ഓഫ് ദി എര്‍ത്ത്” എന്ന് പേരിട്ടിരിക്കുന്ന പുതിയ ഡോക്യുമെന്ററി സിനിമ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. യേശു ചുമതലപ്പെടുത്തിയിരിക്കുന്ന മഹത്തായ സുവിശേഷദൗത്യം നിര്‍വഹിക്കുന്നതില്‍ വ്യാപൃതരായിരിക്കുന്ന മിഷ്ണറിമാരേയും, ദേവാലയങ്ങളേയും, സഭാ സംഘടനകളേയും സഹായിച്ചു കൊണ്ടിരിക്കുന്ന ‘എം.എ.എഫ്’ പൈലറ്റുമാരുടെ പ്രവര്‍ത്തനങ്ങളും വിശ്വാസവുമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. ഒക്ടോബര്‍ 18നും 21നും രാത്രി 7 മണിക്ക് തെരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലാണ് ഇവ പ്രദര്‍ശിപ്പിക്കുക.
മൂഡി ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് മാര്‍ക്ക് ജോബ്, എം.എ.എഫ് പ്രസിഡന്റ് ഡേവിഡ് ഹോള്‍സ്റ്റെന്‍ തുടങ്ങിയ ക്രിസ്ത്യന്‍ നേതാക്കളും മൂഡി ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റാഫും, എം.എ.എഫ് പൈലറ്റ്‌മാരുമായുള്ള അഭിമുഖങ്ങളും ഡോക്യുമെന്ററിയിലുണ്ട്. സുവിശേഷ പ്രഘോഷണത്തിന് പരിശീലനം നല്‍കുകയും സാധന സാമഗ്രികള്‍ നല്‍കുകയും ചെയുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന റാഡിക്കല്‍ എന്ന സംഘടനയുടെ സ്ഥാപകനും, മക്ലീന്‍ ബൈബിള്‍ ചര്‍ച്ചിന്റെ പാസ്റ്ററുമായ ഡേവിഡ് പ്ലാറ്റിന്റെ അഭിമുഖവും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്ത് ദശലക്ഷകണക്കിന് ആളുകള്‍ക്ക് സുവിശേഷം ശ്രവിക്കുവാനുള്ള സൗകര്യങ്ങള്‍ ഇല്ലെന്നും, ഭൂമിശാസ്ത്രപരമായ തടസ്സങ്ങളും, സാമൂഹിക, രാഷ്ട്രീയ, മതപരമായ ഒറ്റപ്പെടലുകളുമാണ് ഇതിന്റെ കാരണമെന്നും എം.എ.എഫ് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ 75 വര്‍ഷങ്ങളായി ലോകത്തിന്റെ വിദൂര മേഖലകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് വിമാനമാര്‍ഗ്ഗം സുവിശേഷമെത്തിക്കുവാനും, അവര്‍ക്ക്, സഹായം നല്‍കുവാനുമുള്ള ദൗത്യത്തിലാണ് എം.എ.എഫ്. മെഡിക്കല്‍ വിദഗ്ദരേയും, മിഷണറിമാരേയും, മനുഷ്യാവകാശ പ്രവര്‍ത്തകരേയും സഹായിക്കുവാന്‍ വിമാനങ്ങളുടെ ഒരു നിര തന്നെ സംഘടനക്കുണ്ട്. അപകടകരമായ വെല്ലുവിളികള്‍ ഏറ്റെടുത്ത് മിഷ്ണറിമാരേയും കൊണ്ട് പറക്കുന്ന പൈലറ്റുമാരുടെ കഥപറയുന്ന 'എന്‍ഡ്സ് ഓഫ് ദി എര്‍ത്ത്' ലോകത്തെ വിദൂര ഗ്രാമങ്ങളേയും, പ്രകൃതി ഭംഗിയേയും അടുത്തറിഞ്ഞു കാണുവാനുള്ള അവസരം കൂടിയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ദേശവ്യാപകമായി തിയേറ്ററുകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് കൊളൈഡ് മീഡിയ ഗ്രൂപ്പിന്റെ സഹകരണത്തോടെ വന്‍ പരിപാടികള്‍ക്കാണ് എം.എ.എഫ് പദ്ധതിയിട്ടിരിക്കുന്നത്.
![](/images/close.png)