News - 2025
യുദ്ധത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രാർത്ഥിക്കാൻ വീണ്ടും ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 06-02-2025 - Thursday
വത്തിക്കാന്‍ സിറ്റി: യുക്രൈൻ, ഇസ്രായേൽ, പാലസ്തീന്‍ എന്നിവിടങ്ങളിലേതുൾപ്പെടെ, യുദ്ധത്തിന്റെ ദുരിതങ്ങളിലൂടെ കടന്നുപോകുന്ന ജനങ്ങൾക്കുവേണ്ടി പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. ഇന്നലെ ഫെബ്രുവരി 5 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച വേളയിലാണ് പാലസ്തീനിലെ അഭയാർത്ഥികൾ ഉൾപ്പെടെയുള്ള സംഘർഷങ്ങളുടെ ഇരകൾക്കുവേണ്ടി പാപ്പ പ്രാർത്ഥനകൾ ആവശ്യപ്പെട്ടത്. യുദ്ധം മൂലം കഷ്ടപ്പെടുന്ന ജനങ്ങളെക്കുറിച്ച് ചിന്തിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും പാപ്പ ആഹ്വാനം ചെയ്തു. നിരവധി രാജ്യങ്ങളാണ് യുദ്ധങ്ങൾ മൂലം സഹനത്തിലൂടെ കടന്നുപോകുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പ യുക്രൈൻ, ഇസ്രായേൽ, പാലസ്തീന്‍ എന്നിവിടങ്ങളെ പ്രത്യേകം പരാമർശിച്ചു.
പാലസ്തീൻ അഭയാർത്ഥികളെ പാപ്പ പ്രത്യേകം അനുസ്മരിച്ചു. അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പ ആവശ്യപ്പെട്ടു. പൊതുകൂടിക്കാഴ്ചയുടെ അവസാനം ഇറ്റാലിയൻ ഭാഷക്കാരായ തീർത്ഥാടകരെയും സന്ദർശകരെയും അഭിസംബോധന ചെയ്‌ത് സംസാരിക്കവേയാണ് യുദ്ധങ്ങളും സായുധ സംഘർഷങ്ങളും മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനുള്ള തന്റെ ആഹ്വാനം പാപ്പ പുതുക്കിയത്. ജീവൻ നശിപ്പിക്കുന്ന തിന്മയാണ് യുദ്ധമെന്ന് ഞായറാഴ്ച പാപ്പ ഓർമ്മിപ്പിച്ചിരുന്നു. ജൂബിലി വർഷത്തിന്റെ കൂടെ പശ്ചാത്തലത്തിൽ നിലവിലുള്ള എല്ലാ സംഘർഷങ്ങൾക്കും അറുതി വരുത്താനായി പരിശ്രമിക്കാനും തന്റെ പ്രഭാഷണത്തിൽ പാപ്പാ ആഹ്വാനം ചെയ്തിരുന്നു.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️