News - 2025

വെടിനിര്‍ത്തൽ നിലവിൽ വന്നെങ്കിലും ജനങ്ങൾ കഴിയുന്നത് ദയനീയ സാഹചര്യത്തില്‍; വെളിപ്പെടുത്തലുമായി കോംഗോ ബിഷപ്പ്

പ്രവാചകശബ്ദം 06-02-2025 - Thursday

ബ്രാസവില്ലെ: ജനുവരി അവസാനത്തോടെ സായുധസംഘർഷങ്ങൾ ആരംഭിച്ച കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ വെടിനിറുത്തൽ നിലവിൽ വന്നെങ്കിലും സാധാരണജനം കടുത്ത ഭീതിയിലാണെന്ന് കോംഗോ ബിഷപ്പ്. ജനുവരി 27ന് വിമതസംഘടനയായ M23 ഗോമ പിടിച്ചടക്കിയിരുന്നു. മരുന്നുകളുടെ ക്ഷാമം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മൂലം രോഗികളും പരിക്കേറ്റവരും കടുത്ത ബുദ്ധിമുട്ടിലാണെന്ന് ഗോമ രൂപതാദ്ധ്യക്ഷൻ ബിഷപ് വില്ലി എൻഗുംബി എൻഗെൻഗെലെ പറഞ്ഞു. ആശുപത്രികളും അഭയാർത്ഥികളും ദുരിതാവസ്ഥയിലാണ്. സാധാരണജനം കടുത്ത ഭീതിയിലാണ് കഴിയുന്നത്. ആശുപത്രികളിലെയും അഭയാർത്ഥി കേന്ദ്രങ്ങളുടെയും സ്ഥിതിഗതികൾ ആശാവഹമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ജനങ്ങൾ ഭവനങ്ങളിൽനിന്ന് പുറത്തിറങ്ങാൻ മടിക്കുന്നുണ്ട്, വലിയൊരു ശതമാനം സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. ഏറെ ദിവസങ്ങൾ നീണ്ടുനിന്ന ആക്രമണങ്ങളിൽ നിരവധി സ്കൂളുകൾ ഭാഗികമായോ പൂർണ്ണമായോ തകർന്നിട്ടുണ്ട്. രാജ്യത്തെ ആശുപത്രികളിലെ സ്ഥിതിഗതികൾ പ്രതീക്ഷാവഹമല്ല. രോഗികളും സംഘർഷങ്ങളിൽ പരിക്കേറ്റവരുമായി, ആശുപത്രിയിലെത്തുന്നവർക്ക്, മരുന്നിന്റെയും, ചികിത്സ ഉപകരണങ്ങളുടെയും കുറവ് മൂലം ശരിയായ രീതിയിൽ ശുശ്രൂഷ ഉറപ്പാക്കാനാകുന്നില്ല. ഇന്റർനെറ്റ് സൗകര്യം വിവിധയിടങ്ങളിൽ മുടങ്ങിയിരിക്കുകയാണെന്നും, ജനങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ താത്കാലിക പരിഹാരങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.

സംഘർഷങ്ങൾ ആരംഭിക്കുന്നതിന് മുൻപ്, ഗോമായിൽ മാത്രം വടക്കൻ കിവു പ്രദേശത്തുനിന്നുള്ള ഏതാണ്ട് പത്ത് ലക്ഷത്തോളം അഭയാർത്ഥികളാണുണ്ടായിരുന്നത്. എന്നാൽ സംഘർഷത്തെത്തുടർന്ന് അഭയാർത്ഥി ക്യാമ്പുകൾ അടച്ചതിനാൽ അവിടെയുണ്ടായിരുന്ന ജനം തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരികെപ്പോകാൻ നിർബന്ധിതരായി. ഗോമായിൽ തുടരുന്നവർ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റുവാണ്ടയുടെ പിന്തുണയുള്ള എം23 വിമതർ രാജ്യത്തിൻ്റെ കിഴക്കൻ ഭാഗത്തുള്ള ഗോമ നഗരം നേരത്തെ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞയാഴ്‌ച നോർത്ത് കിവു പ്രവിശ്യയുടെ തലസ്ഥാനമായ ഗോമയിൽ കോംഗോ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടത്തിൽ 900 പേരാണ് കൊല്ലപ്പെട്ടത്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »